ജീവിതം തിരിച്ചു നൽകിയ ഉറപ്പ്; ഉമ്മൻചാണ്ടിയുടെ ഓർമയിൽ സക്കീർ
text_fieldsപൊന്നാനി: തകർന്നുവെന്ന് തോന്നിയ ജീവിതത്തിൽ പ്രകാശം പരത്തിയ ഇടപെടലാണ് പൊന്നാനി അഴീക്കൽ സ്വദേശിയായ ഏഴു കുടിക്കൽ സക്കീറിന് ഉമ്മൻ ചാണ്ടിയെക്കുറിച്ച് ഓർക്കാനുള്ളത്. 2015ലായിരുന്നു സംഭവം. ആഴക്കടലിൽ കപ്പലിന്റെ അവശിഷ്ടങ്ങളിൽ തട്ടി തകർന്ന രണ്ട് ബോട്ടുകളിൽ ഒന്നിന്റെ അമരക്കാരനായിരുന്നു സക്കീർ.
സക്കീറിന്റെ അനസ് എന്ന ബോട്ടിനൊപ്പം അതീഖ് എന്ന ബോട്ടും പൂർണമായും തകർന്നു. മറ്റൊരു ബോട്ടുകാരെത്തിയാണ് ഇവരുടെ ജീവൻ രക്ഷിച്ചത്. ജീവൻ തിരികെ കിട്ടിയെങ്കിലും തകർന്ന ബോട്ട് പുനർനിർമിക്കാൻ ഒരു നിർവാഹവുമില്ലാതെ നിരാശയിലമർന്നിരിക്കുമ്പോഴാണ് അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയെ നേരിൽ കണ്ട് സങ്കടമറിയിച്ചത്.
ദുരിതം കേട്ടയുടൻ പരിഹാരമുണ്ടാക്കാമെന്ന ഉറപ്പുനൽകി. പലപ്പോഴും ബോട്ടപകടങ്ങളിൽ സർക്കാറിന്റെ ഒരു സഹായവും ലഭ്യമാവാത്തതിനാൽ സക്കീർ ആ ഉറപ്പിന് വലിയ പ്രതീക്ഷയൊന്നും വെച്ചിരുന്നില്ല. എന്നാൽ, വൈകാതെ ധനസഹായം ലഭ്യമായതായി ഫിഷറീസ് വകുപ്പിൽ നിന്ന് അറിയിപ്പ് ലഭിച്ചു.
അപകടത്തിൽ പൂർണമായും തകർന്ന ബോട്ടിന് ഒന്നര ലക്ഷം രൂപയും, കാബിനുൾപ്പെടെ തകർന്ന സക്കീറിന്റെ ബോട്ടിന് 75,000 രൂപയും അനുവദിച്ചുകൊണ്ടുള്ള ചെക്ക് ഫിഷറീസ് വകുപ്പിൽനിന്ന് നിറകണ്ണുകളോടെയാണ് ഇവർ കൈപ്പറ്റിയത്. എല്ലാം തകർന്ന നിമിഷത്തിൽ ഉമ്മൻ ചാണ്ടിയുടെ ഇടപെടൽ ഒന്നുമാത്രമാണ് പുതിയ ജീവിതം കരുപ്പിടിപ്പിക്കാൻ സഹായിച്ചതെന്ന് സക്കീർ ഓർക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.