2018ലെ ഉരുൾപൊട്ടൽ: മണിക്കും ഭാര്യക്കും നടുക്കുന്ന ഓർമ
text_fieldsചെറുതോണി: 2018ലെ പ്രളയത്തിൽ ഗാന്ധിനഗർ കോളനിയിലുണ്ടായ വൻ ഉരുൾപൊട്ടലിൽ പൊന്നോമനകളും മാതാപിതാക്കളും നഷ്ടപ്പെട്ടതിെൻറ തീരാദുഃഖത്തിൽനിന്ന് ശാന്തിനിലയം വീട്ടിൽ മണിയും ഭാര്യ ശരണ്യയും ഇനിയും കരകയറിയിട്ടില്ല.
അഞ്ചു വർഷം മുമ്പ് രാജ്യം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോഴാണ് മണിയുടെ മാതാപിതാക്കളായ വനരാജ് (60), കലാവതി (53), മക്കളായ വിഷ്ണു (4), വൈഷ്ണവി (ഒന്ന്) എന്നിവരെ ആർത്തലച്ചെത്തിയ ഉരുൾ വിഴുങ്ങിയത്. വീട്ടിലെ കിടപ്പുമുറിയിൽ മൊബൈൽ ഫോണിൽ കളിച്ചു കൊണ്ടിരുന്ന മൂത്തമകൻ വിഷ്ണുവിനൊപ്പം സമയം ചെലവിടുകയായിരുന്നു.
ഭാര്യ അടുക്കള ജോലിയിലായിരുന്നു. അമ്മയും വീട്ടിലുണ്ടായിരുന്നു. വീടിന് മുകളിലായുള്ള ഷെഡിൽ അച്ഛനും ഇളയ മകൾ വൈഷ്ണവിയും ഉറക്കത്തിലായിരുന്നു. പെട്ടെന്നാണ് ഗാന്ധിനഗർ കോളനിമലയുടെ മുകൾ ഭാഗത്തുനിന്ന് ഉരുൾപൊട്ടി പതിച്ചത്. പെട്ടെന്ന് ഭാര്യയുടെ കൈപിടിച്ച് പുറത്തെത്തിച്ചു. തിരിഞ്ഞ് നോക്കുമ്പോൾ വിഷ്ണു ഒലിച്ചുപോയിരുന്നു. വീട്ടിലേക്ക് ഓടിയെങ്കിലും അമ്മയുടെ ശരീരം മണ്ണിൽ പുതയുന്നതു നോക്കി നിൽക്കാനേ കഴിഞ്ഞുള്ളൂ. അച്ഛനെയും ഇളയ കുട്ടിയെയും ഉരുൾ വിഴുങ്ങി.
മണ്ണിൽ നിന്നു അമ്മയുടെ ശരീരം പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും മണിയും അരക്കൊപ്പം ചളിയിലേക്കു താഴ്ന്നു പോയിരുന്നു. വലിയ കോൺക്രീറ്റ് സ്ലാബ് വന്നിടിച്ച് കാലൊടിഞ്ഞു. പിന്നീടൊന്നും ഓർമയില്ല. കണ്ണുതുറക്കുമ്പോൾ ആശുപത്രിയിലായിരുന്നു. സർക്കാർ നഷ്ടപരിഹാരവും വീടും നൽകി. ചെറുതോണി ടൗണിൽ തേപ്പുകട നടത്തിയാണ് മണിയും ഭാര്യയും കഴിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.