പ്രായവും ദൂരവും പ്രശ്നമല്ല; 74ലും സാലി മുസ്ലിയാർ സൈക്കിള്‍ സവാരിയിൽ
text_fieldsകാഞ്ഞിരപ്പള്ളി: തോട്ടുമുഖം പള്ളിയിലെ മുഅദ്ദിന് ആനക്കല്‍ മേത്തര്വീട്ടില് സാലി മുസ്ലിയാര് കാഞ്ഞിരപ്പള്ളിക്കാര്‍ക്ക് കൗതുകമാണ്. കൂടപ്പിറപ്പിനെ പോലെയാണ് ഉസ്താദിന് സൈക്കിള്‍. എവിടപ്പോയാലും സൈക്കിളിൽ തന്നെ; യാത്ര ചെറുതായാലും വലുതായാലും. ചെറുപ്രായത്തില്‍ തുടങ്ങിയ സൈക്കിള്‍ കമ്പം മുസ്ലിയാര് 74ലും തുടരുകയാണ്.
കാഞ്ഞിരപ്പള്ളിയില്‍നിന്ന് തമിഴ്നാട്ടിലെ ഏര്‍വാടിക്ക് 400 കിലോമീറ്റര്‍ യാത്രചെയ്തപ്പോൾ വീട്ടുകാരോടുപോലും പറഞ്ഞില്ല. ഒരുദിവസം കാഞ്ഞിരപ്പള്ളിയില്‍ നില്ക്കുമ്പോള് ഒരു തോന്നലായിരുന്നു ഏര്‍വാടിയിൽ എത്തണമെന്ന്. പിന്നെ ഒന്നും ആലോചിച്ചില്ല. കൈവശം പണവുമില്ല.
സൈക്കിളില്‍ സഞ്ചരിച്ച് മൂന്നാം ദിവസം ദര്ഗയിലെത്തി. പോയവഴിയില്‍ ഭക്ഷണത്തിനായും വിഷമം തോന്നിയില്ല. വഴിയോരങ്ങളില്‍നിന്ന് ലഭിച്ച പേരക്കയും പാറകളില്‍നിന്ന് ഒഴുകിയെത്തുന്ന ഉറവവെള്ളവുമായിരുന്നു ഉസ്താദിന്റെ ഭക്ഷണം. ആറാം ദിവസം തിരികെയെത്തി.
50 വര്‍ഷത്തിലധികമായി സൈക്കിള്‍ ഉപയോഗിക്കുന്നതെങ്കിലും ഇതുവരെ ഉണ്ടായിരുന്നത് രണ്ടെണ്ണം മാത്രം. 22 വര്‍ഷമായി ഉപയോഗിക്കുന്ന സൈക്കിളാണ് ഇപ്പോഴും കൈവശമുള്ളത്. ചില്ലറ പണികളെല്ലാം തീര്‍ത്ത് എപ്പോഴും നന്നായി സൂക്ഷിക്കും. സൈക്കിള്‍ മറ്റാരും കൈകാര്യം ചെയ്യാറുമില്ല. ഇടക്കിടെയുള്ള കോട്ടയം, ചങ്ങനാശ്ശേരി യാത്രയും സൈക്കിളിലാണ്.
പള്ളികളില്‍ ഇമാമായും മുഅദ്ദിനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ആനക്കല്‍, പൂതക്കുഴി, കൂവപ്പള്ളി, ഇടപ്പള്ളി, ഇടയരിക്കപ്പുഴ എന്നിവിടങ്ങളിൽ ജോലി ചെയ്തു. 35 വര്‍ഷമായി കാഞ്ഞിരപ്പള്ളി തോട്ടുമുഖം പള്ളിയിൽ ജോലി ചെയ്യുന്നു. ഈരാറ്റുപേട്ട സ്വദേശി സല്‍മത്താണ് ഭാര്യ. മക്കള്‍: താജുന്നിസ, നെജുമിന്നിസ, നിസമോള്‍, ഫൈസല്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.