പെയിന്‍റിങ്, മിമിക്രി, സിനിമ...; മനസ് തുറന്ന് കോട്ടയം നസീർ
text_fieldsകോവിഡിലും ലോക് ഡൗണിലുംപെട്ട് ലോകം തിരക്കുകളിൽ നിന്ന് ഒഴിഞ്ഞ് നിൽക്കുമ്പോൾ കോട്ടയം നസീർ തിരക്കുകളുടെ ലോകത്താണ്. സിനിമാ നടൻ, അനുകരണ കലയിലെ ചക്രവർത്തി തുടങ്ങിയ തന്‍റെ പതിവ് വേഷങ്ങൾക്ക് അവധി കൊടുത്ത് തന്‍റെ പ്രതിഭാ വൈവിധ്യങ്ങൾ ഇനിയുമുണ്ടെന്ന് ഓർമ്മിപ്പിക്കുകയാണ് കോട്ടയം നസീർ. ചിത്രകാരൻ എന്ന നിലയിൽ മറവിയിൽ പൊടിപിടിച്ചു കിടന്ന വേഷം തിരിച്ചെടുക്കുകയാണ് നസീർ. വരുംകാലം ഈ കോട്ടയം കാരനെ അടയാളപ്പെടുത്തുക സിനിമാ താരമെന്നോ? മിമിക്രി താരമെന്നോ? അതോ മഹാനായ ചിത്രകാരനെന്നോ? തന്‍റെ പെയിന്‍റിങ്, സിനിമ, മിമിക്രി രംഗങ്ങളിലെ അനുഭവങ്ങളും ചിന്തകളും കോട്ടയം നസീർ 'മാധ്യമ' ഒാൺലൈനോട് പങ്കുവെക്കുന്നു.
ലോക് ഡൗൺ നീണ്ടു, പെയിന്‍റിങ്ങുകളും
കഴിഞ്ഞ വർഷം 21 ലോക് ഡൗൺ ദിനങ്ങളിൽ 21 പെയിന്‍റിങ് എന്ന് വിചാരിച്ച് വരച്ചു തുടങ്ങിയതാണ്. ലോക് ഡൗൺ ദിനങ്ങൾ നീണ്ടതോടെ പെയിന്‍റിങ്ങുകളുടെ എണ്ണവും കൂടി. ഇത്തവണത്തെ ലോക് ഡൗണിനും പെയിന്‍റിങ്ങിൽ സജീവമാണ്. ഇത്തവണ 12ഓളം പൂർത്തിയാക്കി. എക്സിബിഷനു വേണ്ടി തന്‍റേതായ ക്രിയേഷൻസ് ഉള്ള പെയിന്‍റിങ്ങുകളും തയാറാക്കുന്നുണ്ട്. കഴിഞ്ഞ തവണ എക്സിബിഷനു വച്ചതുൾപ്പെടെ 160 ഓളം പെയിന്‍റിങ്ങുകൾ പൂർത്തിയാക്കി. പെയിന്‍റിങ്ങുകളുടെ വേൾഡ് മാർക്കറ്റിങ്ങിനായി വെബ്സൈറ്റ് തയാറാക്കാനുള്ള ആലോചനയിലാണ്. പെയിന്‍റിങ്ങിന്‍റെ ഡീറ്റെയ്ൽസ് ഉൾപ്പെടെയുള്ള വിവരങ്ങൾ വെബ് സൈറ്റിൽ ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്.
ചിത്രങ്ങൾക്കായി ഗൾഫിൽ നിന്നുൾപ്പെടെ ധാരാളം പേർ ദിവസവും വിളിക്കുന്നുണ്ട്. സോഷ്യൽ മീഡിയയിൽ നല്ല റെസ്പോൺസ് ആണ് പെയിന്‍റിങ്ങുകൾക്ക് കിട്ടുന്നത്. നാദിർ ഷായുടെ ജയസൂര്യ ചിത്രം ഈശോയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വരച്ചിരുന്നു. അതു പോലെ മനോജ് കെ. ജയന്‍റെ ദിഗംബരനേയും വരച്ചിരുന്നു. ഇതിനൊക്കെ നല്ല റെസ്പോൺസ് ആണ് ലഭിച്ചത്. പെയിന്‍റിങ്ങുകൾ സോഷ്യൽ മീഡിയ വഴി മോഹൻലാൽ, റസൂൽ പൂക്കുട്ടി, കെ.എസ്. ചിത്ര, സുജാത തുടങ്ങി സിനിമാ മേഖലയിലെ എല്ലാവർക്കും തന്നെ അയച്ചു കൊടുക്കുന്നുണ്ട്. എല്ലാവരും നല്ല പ്രതികരണമാണ് നൽകുന്നത്. 2018ൽ എക്സിബിഷൻ നടത്തിയപ്പോൾ ഞാൻ ഒരു പെയിന്‍റർ ആണെന്ന് പലർക്കും അറിയില്ലായിരുന്നു. ഇനി ഒരു എക്സിബിഷൻ സംഘടിപ്പിച്ചാൽ നല്ല ക്രൗഡ് വരുമെന്നാണ് വിശ്വാസം.
70 മണിക്കൂർ കൊണ്ട് തീർത്ത പെയിന്‍റിങ്
തലയിലൂടെ വെള്ളം കോരി ഒഴിക്കുന്ന കുട്ടിയുടെ ഓയിൽ പെയിന്‍റിങ് പൂർത്തിയാക്കാൻ 10 ദിവസമെടുത്തു അല്ലെങ്കിൽ 70 മണിക്കൂർ വേണ്ടി വന്നു എന്ന് പറയുമ്പോൾ പലർക്കും ഞെട്ടൽ ഉണ്ടാകുന്നുണ്ട്. ഞാൻ ഫാസ്റ്റ് ആയി ചെയ്യുന്നതു കൊണ്ടും അതിനു വേണ്ടി മെനക്കെട്ട് ഇരിക്കുന്നതിനാലുമാണ് 10 ദിവസം കൊണ്ട് തീർന്നത്. അല്ലെങ്കിൽ 25 ദിവസമെങ്കിലും വേണ്ടി വരും. അത്രക്ക് ഡീറ്റയിൽഡ് ചെയ്ന്റിങ് ആണത്. വാട്ടറിന്‍റെ പോർഷൻ ഒക്കെ ചെയ്തെടുക്കുന്നത് പണിയാണ്. സ്ട്രോബറി - ഗ്ലാസ് വാട്ടർ കളറിൽ പേപ്പറിൽ ചെയ്തതാണ്. ഇതിന് രണ്ടു മൂന്നു മണിക്കൂറെ എടുത്തുള്ളു. കൂടുതൽ റിയലിസ്റ്റിക് ആക്കുമ്പോൾ, ഡീറ്റയിലിലേക്ക് പോകുമ്പോൾ സമയം കൂടുതൽ എടുക്കും. ഓയിൽ പെയിന്‍റിങ് ചെയ്യാനാണ് എനിക്കിഷ്ടം. സമയമെടുക്കുമെങ്കിലും ഫിനിഷിങ് ഓയിൽ പെയിന്‍റിങ്ങിനാണ്. ആഗ്രഹിക്കുന്നതു പോലെ ചെയ്തെടുക്കാം, ലാസ്റ്റിങ്ങും ഉണ്ടാക്കും. ഇന്‍റർനാഷണൽ ലെവലിൽ മാർക്കറ്റ് ചെയ്യാനും ഓയിൽ പെയിന്‍റിങ് ആണ് നല്ലത്.
ഇഷ്ടം റിയലിസ്റ്റിക്
റിയലിസ്റ്റിക് പെയിന്‍റിങ്ങുകളാണ് എനിക്കിഷ്ടം. തമിഴ്നാട്ടിൽ നിന്നുള്ള പ്രമുഖ റിയലിസ്റ്റിക് ചിത്രകാരനായ കഴിഞ്ഞിടെ അന്തരിച്ച ഇളയരാജയുടെ പെയിന്‍റിങ്ങുകൾ വളരെ ഇഷ്ടമാണ്. രാജാ രവിവർമയുടെ പെയിന്‍റിങ്ങുകളെ ഓർമിപ്പിക്കുന്ന ലൈറ്റിങ്ങും ഒക്കെയുള്ള ചിത്രങ്ങൾ. ചിത്രരചനയിൽ കഴിവ് തെളിയിച്ച ഒരുപാട് പേർ ഇവിടെയുണ്ട്. 'ചിത്രച്ചന്ത' എന്ന പേരിൽ കേരളത്തിലെ അറിയപ്പെടുന്ന ചിത്രകാരൻമാർ ഉൾപ്പെടെ 150ഓളം പേരുള്ള ഒരു കൂട്ടായ്മയുണ്ട്. മികച്ച ചിത്രങ്ങളാണ് ഈ ഗ്രൂപ്പിൽ ദിവസവും ഓരോരുത്തർ പോസ്റ്റ് ചെയ്യുന്നത്.
വീട്ടിൽ ആന ഉണ്ടെന്ന് പറയുന്ന പോലെ
ഞാൻ മിമിക്രി പ്രോഗ്രാമുകളുമായി സജീവമായി നിൽക്കുന്ന സമയത്ത് ആൾക്കാർ ഏറ്റവും കൂടുതൽ അയച്ചു തന്നു കൊണ്ടിരുന്നത് ഫോറിനേഴ്സ് ഉൾപ്പെടെയുള്ളവർ ചെയ്യുന്ന മിമിക്രി ഐറ്റംസും തമാശകളും ഒക്കെയാണ്. ഇന്നിപ്പോൾ എല്ലാവരും അയക്കുന്നത് കാലു കൊണ്ട് വരക്കുന്നതും തലക്കുത്തി നിന്ന് വരക്കുന്നതും ഉൾപ്പെടെയുള്ളവയാണ്. പെയിന്‍റിങ്ങുകളോടുള്ള മലയാളികളുടെ മനോഭാവത്തിന് മാറ്റമുണ്ടായിട്ടുണ്ടോ എന്നറിയില്ല. പക്ഷേ, ഒരു വലിയ വില കൊടുത്ത്, അർഹിക്കുന്നൊരു വില കൊടുത്ത് നമ്മുടെ ആൾക്കാർ വാങ്ങിക്കുമോ എന്ന് കണ്ടറിയണം. ആ ലെവലിലേക്ക് മലയാളികൾ വളർന്നിട്ടുണ്ടോ എന്ന് എനിക്ക് സംശയമാണ്. പെയിന്‍റിങ്ങിന്‍റെ കോപ്പി ആയാലും പോരെ എന്നു കരുതുന്നവരാണ് അധികം. വീട്ടിൽ ഒരു പെയിന്‍റിങ് വെക്കുക എന്നത് ഒരു പാഷൻ ആണ്. ആനയെ വാങ്ങിച്ച് വളർത്തുന്ന പോലെ. ആനയുള്ള വീടാണ് എന്ന് പറയുന്നതിലെ അന്തസ് പോലെ. എം.എം ഹുസൈന്‍റെ അല്ലെങ്കിൽ ഇന്ന ചിത്രകാരന്‍റെ പെയിന്‍റിങ് വീട്ടിലുണ്ട്. ഇത്ര രൂപ കൊടുത്ത് വാങ്ങിയതാണ് എന്നൊക്കെ പറയുന്നതിലെ അന്തസ് ഇത് എന്ന് വരുമെന്നറിയില്ല. മാറ്റമുണ്ടാകുമായിരിക്കും.
കേശുവും ബർമുഡയും
ഞാൻ അഭിനയിച്ച സിനിമകളിൽ റിലീസിങ്ങിന് കാത്തിരിക്കുന്നതിൽ ഒന്ന് 'കേശു ഈ വീട്ടിന്‍റെ നാഥൻ' ആണ്. ഇത് ദിലീപിനും നാദിർഷക്കുമൊപ്പം കഴിഞ്ഞ വർഷം ചെയ്ത സിനിമയാണ്. ജയസൂര്യയുടെ "ഈശോ" യിൽ അസോസിയേറ്റ് ഡയറക്റ്റർ ആയി വർക്ക് ചെയ്തു. പിന്നെ ആന്‍റണി പെപെയുടെ ആരവം എന്ന ചിത്രം, രാജീവ് കുമാർ ഷൈൻ നിഗം എന്നിവരുടെ ബർമുഡ എന്ന ചിത്രം, ജോഷി ജോൺ ഡയറക്റ്റ് ചെയ്യുന്ന എസ്.ടി.ഡി 10 ബാച്ച് എന്നിവ റിലീസാകാനുണ്ട്. കഴിഞ്ഞ വർഷം ലോക് ഡൗണിന് തൊട്ടു മുൻപ് കുറേ പ്രോജക്റ്റുകൾ കമ്മിറ്റ് ചെയ്തിരുന്നു. ഇനി അതൊക്കെ നടക്കുമോ എന്നറിയില്ല. പല പ്രൊഡ്യൂസേഴ്‌സും പിൻമാറിത്തുടങ്ങി എന്നാണ് അറിയുന്നത്. കാരണം ഈ പ്രതിസന്ധി എന്ന് തീരും എന്നറിയില്ലല്ലോ. നൂറിലേറെ സിനിമകൾ ഇറങ്ങാൻ കാത്തിരിക്കുന്നുണ്ട്. ഇതിന് തിയേറ്ററുകൾ തുറക്കണം. ഈ സിനിമകൾ എല്ലാം റിലീസാകണം. അതിനു ശേഷമേ പുതിയ പ്രോജക്റ്റുകൾക്ക് ചാൻസ് ഉള്ളു. അതുകൊണ്ട് സിനിമയുടെ കാര്യങ്ങൾ ഇപ്പോൾ ഒന്നും പറയാൻ പറ്റുന്ന അവസ്ഥയിലല്ല.
സിനിമയിൽ 26 വർഷം
കൊച്ചിൻ ഓസ്കാർ ട്രൂപ്പിൽ അബീക്കയ്ക്കൊപ്പമായിരുന്നു. പിന്നീട് അബീക്ക കൊച്ചിൻ സാഗർ ട്രൂപ്പ് തുടങ്ങി. അതിലേക്ക് എന്നെയും വിളിച്ചു. ആ സമയത്ത് അൻസാർ കലാഭവന്‍റെ സ്ക്രിപ്റ്റിൽ ബാലു കിരിയത്ത് മിമിക്സ് ആക്ഷൻ 500 എന്ന സിനിമ എടുക്കാനുള്ള തയാറെടുപ്പിൽ ആയിരുന്നു. സിനിമയിലേക്ക് ആർട്ടിസ്റ്റുകളെ സെലക്റ്റ് ചെയ്യുന്നതിന് അബീക്കയെ ആയിരുന്നു ഏൽപ്പിച്ചിരുന്നത്. അങ്ങനെ എനിക്കും ആദ്യമായി സിനിമയിൽ ഒരവസരം കിട്ടി. 1995ൽ ആണ് സിനിമയിൽ എത്തിയത്. തുടർന്ന് 26 വർഷങ്ങൾ, 100ൽ അധികം സിനിമകൾ. അന്നും ഇന്നും സിനിമയിൽ ഞാൻ വലിയ തിരക്കുള്ള ആളായിരുന്നില്ല. വർഷത്തിൽ മൂന്നു നാലു സിനിമകൾ ഇപ്പോഴും ചെയ്യുന്നുണ്ട്. ചില വർഷങ്ങളിൽ പത്ത് സിനിമ വരെ ചെയ്തിട്ടുണ്ട്. അതല്ലാതെ വലിയ ഒരു ബ്രേക്ക് കിട്ടിയ ആളല്ല ഞാൻ. പക്ഷേ, ഇന്നും ഞാൻ സിനിമയിൽ ഉണ്ട്. അതൊരു ഭാഗ്യമാണ്. അന്നുണ്ടായിരുന്ന പലരും ഇന്ന് സിനിമയിൽ ഇല്ല. അതു വച്ച് നോക്കുമ്പോൾ ഇവിടെ നിൽക്കാൻ സാധിക്കുന്നു എന്നതു തന്നെ വലിയ കാര്യമാണ്.
ഞാൻ ആഗ്രഹിച്ചിട്ട് എന്ത് കാര്യം
കഥ പറയുമ്പോൾ എന്ന സിനിമയിലെ വേഷം വളരെ ഇഷ്ടപ്പെട്ടതാണ്. പട്ടാഭിഷേകം, കരടി, ബാവൂട്ടിയുടെ നാമത്തിൽ ഈ സിനിമകളിലെ കഥാപാത്രം നന്നായിരുന്നു. ഷാജോണിനൊപ്പം ബ്രദേഴ്സ് ഡേയിൽ ചെയ്ത റോളും മികച്ചതായിരുന്നു. നല്ല ഒരു കഥാപാത്രം ലഭിക്കണമെന്ന് ഞാൻ മാത്രം ആഗ്രഹിച്ചതു കൊണ്ട് കാര്യമില്ലല്ലോ. നല്ല ഒരു വേഷം തരണം, അത് ഞാൻ നന്നായി അവതരിപ്പിക്കണം, ആ സിനിമ നന്നായി ഓടണം. എങ്കിലേ ഗുണമുള്ളു. ടോട്ടൽ അപ്പിയറൻസിൽ മാറ്റമുളള വേഷം, വില്ലൻ വേഷം ഇതൊക്കെ ചെയ്യണമെന്ന് ആഗ്രഹമുണ്ട്. റിലീസിങ്ങിന് കാത്തിരിക്കുന്ന നാദിർഷയുടെ കേശു ഈ വീട്ടിന്‍റെ നാഥൻ എന്ന സിനിമയിൽ വ്യത്യസ്ഥമായ ഒരു വേഷമാണ്. ദിലീപിന്‍റെ അളിയനായി ഫുൾ ലങ്ത് ഉള്ള വേഷം.
അത്ഭുതങ്ങൾ ഒഴിഞ്ഞ് മിമിക്രി
മിമിക്രി കലാരംഗത്തേക്ക് പുതുതായി കടന്നുവരുന്നവർ വളരെ പെർഫെക്‌ഷനോടെയാണ് ചെയ്യുന്നത്. മിടുക്കരാണ്. ഞങ്ങൾ ഈ രംഗത്തേക്ക് കടന്നുവരുന്ന കാലത്ത് ജനങ്ങൾ അത്ഭുതത്തോടെയാണ് മിമിക്രിയെ നോക്കിക്കണ്ടിരുന്നത്. പലരും നമ്മുടെ അടുത്ത് വന്ന് തൊണ്ടയിൽ പിടിച്ചിട്ടൊക്കെ ചോദിക്കും. എങ്ങനെ ഇതൊക്കെ ചെയ്യുന്നു. ഈ തൊണ്ടയിൽ നിന്നാണോ ഇത്രയും ശബ്ദമൊക്കെ വരുന്നത് എന്നൊക്കെ. ഇന്ന് ആ അത്‌ഭുതം പോയി. ഇന്ന് ഇത് ആർക്കും ചെയ്യാം എന്ന അവസ്ഥയിലേക്ക് മാറി. ഇത് മിമിക്രിയിൽ മാത്രമല്ല. ഡാൻസിലും പാട്ടിലുമൊക്കെ ഈ സ്ഥിതിയാണ്. റിയാലിറ്റി ഷോയൊക്കെ വന്നപ്പോൾ എല്ലാവരും പാട്ടുകാരായി. എല്ലാവരും ഡാൻസുകാരായി എല്ലാവരും മിമിക്രിക്കാരും. അതിന്‍റെ പ്രശ്നം എന്താണെന്നു വച്ചാൽ ഞങ്ങൾ വരുമ്പോൾ കുറച്ചുപേരെ ഈരംഗത്തുണ്ടായിരുന്നുള്ളു. അതുകൊണ്ട് ഞങ്ങളുടെ പേരും രൂപവും ആൾക്കാരുടെ മനസിൽ ഉറപ്പിക്കപ്പെട്ടു. പക്ഷേ, ഇന്ന് ഒരു പയ്യൻ ചാനലിൽ വന്ന് പരിപാടി അവതരിപ്പിച്ച് കൈയ്യടി നേടിപ്പോകും. അതു കഴിഞ്ഞാൽ ആ പയ്യനെ കാണാൻ കിട്ടില്ല. ഒതുങ്ങിപ്പോകുന്നു. ആ പേര് ആരുടെയും ഓർമയിൽ നിൽക്കുന്നില്ല.
കോമഡി ഓവർ എക്സ്പോസ്ഡ്
ക്രിയേഷൻ ഇല്ല എന്ന പ്രശ്നവും ഉണ്ട്. ക്രിയേഷൻ ഇല്ലാതെ ഈ രംഗത്ത് പിടിച്ചു നിൽക്കാനാവില്ല. ഞാൻ 20 വർഷം മുൻപ് കാണിച്ച കൊച്ചിൻ ഹനീഫയും ജനാർദ്ദനനുമൊക്കെയാണ് ഇപ്പോഴും കാണിക്കുന്നത്. കാലഘട്ടത്തിന് അനുസരിച്ച് വിഷയങ്ങൾ ആഡ് ചെയ്യും. ബാഹുബലി സിനിമ ഇറങ്ങിയപ്പോൾ ചെയ്ത മിമിക്രിയിൽ ന്യൂസ് അവർ മോഡലിൽ ചർച്ച അവതരിപ്പിച്ചു. വിഷയം ബാഹുബലിയെ കട്ടപ്പ കുത്തിയത് എന്തിന്. രാഷ്ട്രീയക്കാർ അവരുടെ അഭിപ്രായം പറയുന്ന രീതിയിൽ ഹ്യൂമറസായാണ് ചെയ്തത്. കൊറോണക്കാലത്ത് കൊറോണയെ കുറിച്ച് ജഗദീഷ് കോമഡി സ്റ്റാറിൽ ഇരുന്ന് പറയുന്ന രീതിയിലും. ഇനി കോമഡിയുടെ വേറെ ലെവൽ എന്തെങ്കിലും കാണിച്ചാലെ എനിക്കെന്നല്ല ആർക്കും ഇവിടെ പിടിച്ചു നിൽക്കാനാകും. കാരണം കോമഡി അത്രക്ക് ഓവർ എക്സ്പോസ്ഡ് ആയി പോയി.
കുട്ടിക്കാനവും ദുബൈയും
എന്‍റെ യാത്രകൾ പതിനാറാം വയസിൽ തുടങ്ങിയതാണ്. നാടക ട്രൂപ്പിനോടൊപ്പമുള്ള ഉത്തരേന്ത്യൻ ടൂർ, രണ്ടു മാസം നീണ്ട യാത്രയിൽ ഉത്തരേന്ത്യയിലെ ഏഴ് സംസ്ഥാനങ്ങളിലൂടെയുള്ള യാത്ര. പിന്നീട് ഇന്ത്യയിലെ ഒട്ടുമിക്ക സ്ഥലങ്ങളിലും പോകാനും പ്രോഗ്രാം അവതരിപ്പിക്കാനും സാധിച്ചിട്ടുണ്ട്. സ്റ്റേജ് ഷോകളുമായി ബന്ധപ്പെട്ട് 35ഓളം രാജ്യങ്ങളിൽ പോകാൻ സാധിച്ചിട്ടുണ്ട്. എങ്കിലും ഇനിയും പോകാൻ ആഗ്രഹിക്കുന്ന സ്ഥലം ദുബൈ ആണ്. സ്ഥലത്തിന്‍റെ പ്രത്യേകത മാത്രമല്ല. അവിടെ ധാരാളം സുഹൃത്തുക്കൾ ഉള്ളതുകൊണ്ടു കൂടിയാണ്. കേരളത്തിൽ ഏറ്റവും ഇഷ്ടം കുട്ടിക്കാനം തന്നെ. അവിടുത്തെ പച്ചപ്പും മഞ്ഞും തണുപ്പും ഒക്കെ നമ്മളെ പ്ലസന്‍റ് മൂഡിലേക്ക് കൊണ്ടുവരും.
മറക്കാനാവാത്ത യാത്ര
മറക്കാനാവാത്ത യാത്രകളിൽ ഒന്ന് അമേരിക്കയിൽ നിന്ന് ദുബൈയിലേക്കുള്ള യാത്രയാണ്. വളരെ വർഷങ്ങൾക്ക് മുൻപ് കുഞ്ചാക്കോ ബോബനും കാവ്യാ മാധവനും ലാലു അലക്സും ഒക്കെയുള്ള ഒരു മാസം നീണ്ട അമേരിക്കൻ ഷോ. ഇതിനിടയിൽ ആദ്യമായി കുവൈറ്റിൽ ഒരു ഷോ ബുക്ക് ചെയ്തിരുന്നു. എനിക്ക് അമേരിക്കയിൽ നിന്ന് കുവൈറ്റിൽ എത്തണം. നാലു ഫ്ലൈറ്റുകൾ മാറിക്കയറണം. ഒറ്റക്കുള്ള യാത്ര. ഫിലാഡെൽഫിയയിൽ നിന്ന് ഷിക്കാഗോ, ഷിക്കാഗോയിൽ നിന്ന് പാരീസ്, പാരീസിൽ നിന്ന് ദുബൈ, ദുബൈയിൽ നിന്ന് കുവൈറ്റ്.
ഓരോ എയർപോർട്ടിലും ഏഴു മണിക്കൂറിൽ അധികം കാത്തിരിപ്പ്. എങ്ങനെയോ കുവൈറ്റിലെത്തി ഷോ നടത്തി. ഷോ കഴിഞ്ഞുടൻ വീണ്ടും അമേരിക്കയിലേക്ക് തിരികെ യാത്ര. അത് ഒരു വലിയ എക്സ്പീരിയൻസ് ആയിരുന്നു. ഓർമയിലെ മറ്റൊരു യാത്ര വാമനപുരം ബസ് റൂട്ട് എന്ന സിനിമയിൽ ലാലേട്ടനൊപ്പം ആദ്യം അഭിനയിക്കുന്ന സമയം. ഷൂട്ടിങ് പറഞ്ഞ സമയം തീർന്നില്ല. ഇതിനിടെ ഗൾഫിലെ ഷോയുടെ ദിവസം എത്താറായി.
ഞാനും കലാഭവൻ നവാസും കുറേ ആർട്ടിസ്റ്റുകളും ചേർന്നുള്ള കോമഡി കസിൻസ് എന്ന ഷോ. ഷോയുടെ സ്പോൺസർ എന്നെത്തിരക്കി ഇവിടെയെത്തി. അന്ന് ഇന്നത്തെ പോലെ പെട്ടന്ന് പോയി തിരിച്ചു വരിക ചിന്തിക്കാൻ പറ്റുന്ന സമയമായിരുന്നില്ല. പിന്നെ ലാലേട്ടനൊക്കെ ഇടപെട്ട് ഗുരുവായൂരിലെ ലൊക്കേഷനിൽ നിന്ന് കോഴിക്കോട്ടേക്ക് അവിടെ നിന്ന് ദുബൈയിലേക്ക്. ഷോ കഴിഞ്ഞ് രാത്രി ഒരു മണിക്ക് ദുബൈയിൽ നിന്ന് തിരികെ ലൊക്കേഷനിലേക്ക്. പിന്നീട് 400ൽ അധികം യാത്രകൾ നടത്തിയിട്ടുണ്ടെങ്കിലും ഈ യാത്രകൾ മറക്കാനാവില്ല.
പ്രോത്സാഹനമേകി കുടുംബം
ഉമ്മ ഫാത്തിമ, ഭാര്യ ഹസീന നസീർ, മക്കൾ മുഹമ്മദ് നീഹാൽ, മുഹമ്മദ് നൗഫൽ എന്നിവർ കോട്ടയം കറുകച്ചാലിലെ വീട്ടിൽ നസീറിന് കലാരംഗത്ത് പ്രചോദനവും പ്രോത്സാഹനവുമായി ഉണ്ട്. നീഹാൽ കാനഡയിൽ റോബോട്ടിക് എഞ്ചിനിയറിങ് പഠിക്കുന്നു. നൗഫൽ പ്ലസ് ടൂ വിദ്യാർഥിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.