മലബാറിന്റെ സ്വന്തം അടുക്കളക്കാരൻ
text_fieldsകോഴിക്കോട് പയ്യോളി അങ്ങാടി സ്വദേശി മുഹമ്മദലി ചക്കോത്ത് എന്നു പറഞ്ഞാൽ ഒരുപക്ഷേ അധികമാരും അറിയണമെന്നില്ല. എന്നാൽ 'മലബാർ അടുക്കള' എന്നുപറഞ്ഞാൽ മലയാളികൾ, പ്രത്യേകിച്ച് പ്രവാസികൾക്ക് സുപരിചിതമായിരിക്കും. സാമൂഹിക മാധ്യമങ്ങൾ മലയാളിയെ വലിയ രീതിയിൽ സ്വാധീനിച്ചു തുടങ്ങിയ കാലത്ത് ഫേസ്ബുക്കിൽ ഉദയം കൊണ്ട കൂട്ടായ്മയാണത്. ഇന്നതിന് അഞ്ചുലക്ഷത്തിലേറെ അംഗങ്ങളുണ്ട്.
മലബാറിലെ തനതായ രുചികളും റെസിപ്പികളും പങ്കുവെക്കുന്ന രീതിയിലാണിതിന് തുടക്കമിട്ടത്. 2014ൽ കൂട്ടായ്മ ആരംഭിക്കുേമ്പാൾ മലബാറിലെ രുചിയോട് താൽപര്യമുള്ളവർക്ക് ഒരു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം എന്നത് മാത്രമായിരുന്നു ലക്ഷ്യം. പക്ഷേ അതിരുകളും ആഗ്രഹങ്ങളും കടന്ന് ആ കൂട്ടായ്മ വളർന്നു. പ്രവാസികൾക്കിടയിൽ, പ്രത്യേകിച്ച് സ്ത്രീകൾക്കിടയിൽ അതിവേഗം മലാബാർ അടുക്കള ഹിറ്റായി. മലബാറുകാരിൽ മാത്രമൊതുങ്ങാതെ മലയാളികളെ മുഴുവൻ അതാകർഷിച്ചു. അതിനുമപ്പുറം ഭൂഗണ്ഡങ്ങളും കടന്ന് അത് സഞ്ചരിക്കാനും തുടങ്ങി. വെർച്വൽ ലോകത്ത് നിന്നുമിറങ്ങി, ആക്ച്വൽ ലോകത്തുമത് ശ്രദ്ധനേടി.
ഇന്നിപ്പോൾ ലോകത്തെ 14രാജ്യങ്ങളിലെ 56സ്ഥലങ്ങളിൽ 'മലബാർ അടുക്കള' കൂട്ടായ്മകളുടെ യൂനിറ്റുണ്ട്. കൂട്ടായ്മയിലും പുറത്തുമുള്ള നിരവധി പേരിലുടെ അനേകം ജീവകാരുണ്യ പ്രവർത്തനങ്ങളും നടക്കുന്നു. സ്വന്തം ബ്രാൻഡിൽ അച്ചാറും റസ്റ്ററൻറും തുടങ്ങി. നിരവധി കുക്കറി ഷോകളും മൽസരങ്ങളും നടത്തി പാചക മേഖലയിലെ നിരവധിപേർക്ക് പ്രോൽസാഹനം നൽകി. അതിനുമപ്പുറം ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ പ്രയാസപ്പെടുന്ന മനുഷ്യരിലേക്ക് അന്നവും സാന്ത്വനവുമായി എത്തിച്ചേരുന്നു.
മുഹമ്മദലിയുടെ ചെറിയ ഉദ്യമം
വീണ്ടും മുഹമ്മദലിയിലേക്ക് വരാം. 'മലബാർ അടുക്കള' എന്ന ആഗോള അടുക്കളയുടെ സ്ഥാപകനാണിദ്ദേഹം. വളരെ സാധാരണമായ ജീവിതാനുഭവങ്ങളിലൂടെ കടന്നുപോയ യു.എ.ഇയിലെ ഒരു പ്രവാസി മാത്രമായിരുന്നു മുഹമ്മദലി. തീർത്തും ഗ്രാമീണമായ അന്തരീക്ഷത്തിൽ വളർന്നുവന്ന ഇദ്ദേഹം പാചക കലയിൽ വലിയ പ്രാവീണ്യമോ കമ്പമോ ഉള്ളയാളല്ല. സ്വന്തം തറവാട് വീടിെൻറ ഭാഗമായ റസ്റ്ററൻറിൽ, ഭക്ഷ്യവിഭവങ്ങളുടെ അന്തരീക്ഷത്തിൽ ബാല്യകൗമാരങ്ങൾ ചിലവിട്ട അനുഭവങ്ങളുള്ളതിനാൽ പാചകത്തിെൻറ ബാലപാഠങ്ങൾ അറിയാമെന്ന് മാത്രം. പ്രീഡിഗ്രി കഴിഞ്ഞ് ജീവിതപ്രരാബ്ദങ്ങളുമായി 25വർഷം മുമ്പാണ് പ്രവാസലോകത്തെത്തുന്നത്.
കൃത്യമായി പറഞ്ഞാൽ 1997 ഒക്ടോബർ 17ന് ദുബൈയിലെത്തി. അമ്മാവൻമാരാണ് യു.എ.ഇയിലേക്ക് വഴി തുറന്നത്. ആദ്യകാലത്ത് ജോലിയന്വേഷിച്ച് എല്ലാവരെയും പോലെ കുറച്ച് അലഞ്ഞു. പിന്നീട് ദുബൈയിൽ ഒരു റസ്റ്ററൻറിൽ ജോലി ലഭിച്ചു. അക്കാലത്ത് അറബികളായിരുന്നു അവിടെ എത്തുന്നവരിൽ കൂടുതലും. അക്കൂട്ടത്തിൽ ഒരാളോടുള്ള അടുപ്പം ദുബൈ ടി.വിയിൽ ജോലി ലഭിക്കാൻ കാരണമായി. ആ ജോലിയിലൂടെ ജീവിതത്തിെൻറ നിറമുള്ള അനുഭവങ്ങളിലേക്ക് പ്രവേശിച്ചതോടെ അൽപം സാമൂഹിക പ്രവർത്തനങ്ങളിലും പങ്കാളിയായി.
രണ്ടായിരത്തിെൻറ രണ്ടാം ദശകത്തിെൻറ ആദ്യ നാളുകളിൽ സാമൂഹിക മാധ്യമങ്ങൾ ലോകമാകെ തരംഗം സൃഷ്ടിച്ച കാലത്ത് 'പേയാളി അങ്ങാടി' ഫേസ്ബുക്ക് കൂട്ടായ്മ എന്നൊരു ഗ്രൂപ്പ് മുഹമ്മദലി തുടങ്ങി. പലവിധ ജീവകാരുണ്യപ്രവർത്തനങ്ങളും വിനോദങ്ങളും കൂട്ടായ്മക്ക് കീഴിൽ നടന്നു. പിന്നീട് വർഷങ്ങൾ പിന്നിട്ടപ്പോൾ സ്വന്തമായൊരു ഫേസ്ബുക്ക് കൂട്ടായ്മയെ കുറിച്ച് ചിന്തിച്ചു. അത് മലബാറിലെ രുചികളെ പരിചയപ്പെടുത്തുന്നതാകട്ടെയെന്ന് മുഹമ്മദലി തീരുമാനിച്ചു. അങ്ങനെയാണ് 'മലബാർ അടുക്കള' പിറന്നത്.
അരങ്ങിലേക്ക് വളർന്ന 'അടുക്കള'
ദിവസം കഴിയുന്തോറും വെർച്വൽ അടുക്കള വളർന്നു. വിഭവങ്ങൾ കുന്നുകൂടി, കൂടെ സംഘാംഗങ്ങളും. കൂടുതലും സ്ത്രീകൾ തന്നെയായിരുന്നു. പുരുഷൻമാരും മടിച്ചുനിന്നില്ല. ബാച്ചിലേഴ്സും ഷെഫുമാരും വരെ ഗ്രൂപ്പിൽ നിന്ന് പാചകക്കുറിപ്പുകൾ കണ്ടെത്തി ഉപയോഗിക്കാൻ തുടങ്ങി. അതിനിടെയിൽ പതിയെപ്പതിയെ സോഷ്യൽ മിഡിയക്ക് പുറത്തും കൂട്ടായ്മ വളർന്നു. എല്ലാത്തിനും നേതൃത്വം മുഹമ്മദലി തന്നെയായിരുന്നു.
ഫുഡ് ബാങ്ക് സംരഭം അത്തരത്തിൽ സാമൂഹിക സേവനത്തിെൻറ പുതിയ അധ്യായം തന്നെ തീർത്തു. ഒന്നരലക്ഷത്തോളം പേർക്ക് അന്നമെത്തിക്കാൻ ഇതിലൂടെ സാധിച്ചു. 10വീടുകൾ പണിതുനൽകി. 100ലേറെ സ്ഥലങ്ങളിൽ രക്തദാന ക്യാമ്പുകൾ നടത്തി. ഇന്ത്യയിലും ഗൾഫ് രാജ്യങ്ങളിലും മാത്രമല്ല, ടെക്സസിലും മെൽബണിലുമെല്ലാം കൂട്ടായ്മകൾ സജീവമായി. കോവിഡിൽ ലോകം മുഴുവൻ വിറങ്ങലിച്ചു നിന്ന ഘട്ടത്തിൽ ഒഴുകിയ സഹായ ഹസ്തങ്ങളിൽ ഈ കൂട്ടായ്മയുടെ സംഭാവനയുമുണ്ടായിരുന്നു. അക്കാലത്ത് തന്നെയാണ് ഡൽഹി ജമാമസ്ജിദ് പരിസരത്ത് നിരവധിപേർക്ക് ഇവർ ഭക്ഷണമൊരുക്കിയത്.
കൂട്ടായ്മ ശക്തിപ്പെട്ടതോടെ വൈവിധ്യങ്ങളായ മേഖലകളിലേക്കും കാലെടുത്തുവെക്കാൻ ശ്രമങ്ങളാരംഭിച്ചു. ഇതിനായി ജോലി മാറ്റിവെച്ച് മുഴുസമയ 'മലബാർ അടുക്കള' പ്രവർത്തകനായി മുഹമ്മദലി. അങ്ങനെയാണ് റസ്റ്ററൻറും അച്ചാർ നിർമാണവുമടക്കമുള്ള മേഖലകളിലേക്ക് തിരിയുന്നത്. ദുബൈ കറാമയിൽ ആരംഭിച്ച റസ്റ്ററൻറ് കോവിഡ് കുത്തൊഴുക്കിൽ പ്രയാസത്തിലായെങ്കിലും തിരിച്ചുവരാനുള്ള ശ്രമത്തിലാണിപ്പോൾ. അച്ചാറുകൾക്ക് റസിപ്പി 'മലബാർ അടുക്കള'ഫേസ്ബുക്കിൽ ഗ്രൂപ്പിൽ നിന്നു തന്നെയാണ് കണ്ടെടുത്തത്. ജീവകാരുണ്യ രംഗത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട 'സമൃദ്ധി' എന്ന സ്കൂൾ വിദ്യാർഥികൾക്ക് ഭക്ഷണമെത്തിക്കുന്ന പദ്ധതിയും ഏറെ പ്രശംസ നേടിയ കൂട്ടായ്മയുടെ ഉദ്യമമാണ്.
പുതിയ സംരഭങ്ങൾ സ്വപ്നങ്ങൾ
ഫേസ്ബുക്ക് ഗ്രൂപ്പിൽ നിന്ന് വളർന്ന കൂട്ടായ്മ മുഹമ്മദലി ചക്കോത്തിെൻറ നേതൃത്വത്തിൽ പുതിയ സംരഭങ്ങളിലേക്ക് പടരാനുള്ള ശ്രമത്തിലാണിപ്പോൾ. ആദ്യ ചുവടുവെപ്പായി 'മലബാർ അടുക്കള'യുടെ മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറങ്ങിയിട്ടുണ്ട്. പാചകക്കുറിപ്പുകളും വീഡിയോ കുക്കറികളുമാണ് ഇതിെൻറ ഹൈലൈറ്റ്. ലോകത്താകമാനമുള്ള കൂട്ടായ്മയിലെ അംഗങ്ങളെ ഉൾകൊള്ളിച്ച് സൗജന്യ ഭക്ഷണ വിതരണത്തിന് ആപ്ലിക്കേഷൻ തയ്യാറാക്കാനുള്ള ആലോചനയിലാണിപ്പോൾ.
പാചക പഠനത്തിന് ആഗോള നിലവാരമുള്ള ഒരു സ്ഥാപനമുയർത്തികൊണ്ടുവരണമെന്ന സ്വപ്നവും താലോലിക്കുന്നുണ്ട്. മുഹമ്മദലിക്ക് തെൻറ പ്രയാണത്തിന് പൂർണ പിന്തുണയുമായി കുടുംബം കൂടെയുണ്ട്. ഉപ്പ അബ്ദുല്ലയും ഉമ്മ ഫാത്തിമയും നാട്ടിലാണുള്ളത്. ഭാര്യ ജസീറയും മക്കളായ പത്താം ക്ലാസുകാരി നഷ്വയും എട്ടാം ക്ലാസുകാരൻ നിദാലും എൽ.കെ.ജിക്കാരി നസ്തയും ദുബെയിൽ കൂടെയുണ്ടായിരുന്നു. കോവിഡ് കാലത്തിന് മുമ്പ് നാട്ടിലേക്ക് മടങ്ങിയതാണ്. എല്ലാവരും തെൻറ സ്വപ്നങ്ങൾക്ക് കട്ട സപ്പോർട്ടാണെന് മുഹമ്മദലി സന്തോഷത്തോടെ പങ്കുവെക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.