ഇഷ്ട വഴികളിലൂടെ...
text_fieldsമനാഫ് എടവനക്കാടിന് ദുബൈയെന്നാൽ ഹൃദയത്തിന്റെ കോണിലാണ് സ്ഥാനം. രണ്ട് പതിറ്റാണ്ടിന്റെ പ്രവാസ ജീവിതത്തിനിടയിൽ ഈ നാട് സമ്മാനിച്ചത് അത്രയേറെ സ്നേഹവും അവസരങ്ങളുമാണ്. പ്രവാസത്തിനോട് താൽകാലിക വിട ചൊല്ലി നാട്ടിലേക്ക് തിരിക്കുമ്പോഴും ഇനിയും ഇവിടേക്ക് തിരിച്ചുവരുമെന്ന് മനസിൽ കുറിച്ചിട്ടുണ്ട് മനാഫ്. ഈ കാലയളവിനിടെ സ്വന്തം ജോലിക്ക് പുറമെ പെയിന്റിങ്, ഫോട്ടോഗ്രഫി, ഡിജിറ്റൽ ആർട്ട്, അധ്യാപനം, ഓഫ് റോഡ് യാത്ര എന്നിവയാൽ സമ്പന്നമായിരുന്നു മനാഫിന്റെ പ്രവാസ ജീവിതം.
പ്രമുഖ സ്പോർട്സ് ചാനൽ നെറ്റ്വർക്കായ ടെൻ സ്പോർട്സിന്റെ ബ്രോഡ്കാസ്റ്റ് ഓപറേഷൻ മേഥാവിയുമായിരുന്ന മനാഫ് ദുബൈയിൽ ടാറ്റാ കമ്യൂണിക്കേഷൻസിൽ അസോസിയേറ്റ് ഡയറക്ടറായും ഷാർജ ഗവൺമെന്റിന് കീഴിൽ ഷാർജ മീഡിയ സിറ്റിയിൽ ടെക്നോളജി ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജെന്റ്സ് ആക്ടിങ് ഹെഡ് ആയും ദൂരദർശനിലും ടെക്നിക്കൽ എജ്യൂക്കേഷൻ ഡിപ്പാർട്ടുമെന്റി ലക്ചററായും പ്രവർത്തിച്ചിരുന്നു.
ടെൻ സ്പോർട്സിലെ മറക്കാനാവാത്ത ദിനങ്ങൾ
‘ദി ടെററിസ്റ്റ് ഹാസ് ഗോട്ട് അനദർ വിക്കറ്റ്’-ക്രിക്കറ്റ് പ്രേമികളുടെ മനസിൽ മായാത്ത കരടായി ഈ കമന്ററി ഇപ്പോഴുമുണ്ട്. 2006ൽ കൊളംബോയിൽ നടന്ന മത്സരത്തിനിടെ ദക്ഷിണാഫ്രിക്കൻ താരം ഹാഷിം അംലയെ കമന്റേറ്റർ ഡീൻ ജോൺസ് ഇങ്ങനെ വിശേഷിപ്പിച്ചത് വൻ വിവാദങ്ങൾക്ക് വഴി വെച്ചിരുന്നു. ടെൻ സ്പോർട്സിലൂടെ ഈ കമന്ററി പുറത്ത് വരുമ്പോൾ ബ്രോഡ്കാസ്റ്റ് ഓപ്പറേഷന്റെ തലപ്പത്ത് മനാഫായിരുന്നു. ഈ സംഭവത്തെ കുറിച്ച് മനാഫിന്റെ വാക്കുകൾ -‘ശ്രീലങ്കയും സൗത്ത് ആഫ്രിക്കയും തമ്മിലെ രണ്ടാം ടെസ്റ്റിനിടെയായിരുന്നു സംഭവം.
മുൻ ഓസ്ട്രേലിയൻ താരമായിരുന്ന ഡീൻ ജോൺസ് ആയിരുന്നു കമന്റേറ്റർ. സാധാരണ ഒരു ഓവർ കഴിഞ്ഞാൽ, അല്ലെങ്കിൽ വിക്കറ്റ് വീണാൽ ബ്രേക്ക് എടുത്ത് ചാനൽ ചെറിയ കൊമേർഷ്യൽ ബ്രേക്കിലേക്കു പോവുകയാണ് ചെയ്യുക. ഹാഷിം അംല കാച്ച് എടുത്തപ്പൊൾ ഇന്ത്യയിലേക്കും പാക്കിസ്ഥാനിലേക്കും പോകുന്ന ചാനലുകളിൽ ബ്രേക്ക് പോയി. പക്ഷെ, സൗത്ത് ആഫ്രിക്കയിൽ ബ്രേക്ക് പോയിരുന്നില്ല. അവർ ലൈവ് ഫീഡിൽ തന്നെ നിൽക്കുകയായിരുന്നു. ഇതറിയാത്ത ഡീൻ ജോൺസ് തമാശയായി മൈക്കിലൂടെ ‘ദി ടെററിസ്റ്റ് ഹാസ് ഗോട്ട് അനദർ വിക്കറ്റ്’ എന്ന് പറഞ്ഞു.
ഇത് ഹാഷിം അംലയുടെ രാജ്യമായ സൗത്ത് ആഫ്രിക്കയിൽ തൽസമയം സംപ്രേഷണം ചെയ്യപ്പെട്ടു. ഇത് വലിയ കോളിളക്കം ഉണ്ടാക്കി. ഉടൻ തന്നെ ഡീൻ ജോൺസിനെ കോൺട്രാക്ടിൽ നിന്ന് ഒഴിവാക്കി. ചാനലിലൂടെ വളരെയധികം മാപ്പു പറഞ്ഞു. അദ്ദേഹവും നേരിട്ട് പല പ്രാവശ്യം മാപ്പ് പറഞ്ഞു. അന്ന് ബ്രോഡ്കാസ്റ്റ് ഓപ്പറേഷന്റെ ഹെഡ് എന്നുള്ള നിലക്ക് അനുഭവിച്ച സമ്മർദം വളരെ വലുതായിരുന്നു’.
പെയിന്റിങ്, ഫോട്ടോഗ്രഫി, ഡിജിറ്റൽ ആർട്ട്
ചെറുപ്പം മുതലേ മനാഫിന് പെയിന്റിങ്ങും ഫോട്ടോഗ്രഫിയും ഇഷ്ടമാണ്. എൻജിനീയറിങിന് പഠിക്കുമ്പോഴാണ് മാത്തമാറ്റിക്സിൽ മനോഹരമായ ഇമേജുകൾ ഉണ്ടാക്കുന്ന പുതിയ കലാരൂപമായ ഫാക്ടറൽ ആർട്ടിനെക്കുറിച്ച് അറിയുന്നത്. നേരം പോക്കായല്ല, ഗൗരവമായി തന്നെ പെയിന്റിങിനെയും ഫോട്ടോഗ്രഫിയെയും ഫാക്ടറൽ ആർട്ടിനെയും ഏറ്റെടുത്ത മനാഫ് യു.എ.ഇയിലും ഇന്ത്യയിലുമായി മൂന്ന് ആറ് പ്രദർശനങ്ങൾ നടത്തി. ഈ നേട്ടങ്ങൾ പരിഗണിച്ച് ദുബൈ കൾച്ചർ ഡിപ്പാർട്ട്മെന്റ് ഗോൾഡൻ വിസയും അനുവദിച്ചു.
കേരള സർക്കാർ ആദ്യമായി ഏർപ്പെടുത്തിയ ഏറ്റവും നല്ല ശബ്ദലേഖകനുള്ള അവാർഡും ലഭിച്ചു. ശ്യാമ പ്രസാദ് സംവിധാനം ചെയ്ത് അഴകപ്പൻ സിനിമാട്ടോഗ്രഫി ചെയ്ത് ദൂരദർശൻ നിർമ്മിച്ച ടെലിഫിലിമിലൂടെയാണ് മനാഫിന് സംസ്ഥാന സർക്കാരിന്റെ ആദരം ലഭിച്ചത്.
ലോകം ചുറ്റിയ നാളുകൾ
പുറം ലോകം കാണണമെന്ന അതിയായ ആഗ്രഹത്താൽ ദുബൈയിലെത്തിയ ആളാണ് മനാഫ്. 21 വർഷത്തിനിടെ 25 രാജ്യങ്ങളിൽ ഔദ്യോഗികവുമായി സന്ദർശിക്കുവാൻ കഴിഞ്ഞു. ജോലി സ്ഥലത്തും അല്ലാതെയുമായി വിവിധ രാജ്യക്കാരെ അടുത്ത് പരിചയപ്പെടാനും അവരുടെ ജീവിത രീതിയും സംസ്ക്കാരങ്ങളും മനസ്സിലാക്കാൻ സാധിച്ചു എന്നത് വലിയ കാര്യമായി മനാഫ് കരുതുന്നു. ഓഫ് റോഡ് യാത്രകളെ ഇഷ്ടപ്പെടുന്ന മനാഫ് നിരവധി പ്രദേശങ്ങളിലേക്ക് വാഹനവുമായി പാഞ്ഞെത്തിയിട്ടുണ്ട്. മരുഭൂമിയിലൂടെയുള്ള യാത്രകൾ മനുഷ്യന്റെ ചരിത്രം കൂടി ഓർമപ്പെടുത്തുന്നുവെന്ന് മനാഫ് പറയുന്നു.
ദുബൈ പഴയ ദുബൈ അല്ല
ദുബൈയെ കുറിച്ച് മനാഫിന് നൂറു നാവാണ്- ‘2002- ലാണ് ദുബൈ മീഡിയ സിറ്റി യിലെ ടെൻസ്പോർട്സ് ഹെഡ് ക്വാർട്ടേഴ്സിൽ എത്തിയത്. അന്ന് പാം ജുമൈറയുടെ നിർമാണം നടക്കുന്നതേയുള്ളൂ. ബുർജ് ഖലീ ഫയെക്കുറിച്ച് അധികൃതർ ആലോചിച്ചു തുടങ്ങിയിട്ടില്ല. ഇപ്പോൾ ഏറെ മാറി. ഓരോ ദിവസവും ദുബൈ പുതിയത് കണ്ടെത്തിക്കൊണ്ടിരിക്കുന്നു. റോഡിലെ ഗതാഗത ക്രമീകരണം ഏറെ അത്ഭുതപ്പെടുത്തുന്നതാണ്. ഏതു പാവപ്പെട്ടവന്റെ മുമ്പിലും അയാൾക്ക് റോഡ് മുറിച്ചുകടക്കാൻ കോടികളുടെ വില വരുന്ന ഫെറാറിയും റോൾസ് റോയിസുമെല്ലാം ക്ഷമയോടെ നിർത്തിക്കൊടുക്കും. ജങ്ഷനുകളിൽ സിഗ്നൽ റെഡ് ആകുമ്പോൾ വാഹനങ്ങൾ എല്ലാം ബ്രെക്ക് ചെയ്ത് നിൽക്കും.
പിന്നെ ഒരനക്കവും ഇല്ലാതെ, ഹോൺ മുഴക്കവും ഇല്ലാതെ, ഇടയിലൂടെ ഒരു വാഹനവും വന്ന് തിരുകി കയറാതെ അവിടെ വാഹനങ്ങൾ കിടക്കുന്നത് കാണുമ്പോൾ ആ വാഹനത്തിൽ ഒരു മനുഷ്യനും ഇല്ലെന്ന് തോന്നും. സിഗ്നൽ ഗ്രീൻ ആകുമ്പോൾ വാഹനങ്ങൾ കൃത്യമായ ട്രാക്കിലൂടെ വരിതെറ്റാതെ മുന്നോട്ട് പോകുന്നതുമെല്ലാം നമുക്ക് മാതൃകയാക്കാവുന്നതാണ്. നാട്ടിലെത്തിയാൽ ഏറ്റവും മിസ് ചെയ്യുന്നത് വിശാലമായ മരുഭൂമിയായിരിക്കും.
ഏറ്റവും വൃത്തിയുള്ളതും വിശാലവുമായ മരുഭൂമി! കടൽ പോലെ, ആകാശം പോലെ കണ്ടുതീരാത്ത ഒന്ന്. എത്ര പോയാലും വീണ്ടും വീണ്ടും നമ്മെ വലിച്ചടുപ്പിക്കുന്ന വശ്യത മരുഭൂമിക്കുണ്ട്. നിലാവിലും വെയിലിലും പ്രഭാതത്തിലും പ്രദോഷത്തിലുമെല്ലാം വ്യത്യസ്ത രൂപങ്ങളിലും ഭാവങ്ങളിലും മുമ്പിൽ പ്രത്യക്ഷപ്പെടുന്ന മരുഭൂമി’.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.