ഉരുൾദുരന്തങ്ങളിൽ ഹംസക്ക് കാവലാളിന്റെ മനസ്സ്
text_fieldsതച്ചമ്പാറ: നാട്ടിലെ അത്യാഹിതങ്ങളിൽ മനസ്സുലയുന്ന ഒരാളുണ്ട് തച്ചമ്പാറയിലെ പിച്ചളമുണ്ടയിൽ. രക്ഷാദൗത്യത്തിന്റെ സേവനപാതയിൽ മൂന്നര പതിറ്റാണ്ടിന്റെ നിറവിലുള്ള തച്ചമ്പാറ പിച്ചളമുണ്ട തൊട്ടി കളയൻ ഹംസയാണ് (51) അദ്ദേഹം. ആപത്ഘട്ടങ്ങളിൽ ജീവന് വേണ്ടി യാചിക്കുന്ന നൂറുകണക്കിനാളുകളുടെ രക്ഷകനായത് ദൈവത്തിനോടുള്ള നന്ദി പ്രകടനമാണെന്ന് ഹംസ പറയുന്നു. കുടുംബം പുലർത്താൻ മീൻ കച്ചവടം. അത് കഴിഞ്ഞുള്ള സമയം മുഴുവൻ സേവന നിരതൻ. 15 വയസ്സ് മുതൽ തുടങ്ങിയ രക്ഷാപ്രവർത്തനങ്ങൾ ഇപ്പോഴും ജീവിതോപാസന തന്നെ ഇദ്ദേഹത്തിന്.
കാഞ്ഞിരപ്പുഴ അണക്കെട്ടിൽ മുങ്ങിത്താണ കരങ്ങളെ കൈ പിടിച്ച് ജീവിതത്തിലേക്ക് ആനയിച്ച് തുടങ്ങിയ സേവനം കാഞ്ഞിരപ്പുഴ, തച്ചമ്പാറ പഞ്ചായത്തുകളിലും അയൽ പ്രദേശങ്ങളിലും വ്യാപിച്ച് കിടക്കുന്നു. തന്റെ മീൻ കച്ചവടത്തിനിടക്കാവാം ആരെങ്കിലും കിണറ്റിലോ കുളത്തിലോ അപകടത്തിൽപ്പെട്ടെന്ന ഫോൺ സന്ദേശം ലഭിക്കുക.
ഉടനെ രക്ഷാദൗത്യവുമായി ഓടിയെത്തും. പ്രളയകാലത്തും ഉരുൾപ്പൊട്ടലിലും കാഞ്ഞിരപ്പുഴ പൂഞ്ചോല, പാലക്കയം, അച്ചിലട്ടി മലമ്പ്രദേശ മേഖലയിൽ മലയുടെ താഴ്വാര വാസികളെ രക്ഷിക്കാനുള്ള സംഘത്തിലും അദ്ദേഹമെത്തി. ബ്രഹ്മപുരം മാലിന്യ പ്ലാൻറിലെ തീപിടിത്തം അണക്കാനും വെള്ളിയാറിലും വട്ടപ്പാറ ചോലയിൽ കുണ്ടിലും ഒഴുക്കിൽപ്പെട്ടയാളെ തെരയാനും അദ്ദേഹം പോയിരുന്നു. ഏറ്റവും ഒടുവിൽ വയനാട് ചൂരൽമലയിലെ രക്ഷാദൗത്യത്തിലും പങ്കാളിയായി.
പിച്ചളമുണ്ട വാർഡ് പ്രദേശത്ത് പൊതുകിണർ കുഴിക്കാൻ കൈവശമുള്ള മൂന്ന് സെൻറ് പുരയിടത്തിലെ അര സെൻറ് സ്ഥലം കിണർ കുഴിക്കാൻ പഞ്ചായത്തിന് കൈമാറി. ബാക്കിയുള്ള രണ്ടര സെന്റിലെ കൊച്ച് വീട്ടിലാണ് താമസം. വിവാഹിതയായ ബുസ്താന ഷെറിൻ ഷിഹാബ്, വിദ്യാർഥികളായ മിൻഹാജ്, മിഥിലാജ് എന്നിവരാണ് മക്കൾ. സഹധർമിണി ബുഷ്റയുടെ പിന്തുണയും ഇദ്ദേഹത്തിനുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.