ചിരിച്ചും ചിരിപ്പിച്ചും, ഒടുവിൽ...
text_fieldsവിടപറഞ്ഞ ഉറ്റസുഹൃത്ത് ഇന്നസെന്റിനെ ക്കുറിച്ചുള്ള ഓർമകൾ നടൻ കുഞ്ചൻ പങ്കുവെക്കുന്നു
ഇന്നച്ചായന്റെ വിയോഗം തീരാനഷ്ടമെന്ന് ഒറ്റവാക്കിൽ ഞാൻ പറയും. ഇതുപോലൊരു മനുഷ്യൻ മലയാള സിനിമയിൽ ഇനി ഉണ്ടാവില്ല. അസുഖബാധിതനാവുന്നതിനു മുമ്പ് അദ്ദേഹത്തെ നേരിൽ കാണാനായി വീട്ടിലേക്ക് പോകാൻ ശ്രമിച്ചിരുന്നു. വരുമ്പൊ വിളിച്ചിട്ട് വരണമെന്ന് ഇന്നസെന്റ് പറഞ്ഞു. എന്നാൽ അന്ന് ആ യാത്ര നടന്നില്ല. കഴിഞ്ഞദിവസം അദ്ദേഹത്തിന്റെ ചേതനയറ്റ ശരീരം കാണാനായിരുന്നു വിധി. ആ സങ്കടം ഉള്ളിലുള്ളതുകൊണ്ട് മൃതദേഹത്തിനരികെ എത്തിയപ്പോൾ അറിയാതെ കരഞ്ഞുപോയി. തമാശയാണ് ഇന്നസെന്റിന്റെ വജ്രായുധം. സിനിമയിൽ ഞാനും കൊമേഡിയനായിരുന്നു. പ്രേക്ഷകരെ ചിരിപ്പിക്കുന്ന ഞങ്ങളുടെ സങ്കടങ്ങൾ പുറത്താരും അറിയാറില്ല. സിനിമയിൽ വന്ന സമയത്ത് ഏറെ കഷ്ടപ്പെട്ടിട്ടുണ്ട് ഞാനും അവനും.
പണ്ടത്തെ കോടമ്പാക്കം കാലത്ത് സിനിമക്കപ്പുറം മറ്റൊന്നും ചിന്തിക്കാനുണ്ടായിരുന്നില്ല. അന്ന് ഞങ്ങളെ പോലുള്ളവർക്ക് വേഷം ലഭിക്കണമെങ്കിൽ ഭാസിച്ചേട്ടൻ വിചാരിക്കണം. ഓരോ സംവിധായകന്റെ അടുത്ത് ചെന്നും വേഷമുണ്ടോ എന്ന് ചോദിക്കും. ഇതിലില്ല, അടുത്തതിൽ നോക്കാം, അല്ലെങ്കിൽ ഭാസിച്ചേട്ടനെ പോയി കാണൂ എന്ന് പറയും. ഭാസിച്ചേട്ടന്റെ അടുത്തെത്തി ചോദിക്കുമ്പോഴാണ് ചെറുതായ എന്തെങ്കിലുമൊരു വേഷം ലഭിക്കുക. ഒരു സിനിമ കഴിഞ്ഞാൽ അടുത്തത് ലഭിക്കാൻ വേഴാമ്പലിനെ പോലെ കാത്തിരിക്കും. ഞാൻ സിനിമയിൽ വന്ന സമയത്തുതന്നെ ഇന്നച്ചനുമുണ്ടായിരുന്നു. എന്നാൽ ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങൾ പിന്നീടാണ് ലഭിക്കുന്നത്.
റാംജി റാവു സ്പീക്കിങ്, അഴകിയ രാവണൻ, ആറാം തമ്പുരാൻ, ഉസ്താദ്, വിയറ്റ്നാം കോളനി, ആവനാഴി, തസ്കരവീരൻ, വല്യേട്ടൻ, കോട്ടയം കുഞ്ഞച്ചൻ, ഗജകേസരിയോഗം, സാക്ഷാൽ ശ്രീമാൻ ചാത്തുണ്ണി തുടങ്ങിയ ഒട്ടനവധി ചിത്രങ്ങളിൽ ഞങ്ങൾ ഒന്നിച്ച് വേഷമിട്ടിട്ടുണ്ട്. ‘കോട്ടയം കുഞ്ഞച്ചൻ’ ആണ് പ്രേക്ഷകശ്രദ്ധ നേടിയ ഞങ്ങളുടെ സിനിമ. അന്നൊക്കെ ഒരു ഷോട്ട് എടുത്തുകഴിഞ്ഞാൽ പിന്നെ രസച്ചരട് പൊട്ടിക്കും. അദ്ദേഹമുള്ള സെറ്റ് എന്ത് രസമാണ്. തമാശയാണ് മുഖ്യം. അതിപ്പൊ എന്നെ കുറിച്ചാകാം. അതുമല്ലെങ്കിൽ വഴിയിൽ എവിടെയോ വെച്ച് കണ്ട ആരെ കുറിച്ചുമാകാം. ആ തമാശകളിൽ നമ്മൾ എല്ലാ വേദനകളും മറക്കും. അത്തരം ബന്ധവും സ്നേഹവുമൊക്കെ ഇന്നത്തെ തലമുറക്ക് അന്യമായി. ഇപ്പോഴുള്ളത് ഒറ്റപ്പെട്ട ജീവിതമാണ്. ഷോട്ട് കഴിഞ്ഞാൽ സ്വന്തം കാരവാനോ മൊബൈൽ ഫോണിലോ ആയിരിക്കും അവർ. കോവിഡ് സമയ വിളികളിൽ ഇന്നച്ചനുമുണ്ടായിരുന്നു. നേരിട്ട് കാണൽ അപൂർവമാണെങ്കിലും സൗഹൃദം നിധിപോലെ സൂക്ഷിച്ചിരുന്നു.
രാഷ്ട്രീയ രംഗത്തും കറകളഞ്ഞ വ്യക്തിയായിരുന്നു അദ്ദേഹം. വളർച്ചയുടെ പടവുകൾ കയറുമ്പോഴും വന്നവഴി മറന്നില്ല. ചാണക്യൻ എന്ന വിശേഷണം അവന് എന്തുകൊണ്ടും ചേരും. ആരെയും വെറുപ്പിക്കില്ല, എന്നാൽ പറയേണ്ടത് കൃത്യമായി പറയും. രാഷ്ട്രീയവും സിനിമയും ഒന്നിച്ച് കൊണ്ടുപോകാനായത് അതുകൊണ്ടാണ്. പണ്ടത്തെ സിനിമ ബന്ധങ്ങളിൽ നിറയെ നന്മയായിരുന്നു. അത്തരം ബന്ധങ്ങളിലൂടെയാണ് പലപ്പോഴും നല്ല സിനിമകൾ ഉണ്ടായത്. ഇന്നസെന്റിന് മാത്രം ചെയ്യാൻ കഴിയുന്ന വേഷങ്ങളുണ്ടായിരുന്നു. അത് അവൻ ചെയ്താലേ ശരിയാകൂ എന്നത് സംവിധായകൻ തന്നെ പറയും. എന്നാലും എനിക്ക് സമയമില്ല, നീ വേണേൽ ചെയ്തോ എന്നു പറഞ്ഞ് എന്നെ കൊണ്ട് അഭിനയിപ്പിക്കും. ഇന്ന് അങ്ങനെ ഒരവസരം ആർക്കെങ്കിലും കിട്ടണമെന്നില്ല. അപ്പൊ കാണുന്നവനെ അപ്പാ എന്ന് വിളിക്കുന്നവരാണ് പലരും. നിലനിൽപ്പിനു വേണ്ടി മറ്റുള്ളവനെ കരിവാരിത്തേക്കാൻ മടിയില്ലാത്തവർ. പണ്ട് അത്തരം സ്വഭാവക്കാർ കുറവായിരുന്നു. അവരെ പ്രത്യേകം തന്നെ തിരിച്ചറിയുകയും ചെയ്യും. ഇന്ന് ആരെയും പൂർണമായി വിശ്വസിക്കാൻ കഴിയില്ല. നസീർ സാറിനെ കുറിച്ചൊക്കെ ഇപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നത് അദ്ദേഹത്തിന്റെ സത്യസന്ധമായ പെരുമാറ്റം കൊണ്ടാണ്. ഇന്നസെന്റിന്റെ മഹത്ത്വങ്ങൾ തലമുറകൾ കഴിഞ്ഞും ഓർക്കും. വലിയൊരു അസുഖം തരണംചെയ്ത് വീണ്ടും സിനിമയിൽ സജീവമായി എന്ന കാര്യംതന്നെ മതി അദ്ദേഹത്തിന്റെ ജീവിതം എല്ലാവർക്കും പ്രചോദനമാകാൻ.
തയാറാക്കിയത്: റഷാദ് കൂരാട്

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.