മഞ്ഞലോഹത്തില്‍ ജീവിതം വിളക്കിച്ചേര്‍ക്കുന്ന മലയാളികള്‍
text_fieldsകടലിനക്കരെ പോയിവരുന്നവര്‍ കൈനിറയെ അറബിപ്പൊന്ന് കൊണ്ടുവരുന്ന ഒരു കാലമുണ്ടായിരുന്നു മലയാളിക്ക്. ഗള്‍ഫ് പ്രവാസമാണ് മഞ്ഞ ലോഹത്തിന് മലയാളക്കരയില്‍ ജനകീയത സൃഷ്ടിച്ചത്. അത്തറ് മണക്കുന്ന പെട്ടിയുമായെത്തുന്ന ഓരോ പ്രവാസിയും മഞ്ഞ ലോഹവും കൈയിൽ കരുതിയിരുന്നു. ഇത് മലയാളികളുടെ സ്വര്‍ണ്ണ ആഭിമുഖ്യം വർധിപ്പിച്ചു. പ്രവാസ ലോകത്ത് നിന്ന് പുതുപുത്തന്‍ രൂപകൽപനയില് നാട്ടിലെത്തുന്ന മൊഞ്ചുള്ള സ്വര്‍ണ്ണാഭരണങ്ങള്‍ക്ക് പിന്നിലും മലയാളിയുടെ കരസ്പര്ശങ്ങളായിരുന്നു.
കാച്ചിയെടുക്കുന്നത് വരെ ഇരുണ്ട നിറം പേറുന്ന ഈ ലോഹത്തിന്റെയത്ര തിളക്കമില്ല പണിപ്പുരക്കാരുടെ ജീവിതത്തിന്. യു.എ.ഇയിലെ സ്വര്‍ണ്ണ നിര്‍മ്മാതാക്കളുടെ വര്‍ഷങ്ങളായുള്ള മുഖ്യ കേന്ദ്രമാണ് അജ്മാനിലെ ഇന്നത്തെ 'പുരാന സോന ബസാര്‍'. നൂറുകണക്കിന് സ്വര്‍ണ്ണപ്പണിക്കാര്‍ ജിവിതം വിളക്കിയെടുക്കുന്ന നൂറിലേറെ സ്ഥാപനങ്ങളുണ്ട് ഈ പ്രദേശത്ത്. ഈ ജോലി ചെയ്യുന്നവരില്‍ പകുതിയിലേറെ മലയാളികൾ. ഈ മേഖലയും പ്രതിസന്ധികളിലൂടെ സഞ്ചരിച്ചപ്പോള്‍ നിരവധി പേർ പുതിയ ലാവണങ്ങള്‍ തേടിപ്പോയതെങ്കിലും ഈ മേഖലയില്‍ മലയാളികളുടെ അപ്രമാദിത്വം ഇന്നും നിലനില്ക്കുന്നു.
ലോകത്ത് സ്വര്‍ണ്ണം ഏറ്റവും കൂടുതല്‍ വില്‍പ്പന നടക്കുന്ന ആദ്യത്തെ അഞ്ച് രാജ്യങ്ങളില്‍ യു.എ.ഇയും ഉള്‍പ്പെടും. യു.എ.ഇയിലെ സുവര്‍ണ്ണ ചരിത്രത്തില്‍ അജ്മാൻ സോന ബസാര്‍ വലിയ പങ്കാണ് വഹിക്കുന്നത്. പ്രമുഖ ജ്വല്ലറികളുടെ ആവശ്യത്തിനു അനുസരിച്ച് പുതിയ ഡിസൈനുകള്‍ നിര്‍മ്മിക്കുന്നതോടൊപ്പം സ്വന്തമായി സ്വര്‍ണ്ണം വാങ്ങി ആഭരണങ്ങള്‍ ഉണ്ടാക്കി ജ്വല്ലറികള്‍ക്ക് വില്‍ക്കുന്നവരുമുണ്ട്. ജ്വല്ലറികളുടെ സ്വര്‍ണ്ണം കൊണ്ട് നിര്‍മ്മിക്കുന്നതിന് വെറും പണിക്കൂലി മാത്രമാണ് ഇവര്‍ക്ക് ലഭിക്കുക.
സ്വന്തമായി സ്വര്‍ണ്ണം വാങ്ങി ആഭരണം ഉണ്ടാക്കി ആവശ്യക്കാരായ മൊത്ത കച്ചവടക്കാര്‍ക്ക് നല്കുമ്പോള് മാത്രമാണ് അൽപം മെച്ചം കിട്ടുകയെന്ന് തിരൂര്‍ സ്വദേശി കൃഷ്ണദാസ് പറയുന്നു. സ്വന്തമായി സ്ഥാപനം നടത്തുന്നവരില്‍ അധികപേരും ഇവിടങ്ങളില്‍ ആദ്യം പണിക്കാരായി വന്നവരാണ്. വ്യത്യസ്ത തരത്തിലുള്ള ആയിരക്കണക്കിന് ഡൈയും അനുബന്ധ മെഷീനുകളുമൊരുക്കി ഒരു സ്ഥാപനം സെറ്റാക്കി എടുക്കുമ്പോഴേക്ക് ലക്ഷക്കണക്കിന് ദിര്‍ഹം ചിലവ് വരും.
ഇന്ത്യയിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്നാണ് ആഭരണങ്ങ രൂപകല്‍പ്പനക്ക് ആവശ്യമായ ഡൈ എത്തിക്കുന്നത്. ഡൈയില്‍ മുറിച്ചെടുക്കുന്ന ഡിസൈന്‍ കൈകൊണ്ട് പണിതാണ് ഇവര്‍ ആഭരണങ്ങള്‍ നിര്‍മ്മിക്കുന്നത്. നാട്ടില്‍ നിന്ന് കുടുംബപരമായി ഇതേ ജോലി ചെയ്ത് വന്നവരും അല്ലാതെ ഇവിടെ വന്ന് പണിക്കാരായവരും ഇവിടെ തൊഴിലെടുക്കുന്നുണ്ട്.
ഇറ്റലി, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് അത്യാധുനിക യന്ത്രങ്ങളില്‍ നിര്‍മ്മിക്കുന്ന ആഭരണങ്ങളുടെ ഇറക്കുമതി വർധിച്ചതോടെ കൈകൊണ്ട് നിര്‍മ്മിക്കുന്ന ആഭരണങ്ങള്‍ക്ക് കമ്പോളത്തില്‍ ആവശ്യകത കുറഞ്ഞത് ഈ മേഖലയെ പ്രതിസന്ധിയിലേക്ക് തള്ളി വിട്ടിട്ടുണ്ടെന്ന് ഇവിടെ സ്ഥാപനം നടത്തുന്ന മലപ്പുറം വേങ്ങര സ്വദേശി ഹരിദാസ് വിവരിക്കുന്നു.
കൊറോണ പ്രതിസന്ധിയിൽ ആഭരണങ്ങളുടെ ആവശ്യകത കുത്തനെ ഇടിഞ്ഞതും കൂനിന്മേല് കുരുവായി മാറി. അതി രാവിലെ ജോലിക്ക് കയറി രാത്രി ഏറെ വൈകും വരെ പണിയെടുത്താലേ കഴിഞ്ഞു കൂടാനുള്ള വക പിരിഞ്ഞു കിട്ടുകയുള്ളൂ. ഇത്തരം പ്രതിസന്ധികള്‍ പുതു തലമുറയെ ഈ മേഖലയില്‍ നിന്ന് പിറകോട്ടടിച്ചിട്ടുണ്ട്. തങ്ങളുടെ മക്കള്‍ പോലും ഈ മേഖലയെ ഉപേക്ഷിച്ച് മറ്റു മേഖലയിലേക്ക് ചേക്കേറുന്നതതായി ഇവര്‍ തിരിച്ചറിയുന്നു.
സ്വര്‍ണ്ണം കാച്ചാന്‍ നെരിപ്പോടിലേക്ക് ഊതുന്ന രീതി വിട്ടു ഗ്യാസ് ബര്‍ണര്‍ ഉപയോഗിക്കുന്ന സൗകര്യം വന്നു എന്നതാണ് ഈ മേഖലയില്‍ ഇവര്‍ക്കുണ്ടായ പ്രകടമായ ഏക മാറ്റം. മറ്റൊരു പണിയും അറിയില്ല എന്നതാണ് മഞ്ഞ ലോഹത്തില്‍ വിസ്മയം തീര്‍ക്കുന്ന ഇവരെ ഇപ്പോഴും ഈ മേഖലയില്‍ പിടിച്ചു നിര്‍ത്തുന്നത്. മുപ്പതും നാല്പതും വര്‍ഷമായി ഈ മേഖലയില്‍ ജോലി ചെയ്യുന്നവരെ നമുക്കിവിടെ കാണാം. ജോലി ഉപേക്ഷിച്ച് നാടണയേണ്ടി വരുന്ന ഇവരുടെ ജീവിതം പണയംവെച്ചപൊന്നുപോലെയാണ്.
ഈ മേഖലയില്‍ വര്‍ഷങ്ങളുടെ പരിജ്ഞാനമുള്ള മുതിര്‍ന്നവരുടെ അറിവും, പുതു തലമുറയുടെ ജന്മസിദ്ധമായ താല്പര്യവും ആധുനിക സാങ്കേതിക വിദ്യയും ഉപയോഗപ്പെടുത്തി നമ്മുടെ നാട്ടില്‍ തന്നെ ലോകോത്തരമായ സ്വര്‍ണ്ണ നിര്‍മ്മിതികള്‍ ഉണ്ടാക്കിയെടുക്കാന്‍ കഴിയും എന്നത് വസ്തുതയാണ്. അതു വഴി വിദേശത്തേക്ക് ജോലി തേടിപ്പോകുന്ന ആളുകള്‍ക്ക് പകരം വിദേശ നാണയം നാട്ടിലേക്ക് ഒഴുകിയെത്തുന്ന സംരംഭം തീര്‍ക്കാന്‍ മലയാളിക്ക് കഴിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.