ആ തുഴ പറയും, അമ്പതാണ്ടിന്റെ പുഴയുടെ കഥ
text_fieldsമൂവാറ്റുപുഴ: ബേബിച്ചേട്ടൻ കടവുകളിൽനിന്ന് കടവുകളിലേക്ക് തുഴയെറിയാൻ തുടങ്ങിയിട്ട് അമ്പതാണ്ട് പിന്നിട്ടു. ചേലാട് കുഴിക്കണ്ടത്തിൽ ബേബി എന്ന 68കാരൻ കാളിയാർ, കോതമംഗലം, തൊടുപുഴയാറുകൾ സംഗമിക്കുന്ന ത്രിവേണി സംഗമത്തിലെ ചന്തക്കടവിനെയും കിഴക്കേക്കര കടവിനെയും പുഴക്കരകാവ് കടവിനെയും ബന്ധിപ്പിച്ച് കടത്തുവള്ളത്തിൽ പതിനായിരങ്ങളെ കടവ് കടത്തിയിട്ടുണ്ടാകും.
1974 ഒക്ടോബർ 24 നാണ് പിതാവ് വർഗീസ് വർക്കിയുടെ പിൻഗാമിയായി ബേബി കടത്തുകാരനായി എത്തിയത്. നൂറ്റാണ്ടുകൾ പിന്നിട്ട മധ്യകേരളത്തിലെ പ്രധാന കടവായിരുന്നു ഇത്. സ്വാതന്ത്ര്യാനന്തരം സംസ്ഥാന പൊതുമരാമത്ത് ഏറ്റെടുത്ത കടവിൽ പി.ഡബ്ല്യു.ഡിയുടെ കടത്തുകാരനായാണ് ബേബി എത്തിയത്. നൂറുകണക്കിനാളുകളായിരുന്നു അക്കാലത്ത് വള്ളത്തിൽ സഞ്ചരിച്ചിരുന്നത്. നാല് വള്ളം സർവിസ് നടത്തിയിരുന്നെങ്കിലും മൂന്ന് കരയിലേക്കും പോകാൻ ആളുകളുടെ തിരക്കായിരുന്നു. എന്നാൽ, 2003ൽ ചാലിക്കടവ് പാലം വന്നതോടെ കടവിന്റെ പ്രതാപം അസ്തമിച്ചു. തിരക്ക് കുറഞ്ഞതോടെ നഗരസഭ രണ്ട് വള്ളം പിൻവലിച്ചു. എന്നാൽ, ബേബി പെൻഷനായ 2013 നവംബർ വരെ പൊതുമരാമത്ത് വകുപ്പ് വള്ളം നിലനിർത്തി.
ഇദ്ദേഹം പടിയിറങ്ങിയതിന് പിന്നാലെ തസ്തികയും വള്ളവും പിൻവലിച്ചു. പിന്നീടിങ്ങോട്ട് നഗരസഭയുടെ കടത്തുകാരനാണ് ഇദ്ദേഹം. പഴയ ആരവങ്ങളും തിരക്കും ഇന്നില്ല. വിദ്യാർഥികൾ അടക്കമുള്ള കുറച്ചാളുകൾ കടത്തിനെ ആശ്രയിക്കുന്നുണ്ട്. രാവിലെ ഏഴിന് കടവിലെത്തുന്ന ഇദ്ദേഹം വൈകീട്ട് 6.30നാണ് മടങ്ങുന്നത്. അവധിയെടുക്കാറില്ല. ഞായറാഴ്ചകളിലും മറ്റു അവധി ദിവസങ്ങളിലും തിരക്കേറും. ആ ദിവസങ്ങളിൽ പുഴയുടെ സൗന്ദര്യം ആസ്വദിച്ച് സവാരിക്കെത്തുന്നവർ ഏറെയാണ്.
മധ്യവേനലവധിക്കാലത്തും തിരക്കേറും. വള്ളത്തിൽ യാത്ര ചെയ്യാൻ നിരവധി കുട്ടികളാണ് എത്തുന്നത്. മൂന്ന് പുഴകളുടെയും അമ്പതാണ്ടിന്റെ കഥയും പറഞ്ഞ് മൂന്നുകടവിലും വള്ളം അടുപ്പിച്ച് ഇവർ കയറിയ കടവിൽ തിരികെയെത്തിക്കും. സന്തോഷത്തോടെ എന്തെങ്കിലും കൊടുത്താൽ അത് വാങ്ങും. നൂറുകണക്കിന് രൂപ വാങ്ങിയാണ് പല സ്ഥലങ്ങളിലും വള്ളസവാരി നടത്തുന്നത്. എന്നാൽ, ഇവിടെ ഇതൊന്നും വേണ്ട. വലിയ മുടക്കൊന്നുമില്ലാതെ മൂന്ന് പുഴകളിലൂടെയും തോണി യാത്ര.
അരനൂറ്റാണ്ടു പിന്നിടുമ്പോഴും ഏറെ സംതൃപ്തിയോടെയാണ് ബേബി ഇന്നും തുഴയെറിയുന്നത്. കാലവർഷത്തിൽ ആർത്തലച്ച് എത്തുന്ന മലവെള്ളപ്പാച്ചിലിൽ നിറയെ ആളുകളുമായി തോണി തുഴഞ്ഞിട്ടുണ്ട്. ദൈവാനുഗ്രഹത്താൽ ഇതുവരെ ഒരു അപകടവും ഉണ്ടായിട്ടില്ലെന്ന് ഇദ്ദേഹം പറയുന്നു. ഇത് ഇനി എത്രനാൾ ഉണ്ടാകുമെന്നറിയില്ല. ത്രിവേണി സംഗമത്തിൽ തൂക്കുപാലം നിർമിക്കാനുള്ള നീക്കത്തിലാണ് നഗരസഭ. ഇത് യാഥാർഥ്യമായാൽ ഈ കടത്തും ഓർമയാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.