ലത്തീഫിന്റെ കൈയിലുണ്ട്, ചരിത്രം പകർത്തിയ ശേഖരം
text_fieldsപൊന്നാനി: ഇരുനൂറോളം രാജ്യങ്ങളുടെ കറൻസികളും വ്യത്യസ്ത തരം സ്റ്റാമ്പുകളും ലത്തീഫിന്റെ ശേഖരത്തിലുണ്ട്. എന്നാൽ, നിരവധി പേർ ഇത്തരത്തിൽ കറൻസി, സ്റ്റാമ്പ് കലക്ഷൻ നടത്തുന്നില്ലേയെന്ന ചോദ്യമുയർന്നാൽ കൃത്യമായ ഉത്തരമുണ്ട് ലത്തീഫിന്. ഓരോ കറൻസിയുടെയും ആ രാജ്യത്തിന്റെയും സമ്പൂർണ വിവരങ്ങളും ലത്തീഫിന്റെ പക്കലുണ്ട്. നാണയങ്ങൾ, കറൻസികൾ എന്നിവക്ക് പുറമെ വിവിധ രാജ്യങ്ങളുടെ പത്രങ്ങൾ, സിം കാർഡുകൾ, പക്ഷിത്തൂവലുകൾ, പഴയ സിനിമ നോട്ടീസുകൾ തുടങ്ങി അപൂർവതകളുടെ നീണ്ട പട്ടികയാണ് പൊന്നാനി സ്വദേശിയായ പൂളക്കൽ ലത്തീഫിന്റെ പക്കലുള്ളത്. ടിപ്പു സുൽത്താന്റെ കാലത്തിറങ്ങിയ അതിപുരാതന നാണയം മുതൽ തിബത്തിലെ കൈകൊണ്ട് നിർമിച്ച നോട്ടുകൾ വരെ ലത്തീഫിന്റെ ശേഖരത്തിലെ സവിശേഷതയാണ്.
ഒമ്പതാം ക്ലാസിൽനിന്ന് തുടങ്ങിയ അപൂർവതകളോടുള്ള പ്രണയം 36ാം വയസ്സിലും നിലച്ചിട്ടില്ല. 2006 ൽ മിലിട്ടറി റിക്രൂട്ട്മെന്റിന് വേണ്ടി ഡൽഹിയിലെത്തിയപ്പോൾ സി.ആർ.പി.എഫ് ഓഫിസറായ കശ്മീർ സ്വദേശി എം.എ. അക്ബർ നൽകിയ ഒരുരൂപ നോട്ടിൽ ഇന്ത്യയുടെ ഫിനാൻസ് സെക്രട്ടറിയായിരുന്ന കെ.ജി. അംബേ ഗോൽക്കറുടെ കൈയൊപ്പുണ്ട്. 1950 ൽ പുറത്തിറങ്ങിയ ഈ നോട്ടിന് നാണയ-കറൻസികൾ ശേഖരിക്കുന്നവർക്കിടയിൽ 25,000 രൂപക്ക് മുകളിലാണ് വിലയുള്ളത്. ഇന്ത്യയുടെ വിവിധയിടങ്ങളിൽനിന്നും വിവിധ രാജ്യങ്ങളിൽനിന്നുമാണ് ഇദ്ദേഹം അപൂർവ നാണയങ്ങളും കറൻസികളുമുൾപ്പെടെ സ്വന്തമാക്കിയത്.
കുവൈത്തിലെ സ്വകാര്യ റിഗ് കമ്പനിയിൽ ജോലി ചെയ്യുന്ന ലത്തീഫ് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും ദുബൈ ഷോപ്പിങ് ഫെസ്റ്റിവലിലും പ്രദർശനം സംഘടിപ്പിച്ചിട്ടുണ്ട്. ലത്തീഫിന്റെ അപൂർവതകൾ തേടിയുള്ള യാത്രയുടെ അംഗീകാരമെന്നോണം നിരവധി പുരസ്കാരങ്ങളും ഈ യുവാവിനെ തേടിയെത്തിയിട്ടുണ്ട്. മലപ്പുറം ന്യൂമിസ്മാറ്റിസ് ക്ലബ് സമ്മാനിച്ച ലത്തീഫിന്റെ ജനനത്തീയതിയിൽ ഇറക്കിയ 10 രൂപ നോട്ട് ഏറെ സന്തോഷത്തോടെയാണ് ശേഖരത്തിൽ സൂക്ഷിക്കുന്നത്. ലത്തീഫിന് പിന്തുണയുമായി കുടുംബവും സുഹൃത്തുക്കളുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.