മധുവിന്‍റെ ഒറ്റക്കൈയിൽ വിരിയുന്നത് ശിൽപ വസന്തം
text_fieldsനീലേശ്വരം: ഇരുകാലുകളും ഇടതു കൈയും ശേഷിയില്ലാത്ത ചിത്രകാരൻ പരിമിതികളോട് പൊരുതി വിസ്മയം തീർക്കുന്നു. നീലേശ്വരം കൊയാമ്പുറത്തെ പരേതരായ കറുത്തകുഞ്ഞി-നാരായണി ദമ്പതികളുടെ മകൻ പി.വി. മധുവാണ് വിസ്മയം തീർക്കുന്നത്. ഏഴാമത്തെ വയസ്സിൽ പിടിപെട്ട പോളിയോ മധുവിന്റെ ജീവിതത്തിൽ കരിനിഴൽ പരത്തി.
പിന്നീട് രണ്ടുവർഷം മധു 'മരിച്ച്' ജീവിക്കുകയായിരുന്നു. പത്താമത്തെ വയസ്സിൻ മെല്ലെ നിറക്കൂട്ടുകളെ ചേർത്തുപിടിച്ചതോടെ ജീവിതത്തിന് പ്രകാശം പരന്നു. ചലനമറ്റ രണ്ട് കാലുകളും ഇടത് കൈയും അരയിൽ തിരുകി വലതുകൈ നിലത്ത് കുത്തിയുള്ള സഞ്ചാരം ഏതൊരു മനുഷ്യനെയും കരളലിയിപ്പിക്കുന്നതാണ്.
ഇതിനിടയിൽ നീലേശ്വരം ശ്യാമ ചിത്രകല വിദ്യാലയത്തിലെ ശശിയോടൊപ്പം ചേർന്നതോടെ മധുവെന്ന കലാകാരൻ ഉയിർത്തെഴുന്നേറ്റു. ഒറ്റകൈയിൽ വിരിയിച്ചെടുക്കുന്ന ജീവൻ തുടിക്കുന്ന ശിൽപങ്ങൾ മധുവിനെ പിന്നീട് പ്രശസ്തനാക്കി. ശിൽപങ്ങൾ തേടി ആളുകളുടെ ഒഴുക്കായിരുന്നു. ഏതു ചിത്രവും ശിൽപവും ഒറ്റക്കൈയിൽ മിഴിവുറ്റതാക്കും.
കണ്ണൂർ, കാസർകോട് ജില്ലകളിലെ നിരവധി ക്ഷേത്രങ്ങളിൽ മധുവിന്റെ ചിത്രവും ശിൽപവും കാണാം. ഈ കലാകാരന്റെ കഴിവിന് കേരള ലളിതകല അക്കാദമിയുടെ അംഗീകാരം തേടിയെത്തിയിരുന്നു. നീലേശ്വരം രാഗവീണ സംഗീത വിദ്യാലയത്തിലേക്ക് അഞ്ചടി ഉയരമുള്ള നിലവിളക്ക് കളിമണ്ണിൽ നിർമിച്ച് കൊടുത്തിട്ടുണ്ട്.
ഭിന്നശേഷിക്കാരിയായ കാഞ്ഞങ്ങാട് നെല്ലിക്കാട്ടെ ബിന്ദു, മധുവിന്റെ വൈകല്യങ്ങളെ ചേർത്തുപിടിച്ച് ജീവിതപങ്കാളിയായി. നിറക്കൂട്ടുകൾ കഴുത്തിൽ കെട്ടിവെച്ച് വായിൽ ബ്രഷ് കടിച്ചുപിടിച്ച് എത്ര ഉയരത്തിലും കയറി രൂപങ്ങൾക്ക് നിറച്ചാർത്ത് നൽകാനുള്ള തന്റെ കരവിരുത് ഇതിനകം മധു തെളിയിച്ചുകഴിഞ്ഞു.
ചെറുവത്തൂർ ഓരി ഒറ്റക്കോല മഹോത്സവത്തിനായി മൂന്നടി ഉയരത്തിലുള്ള വിഷ്ണുമൂർത്തിയുടെ രൗദ്രഭാവത്തിലുള്ള ശിൽപമാണ് ഒടുവിൽ ഒറ്റകൈയ്യിൽ തയാറാക്കിയത്. ഏക മകൻ ആരുഷും മധുവിന്റെ വഴിയിൽ സഞ്ചാരം തുടങ്ങിക്കഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.