കുഞ്ഞമ്പുവിന്‍റെ അര നൂറ്റാണ്ടത്തെ സുരങ്ക യാത്ര
text_fieldsദക്ഷിണ കര്‍ണാടക, കാസർകോട് ഭാഗങ്ങളിൽ പ്രചാരത്തിലുണ്ടായിരുന്ന 'സുരങ്ക' നിര്‍മാണത്തില്‍ വൈദഗ്ധ്യമുള്ള കുഞ്ഞമ്പു ബുധനാഴ്ച അന്തരിച്ചു. കുഞ്ഞമ്പുവിന്‍റെ സാഹസിക ജീവിതത്തെ കുറിച്ച് 'മാധ്യമം ഓൺലൈൻ' പ്രസിദ്ധീകരിച്ച ലേഖനം...
ഇതൊരു യാത്രയാണ്, എന്നാൽ, നമ്മൾ കണ്ടുപഴകിയ യാത്രയല്ലെന്നു മാത്രം. മണ്ണിനടിയിലെ ആഴങ്ങളിലൂടെ ഒരു മെഴുകുതിരിനാളത്തിന്റെ ചെറുവെട്ടത്തിൽ ജീവൻപണയംവെച്ച് ഒരു യാത്ര. നടുനിവർന്ന് ഒരുനിമിഷംപോലും നിൽക്കാൻ സാധിക്കാത്ത ഇരുട്ടറയിലൂടെയാണ് ആ യാത്ര. സ്വർണഖനികളെക്കാൾ വിലമതിക്കുന്ന ഒരുനിധിയുടെ ചാരത്തേക്ക്... ഭൂമിക്കും മനുഷ്യനും ജീവജാലങ്ങൾക്കും വേണ്ടി ഭൂമിയുടെ ഉള്ളില്‍ എവിടെയാണ് 'ജല'ത്തിന്‍റെ അലിവൂറുന്നതെന്ന് അന്വേഷിച്ചാണ് ഈ വയോധികന്റെ സുരങ്ക (തുരങ്കം) യാത്ര.
കാസർകോട് കുണ്ടംകുഴി നീര്‍ക്കയ സ്വദേശിയായ 68കാരൻ കുഞ്ഞമ്പുവാണ് മണ്ണിന്‍റെ സൂക്ഷ്മഭാവങ്ങളെക്കുറിച്ചുള്ള അറിവും പതിറ്റാണ്ടുകളുടെ പരിചയവും കൈമുതലാക്കി ആ നനവുതേടി പുറപ്പെടുന്നത്. ഇരുട്ടറയിലൂടെ ഒരുതിരിയുടെ സഹായത്താൽ മാത്രം മണ്ണിന്‍റെ ആഴങ്ങളും ദൂരങ്ങളും താണ്ടി കുളിര്‍ജലത്തെ നാട്ടുവെളിച്ചത്തിലേക്ക് ആനയിക്കുന്നു. ഈ ലോക്ഡൗൺ കാലത്തും നിർദേശങ്ങൾ പാലിച്ച് കുഞ്ഞമ്പുവേട്ടൻ ആവശ്യക്കാർക്ക് തുരങ്കം നിർമിച്ച് വെള്ളമെത്തിക്കുന്നുണ്ട്.
ഈ യാത്ര മനുഷ്യനുവേണ്ടി
കൈയില്‍ ആകെയുള്ളത് ഇരട്ടശിഖരമുള്ള കമ്പ്. അതുപയോഗിച്ചാണ് ഭൂമിക്കുള്ളില്‍ വെള്ളം ഉണ്ടോ എന്ന് കുഞ്ഞമ്പുവേട്ടന്‍ മനസ്സിലാക്കുന്നത്. ചില പ്രത്യേകതരം ചെടികളും കുന്നിനകത്തെ നീരുറവകളുടെ സൂചന തരും. മണ്ണ് മണത്തുനോക്കിയും വെള്ളമുണ്ടോ എന്നറിയാം. സ്ഥാനം നിര്‍ണയിച്ചു കഴിഞ്ഞാല്‍ കുഞ്ഞമ്പുവേട്ടന്‍ പിന്നെ പണിതുടങ്ങുകയായി. കുന്നിന്റെ ഉള്ളിലേക്ക് തുരന്നു, തുരന്ന് സൂക്ഷ്മതയോടെ മുന്നേറും. കഴിഞ്ഞ അര നൂറ്റാണ്ടിലേറെയായി, പുറത്ത് വേനല്‍ കത്തുമ്പോള്‍ ഭൂമിക്കടിയിലൂടെ കൈയില്‍ മെഴുകുതിരിവെട്ടവുമായി കുഞ്ഞമ്പുവേട്ടന്‍ 'സുരങ്ക' നിര്‍മിച്ചു മുന്നേറുകയായിരുന്നു.
നാം ഭൂമിക്കു മുകളിലൂടെ എത്തിച്ചേരാത്ത ലക്ഷ്യങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരുന്നപ്പോള്‍ കുഞ്ഞമ്പുവേട്ടന്‍ കുടിവെള്ളമെന്ന ലക്ഷ്യത്തിലേക്ക് ഭൂമിക്കടിയിലൂടെ സഞ്ചരിച്ചുകൊണ്ട് ഒരു ദേശത്തിന് മുഴുവൻ കുടിനീര് എത്തിച്ചു നൽകി. വർഷങ്ങൾ നീണ്ട ഈ യാത്രയോട് ഇന്നേ വരെ ഒരു തളർച്ചയും തോന്നിയിട്ടില്ല. ഓരോ ദിവസവും മനസ്സ് മതിയെന്ന് പറയുമ്പോൾ തിരികെ കയറും. അടുത്തദിനം പിന്നെയും തുടർച്ച. ഒരുപക്ഷേ, കേരളത്തിലെ മറ്റു പ്രദേശങ്ങളിലുള്ളവര്‍ക്ക് അപരിചിതമായ ഒരു ജലശേഖരണ രീതിയായ 'സുരങ്ക'യുടെ നിര്‍മാണത്തില്‍ വൈദഗ്ധ്യമുള്ളവരില്‍ ശേഷിക്കുന്ന അപൂർവം ചിലരില്‍ ഒരാളാണ് കുഞ്ഞമ്പു. ഇതിനകം ആയിരത്തിലേറെ തുരങ്കങ്ങളാണ് കാസർകോട് ജില്ലയിലും കണ്ണൂര്‍, ദക്ഷിണ കര്‍ണാടകം എന്നിവയുടെ ചില പ്രദേശങ്ങളിലും നിര്‍മിച്ചത്.
എന്താണ് സുരങ്ക?
ഭൂമിക്കടിയില്‍ നീളമേറിയ തുരങ്കം നിര്‍മിച്ച് ഭൂഗര്‍ഭ ജലത്തെ വെളിയിലേക്ക് ഒഴുക്കിക്കൊണ്ടുവരുന്ന രീതിയാണ് കാസർകോട്, ദക്ഷിണ കര്‍ണാടക തുടങ്ങിയ സ്ഥലങ്ങളില്‍ സുരങ്ക എന്ന് അറിയപ്പെടുന്നത്. കിണറിനു പകരം ഭൂമിയുടെ ചരിവുള്ള സ്ഥലങ്ങളില്‍നിന്ന് വെള്ളത്തിന്‍റെ ഉറവുള്ള സ്ഥലത്തേക്ക് മണ്ണു മാന്തി തുരങ്കമുണ്ടാക്കി വെള്ളം പുറത്തേക്ക് കൊണ്ടുവരുന്നു. ഇത് ടാങ്കുകളില്‍ ശേഖരിച്ച് കൃഷി ആവശ്യങ്ങള്‍ക്കും വീട്ടാവശ്യങ്ങള്‍ക്കുമെല്ലാം ഉപയോഗിക്കുന്നു. നിരവധി ആളുകൾക്കാണ് ഓരോ കൊല്ലവും ഇത് സഹായകരമാകുന്നത്. ഭൂമിയില്‍ വെള്ളമുള്ള സ്ഥലം നിര്‍ണയിക്കുകയാണ് ആദ്യം ചെയ്യുക. തുടര്‍ന്ന് ഭൂമിയുടെ കിടപ്പനുസരിച്ച് ചരിവുള്ള സ്ഥലത്തുനിന്ന് ജലലഭ്യത നിര്‍ണയിച്ച സ്ഥലത്തിന്റെ ആഴത്തിലേക്ക് തുരങ്കമുണ്ടാക്കുന്നു. കാലങ്ങളായുള്ള പരിചയത്തിലൂടെ സ്വായത്തമാക്കിയതാണ് ജലമുള്ള സ്ഥാനം നിര്‍ണയിക്കാനുള്ള ഈ കഴിവ്. കിണറുകള്‍ ഭൂമിക്കടിയിലേക്ക് കുത്തനെയാണ് നിര്‍മിക്കുന്നതെങ്കില്‍ സുരങ്ക ഭൂമിക്ക് തിരശ്ചീനമായി നിര്‍മിക്കുന്നു.
ദക്ഷിണ കര്‍ണാടകം ഉൾപ്പെടുന്ന ഈ മേഖലയില്‍ തുരങ്ക നിര്‍മാണരീതി പരിചയപ്പെടുത്തിയത് അറബികളാണെന്ന് കരുതപ്പെടുന്നു. ഇത്തരത്തിലുള്ള പരമ്പരാഗത ജലശേഖരണ രീതികൾ പ്രകൃതിക്ക് കോട്ടം തട്ടാതെ ജലം ശേഖരിക്കാന്‍ സഹായിക്കുന്നു. കട്ടികൂടിയ ചെങ്കല്ലും കുന്നുകളും പാറക്കെട്ടുകളും നിറഞ്ഞ പ്രദേശത്ത് മലഞ്ചെരിവ് തുരന്ന് വെള്ളം ശേഖരിക്കുകയായിരുന്നു പ്രായോഗികം. തുരങ്കങ്ങളിലൂടെ ശേഖരിക്കപ്പെടുന്ന ജലത്തിന്‍റെ ഗുണത്തിലും വലിയ വ്യത്യാസമുണ്ടെന്നും പറയപ്പെടുന്നു. അഞ്ച് കോല്‍ മുതല്‍ 240 കോല്‍ വരെ ഭൂമിയുടെ അകത്തേക്ക് തുരന്നുചെന്ന സുരങ്കകള്‍ കാസര്‍കോടുണ്ട്. ഇവ 3000ത്തിലധികം വരുമെന്നാണ് അനൗദ്യോഗിക കണക്ക്.
ജോലിക്കിടയില്‍, മണ്ണിടിയുന്നതും മുന്‍കൂട്ടി മനസ്സിലാക്കാന്‍ കഴിയും. ഒറ്റയടിക്ക് ഇടിയില്ല. ഭിത്തികളില്‍ പൊട്ടലുവീഴുകയും വിടവുകള്‍ തുറക്കുകയും ചെയ്യും. അനുഭവസ്ഥരായ പണിക്കാര്‍ അതിനകം പുറത്തേക്ക് കടന്നിട്ടുണ്ടാകും. ഭൂമിയുടെ ഉൾത്തുടിപ്പുകള്‍ ഹൃദയത്തുടിപ്പുപോലെ മനസ്സിലാക്കിവെക്കാനും കഠിനാധ്വാനംകൊണ്ട് ജലത്തിന്‍റെ ഉറവിടം കണ്‍കുളിര്‍ക്കെ കാണാനും തൊട്ടുനോക്കാനും പരിശീലനം നല്‍കിയ കല. ഫെബ്രുവരി മുതല്‍ മേയ് വരെയുള്ള വേനല്‍ക്കാങ്ങളിലാണ് സുരങ്ക നിർമാണം നടക്കുന്നത്. ജില്ലയിലെ ഏറ്റവും വലുപ്പമേറിയ ജല നിര്‍ഗമന സുരങ്കമെന്ന നിലയില്‍ ഷേണി ശാരദാംബാ സ്‌കൂളിന് സമീപത്തെ സുരങ്കം ശ്രദ്ധേയാണ്. നൂറ്റാണ്ടോളം പഴക്കമുള്ള ഈ സുരങ്കത്തിന് 500 മീറ്ററോളം നീളമുണ്ട്.
നിര്‍മാണം സാഹസികം
തുരങ്ക നിര്‍മാണം അല്‍പം സാഹസികത ആവശ്യമുള്ള ജോലിയാണെന്ന് കുഞ്ഞമ്പു പറയുന്നു. തുരങ്കം നിര്‍മിച്ച് ഭൂമിക്കുള്ളിലേക്ക് കടക്കുന്നതോടെ വെളിച്ചം കുറഞ്ഞുകുറഞ്ഞുവരും. വലുപ്പമുള്ള മെഴുകുതിരികള്‍ കത്തിച്ച് തുരങ്കത്തിന്‍റെ ഭിത്തിയില്‍ കുത്തിനിര്‍ത്തും. അതിന്‍റെ വെളിച്ചത്തിലാണ് ജോലി എല്ലാം. ചിലപ്പോള്‍ ഓക്‌സിജന്‍റെ കുറവുമൂലം മെഴുകുതിരി കെട്ടുപോകുന്ന സാഹചര്യമുണ്ടാകും. അങ്ങനെയുള്ളപ്പോള്‍ തലയില്‍ ഉറപ്പിക്കാവുന്ന ഇലക്ട്രിക് ലൈറ്റുകള്‍ ഉപയോഗിക്കും. ദൈര്‍ഘ്യമേറിയ തുരങ്കങ്ങള്‍ക്കുള്ളില്‍ ചിലപ്പോള്‍ ഓക്‌സിജന്‍ കുറയുന്നതുമൂലം ശ്വാസതടസ്സം അനുഭവപ്പെടാറുണ്ട്. അത്തരം സാഹചര്യങ്ങളില്‍ അപകടകരമായി ജോലി ചെയ്യേണ്ടിവന്ന നിരവധി സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ട് അദ്ദേഹത്തിന്റെ തുരങ്കനിര്‍മാണ ജീവിതത്തിനിടയില്‍.
ചിലപ്പോള്‍ തുരങ്കത്തിനുള്ളില്‍ ഫാന്‍ കടത്തി വായു പ്രവാഹമുണ്ടാക്കി തുരങ്കനിര്‍മാണം നടത്തേണ്ടിവന്നിട്ടുണ്ട്. 14-ാം വയസ്സില്‍ മണ്ണെടുക്കാനും ചുമക്കാനുമുള്ള സഹായിയായി. 16 വയസ്സു മുതല്‍ സ്വന്തമായി തുരങ്കനിര്‍മാണം തുടങ്ങി. 50 വര്‍ഷത്തോളമായി അദ്ദേഹം ഈ രംഗത്തുണ്ട്. ചില സീസണുകളില്‍ 25 തുരങ്കങ്ങള്‍വരെ നിര്‍മിച്ചിട്ടുണ്ട്. ആദ്യകാലങ്ങളില്‍ നാലും അഞ്ചും പേർ ചേര്‍ന്നായിരുന്നു തുരങ്കനിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരുന്നത്. എന്നാല്‍, പിന്നീട് സ്ഥിതി മാറി. ഈ ജോലി ചെയ്യുന്ന ആള്‍ക്കാരുടെ എണ്ണം കുറഞ്ഞുവന്നു. ഇപ്പോള്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമാണ് ഈ രംഗത്തുള്ളത്. അടുത്തകാലത്തായി ചിലപ്പോഴൊക്കെ കുഞ്ഞമ്പുവേട്ടന്‍ ഒറ്റക്കാണ് തുരങ്കം നിര്‍മിക്കുന്നത്.
എല്ലാ സ്ഥലങ്ങളിലും തുരങ്കനിര്‍മാണം സാധിക്കില്ല. കൂടുതലായി ചെങ്കല്ലു നിറഞ്ഞ സ്ഥലങ്ങളിലും ഉറപ്പുള്ള മണ്ണുള്ള സ്ഥലങ്ങളിലുമാണ് നിര്‍മിക്കുന്നത്. ഇടിയുന്ന മണ്ണുള്ള സ്ഥലങ്ങളില്‍ മണ്ണിടിച്ചില്‍ ഒഴിവാക്കാനുള്ള മാർഗങ്ങളുമുണ്ട് കുഞ്ഞമ്പുവേട്ടന്റെ കൈയില്‍. 300 വര്‍ഷത്തിലധികമായി കാസർകോട് ഭാഗത്ത് തുരങ്ക നിര്‍മാണമുള്ളതായി അദ്ദേഹം പറയുന്നു. എന്നാല്‍, കര്‍ണാടകയിലെ ബിദര്‍ എന്ന പ്രദേശത്തുള്ള തുരങ്കങ്ങള്‍ 500-600 വര്‍ഷം പഴക്കമുള്ളവയാണ്. രണ്ടു കിലോമീറ്റര്‍ വരെ നീളമുണ്ട്, ഇവിടത്തെ ചില തുരങ്കങ്ങള്‍ക്ക്. യുനസ്‌കോയുടെ സംരക്ഷിക്കപ്പെടേണ്ട പൈതൃകങ്ങളുടെ നിരീക്ഷണ പട്ടികയില്‍പെട്ട ഈ തുരങ്കങ്ങളുടെ പുനരുദ്ധാരണത്തിന് നേതൃത്വം നല്‍കിയത് കുഞ്ഞമ്പുവേട്ടനായിരുന്നു. ഈ മേഖലയിലുള്ള ദീര്‍ഘകാലത്തെ പരിചയം തിരിച്ചറിഞ്ഞാണ് ഇങ്ങനെയൊരു പ്രവൃത്തി കര്‍ണാടക സര്‍ക്കാര്‍ അദ്ദേഹത്തെ ഏല്‍പിച്ചത്. ഇതിെൻറ ഭാഗമായി നടന്ന പരിപാടിയില്‍വെച്ച് മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുല്‍ കലാമിനെ നേരിട്ട് കാണാനും സംസാരിക്കാനുമായത് തന്‍റെ ജീവിതത്തിലെ അസുലഭ നിമിഷമായി അദ്ദേഹം കരുതുന്നു.
എല്ലാവരുമായും ചിരിച്ച മുഖത്തോടെ വിശേഷം പങ്കുവെക്കുകയും ഏറെനേരം സംസാരിക്കുകയും ചെയ്യുന്നതാണ് കുഞ്ഞമ്പുവിന്‍റെ ശീലം. ഇത് നാട്ടുകാർക്കൊക്കെ വലിയ ഇഷ്ടവുമാണ്. ഭൂമിക്കടിയില്‍ എത്ര ആഴത്തിലാണ് വെള്ളമുള്ളത് എന്നകാര്യം നിര്‍ണയിച്ചു കഴിഞ്ഞാല്‍ മറ്റൊരു ഭാഗത്ത്, ഭൂമിയുടെ ചരിവില്‍നിന്ന് അത്രയും ആഴം കിട്ടുന്ന സ്ഥലത്തേക്കു വേണം തുരങ്കം നിര്‍മിക്കാന്‍. കുന്നുള്ള പ്രദേശങ്ങളില്‍ കുന്നിന്റെ ചരുവില്‍നിന്ന് തുരങ്കമുണ്ടാക്കി വെള്ളം ഒഴുക്കിക്കൊണ്ടുവരും. ചിലപ്പോള്‍ തുരങ്കത്തിനുള്ളിലെ ഉറവയില്‍നിന്നുതന്നെ പൈപ്പിലൂടെ വെള്ളം പുറത്തെത്തിക്കും. കൃഷി ആവശ്യങ്ങള്‍ക്കും മറ്റും വെള്ളം ടാങ്കുകള്‍ ഉണ്ടാക്കി ശേഖരിച്ച് ഉപയോഗിക്കുകയാണ് പതിവ്. ഒരേ തുരങ്കത്തിനുള്ളില്‍നിന്നുതന്നെ മൂന്നും നാലും സ്രോതസ്സുകള്‍ ഒരു തുരങ്കത്തിലേക്ക് ബന്ധിപ്പിക്കുന്ന വിധത്തില്‍ വ്യത്യസ്ത വശങ്ങളിലേക്ക് തുരങ്കങ്ങള്‍ ഉണ്ടാക്കുന്ന രീതിയുമുണ്ട്.
ഒരേ തുരങ്കത്തിലൂടെ വെള്ളം പുറത്തേക്കെത്തിക്കും. വെള്ളം കുറവുള്ള കിണറ്റില്‍നിന്ന് അടുത്ത് ജലസ്രോതസ്സുള്ള സ്ഥലത്തേക്ക് തുരങ്കമുണ്ടാക്കി കിണറ്റിലേക്ക് വെള്ളം കൊണ്ടുവരും. 53 വര്‍ഷമായി കുഞ്ഞമ്പുവേട്ടന്‍ തുരങ്കം നിര്‍മാണം തുടങ്ങിയിട്ട്. ഇക്കാലത്തിനിടയില്‍ ആയിരത്തിലധികം തുരങ്കങ്ങളുണ്ടാക്കിയിട്ടുണ്ടെന്ന് കുഞ്ഞമ്പുവേട്ടന്‍ കണക്കുകൂട്ടുന്നു. ഒരാള്‍ക്ക് കഷ്ടിച്ച് കടന്നുപോകാനുള്ള വലുപ്പം മാത്രമായിരിക്കും തുരങ്കത്തിനുണ്ടാവുക. തുരങ്കത്തിെൻറ ദൈര്‍ഘ്യം പലപ്പോഴും ജല ലഭ്യതയുടെയും ഭൂമിയുടെ കിടപ്പിന്‍റെയും അടിസ്ഥാനത്തില്‍ വ്യത്യാസപ്പെടും. 200 മീറ്റര്‍ വരെ നീളമുള്ള തുരങ്കങ്ങള്‍ കുഞ്ഞമ്പുവേട്ടന്‍ നിര്‍മിച്ചിട്ടുണ്ട്. ''എല്ലാവര്‍ക്കും കുഴല്‍ക്കിണര്‍ മതി. സുരങ്കകളോ സാധാരണ കിണറോ കുഴിക്കാന്‍ ആര്‍ക്കും താൽപര്യമില്ല. മലയടിവാരങ്ങളില്‍ കുഴല്‍ക്കിണര്‍ കുഴിച്ച് പരാജയപ്പെടുമ്പോഴാണ് ചിലര്‍ സുരങ്കയുടെ സാധ്യത തേടുന്നത്'' -അദ്ദേഹം പറഞ്ഞു.
ജീവിതവഴി
ഇത്രയും കാലത്തിനിടയിൽ പല ജോലികൾ ചെയ്തിട്ടുണ്ടെങ്കിലും തന്‍റെ ജീവിതത്തിന്‍റെ പ്രധാന പങ്കും ആദ്ദേഹം ചെലവഴിച്ചതും മക്കളെ വളര്‍ത്തിയതുമെല്ലാം തുരങ്കനിര്‍മാണത്തില്‍നിന്നുള്ള വരുമാനം കൊണ്ടാണ്. മൂന്നു മക്കളുണ്ട്. മൂത്തവര്‍ രണ്ട് പെണ്‍മക്കളാണ്. ഇളയ മകന്‍ പൊയ്‌നാച്ചി ടൗണില്‍ കച്ചവടം ചെയ്യുന്നു. തുരങ്കനിര്‍മാണത്തെക്കുറിച്ച് പഠിക്കാന്‍ വിദേശങ്ങളില്‍നിന്ന് ഇവിടെയെത്തുന്നവര്‍ക്കും ഇവിടെയുള്ള വിദ്യാര്‍ഥികള്‍ക്കും വഴികാട്ടിയാണ് കുഞ്ഞമ്പുവേട്ടന്‍. കോളജുകളില്‍ വിദ്യാര്‍ഥികള്‍ക്ക് തുരങ്കനിര്‍മാണം സംബന്ധിച്ച് ക്ലാസുകളെടുക്കാനും അദ്ദേഹം പോകാറുണ്ട്. തുരങ്കനിര്‍മാണത്തിലും സ്ഥാന നിര്‍ണയത്തിലും വൈദഗ്ധ്യമുള്ളവര്‍ ഇന്ന് അത്യപൂർവമാണ്. ഒരുപക്ഷേ ആ കണ്ണിയില്‍ അവസാനത്തെ ആളാകും താനെന്ന് കുഞ്ഞമ്പുവേട്ടന്‍ പറയുന്നു. കഴിഞ്ഞ 30 വര്‍ഷമായി ചന്ദ്രനാണ് കുഞ്ഞമ്പുവേട്ടന്റെ സഹായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.