മോനായിയെ തോൽപിക്കാനാവില്ല മക്കളേ
text_fieldsകോട്ടയം: വലതുകൈപ്പത്തിയില്ലാത്ത മോനായി ജോലിക്കെത്തുമ്പോൾ ആദ്യമൊക്കെ കാണുന്നവർക്ക് അമ്പരപ്പായിരുന്നു. ഒറ്റക്കൈ കൊണ്ട് എന്ത് കാണിക്കാനാണെന്ന അവരുടെ ചോദ്യത്തിന് മോനായി മറുപടി കൊടുത്തത് കൈയിൽ ആയുധങ്ങൾ വെച്ചുകെട്ടി പണിയെടുത്താണ്. ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ, പ്ലംബിങ്, ആശാരിപ്പണി, വെൽഡിങ് തുടങ്ങി ഇപ്പോൾ മോനായി ചെയ്യാത്ത ജോലിയില്ല. ഏതു സമയത്ത് പണിക്ക് വിളിച്ചാലും പാഞ്ഞെത്തുന്ന മോനായി നാട്ടുകാർക്കും പ്രിയപ്പെട്ടവനാണ്.
ആർപ്പൂക്കര വില്ലൂന്നി മീനാഴത്തിൽ പരേതനായ ഗോപാലകൃഷ്ണൻ-ലീലാമ്മ ദമ്പതികളുടെ മകനാണ് അഭിലാഷ് എന്ന മോനായി. ജന്മനാ വലതുകൈപ്പത്തിയില്ല. അതിന്റെ പേരിൽ ഇന്നുവരെ സങ്കടം തോന്നിയിട്ടില്ല മോനായിക്ക്. പണിയെടുത്താൽ ആരുടെ മുന്നിലും കൈനീട്ടാതെ ജീവിക്കാം. അല്ലെങ്കിൽ ഭിന്നശേഷിക്കാരനായിപ്പോവും എന്നതായിരുന്നു മോനായിക്ക് ആത്മവിശ്വാസം പകർന്ന ചിന്ത. പത്താം ക്ലാസ് കഴിഞ്ഞതോടെ ഇലക്ട്രോണിക്സ് പഠിക്കാൻ ആഗ്രഹിച്ചു. എന്നാൽ കൈയില്ലാത്ത ആളെ കൂടെ കൂട്ടാൻ ആരും തയാറായില്ല. അതോടെ വാശിയായി. ഒടുവിൽ കുമ്മനം സ്വദേശിയായ ചന്ദ്രനാണ് പണി പഠിപ്പിച്ചത്. അതുകഴിഞ്ഞ് അയ്മനം സ്വദേശിയായ ജോയിയിൽനിന്ന് ഇലക്ട്രിക്കൽ ജോലികൾ പഠിച്ചെടുത്തു. കൈയിൽ കമ്പി ഉപയോഗിച്ച് ഉളി കെട്ടിവെച്ചാണ് പണി ചെയ്യുന്നത്. ആദ്യമൊക്കെ നല്ല വേദനയും നീരുമുണ്ടായി. ഇപ്പോൾ കൈക്ക് കാരിരുമ്പിന്റെ കരുത്തായെന്ന് മോനായി. ഡ്രൈവിങ് അറിയാം. ഏത് വണ്ടിയും അനായാസം ഓടിക്കാനാവും. ചില സിനിമകളിലും മുഖം കാണിച്ചു. ചെറിയ പണിക്കാണെങ്കിലും വിളിച്ചാൽ കൃത്യസമയത്ത് ചെല്ലുന്നതാണ് മോനായിയുടെ ജോലിയിലെ വിജയരഹസ്യം. നാളെ, നാളെ എന്ന് പറയില്ല. അഞ്ചുപൈസ കൂടുതൽ വാങ്ങില്ല. പാവപ്പെട്ടവരാണെങ്കിൽ കൂലി വാങ്ങാതെ ജോലിയെടുക്കാനും തയാർ. കൈയില്ലെന്ന് തനിക്ക് തോന്നിയിട്ടില്ലെന്നാണ് മോനായി പറയുന്നത്.
മറച്ചുപിടിക്കാത്തതിനാൽ എല്ലാവർക്കും അറിയാം. പല കഴിവുകളുമുണ്ടായിട്ടും ഭിന്നശേഷിക്കാരായതിന്റെ പേരിൽ വീടിനകത്ത് ഒതുങ്ങിക്കൂടുന്നവരോട് മോനായിക്ക് പറയാനുള്ളത് കുറവുകളെ അംഗീകാരങ്ങളാക്കാനാണ്. ഭാര്യ ഷീലയും മകൻ പത്താംക്ലാസ് വിദ്യാർഥിയായ ഇമ്മാനുവലും മോനായിക്ക് തുണയായുണ്ട്. ഡ്രൈവിങ് അറിയാമെങ്കിലും കൈപ്പത്തിയില്ലാത്തതിന്റെ പേരിൽ ലൈസൻസ് നിഷേധിക്കുന്നതാണ് 45 കാരനായ മോനായിയുടെ ഏക ദുഃഖം. മുച്ചക്ര സ്കൂട്ടർ ഓടിക്കാൻ മോനായിക്കിഷ്ടമില്ല. താൻ ഭിന്നശേഷിക്കാരനല്ലെന്നാണ് മോനായിയുടെ മറുപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.