മാളവികയും നന്ദഗോപനും; സംസ്ഥാനത്ത് മറ്റൊരു സിവിൽ സർവിസ് ദമ്പതിമാർ കൂടി
text_fieldsതിരുവനന്തപുരം: സിവിൽ സർവിസിൽ മറ്റൊരു ദമ്പതിമാർ കൂടിയായി; ചെങ്ങന്നൂരിൽനിന്നുള്ള മാളവികയും നന്ദഗോപനും. ചെങ്ങന്നൂർ കീഴ്ചേരിമേൽ ശാസ്താംകുളങ്ങര ചുനാട്ട് മഞ്ജീരം വീട്ടിലെ ഡോ. എം. നന്ദഗോപനും ഭാര്യ മാളവിക ജി. നായരുമാണ് പുതിയ തലമുറയിൽനിന്ന് സിവിൽ സർവിസ് നേടിയവർ.
ചീഫ് സെക്രട്ടറി വി. വേണുവും അഡീഷനൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരനും സിവിൽ സർവിസ് ദമ്പതിമാരാണ്. ഐ.എ.എസുകാരായ ശ്രീറാം വെങ്കിട്ടരാമൻ-രേണുരാജ്, ഐ.ജി പി. വിജയൻ-പോര്ട്ട് ട്രസ്റ്റ് ചെയര്പേഴ്സൺ ഡോ. എം. ബീന, ഡോ. വാസുകി- ഡോ. കാർത്തികേയൻ തുടങ്ങി ദമ്പതിമാരുടെ പട്ടിക നീളും.
മാളവിക 2019ൽ സിവിൽ സർവിസ് എൻട്രൻസിൽ 118ാം റാങ്ക് നേടി ഐ.ആർ.എസിൽ ജോലിയിൽ പ്രവേശിച്ചിരുന്നു. മംഗളൂരുവിൽ കസ്റ്റംസ് അസിസ്റ്റന്റ് കമീഷണറാണ്.
2020ലായിരുന്നു ഇവരുടെ വിവാഹം. മാളവിക ഭർത്താവിനൊപ്പം വീണ്ടും സിവിൽ സർവിസിന് ശ്രമിച്ചത് ഐ.എ.എസ് മോഹത്തോടെയായിരുന്നു. ഒപ്പം ഭർത്താവ് നന്ദഗോപന് കൂട്ടും. ഭർത്താവ് 233ാം റാങ്ക് നേടി ഐ.പി.എസിന് ഒരുങ്ങുമ്പോൾ ഭാര്യ 172ാം റാങ്ക് നേടി. ഐ.ആർ.എസിൽ തന്നെ തുടരാനാണ് അവരുടെ തീരുമാനം.
സിവിൽ സർവിസ് ജേതാക്കൾക്ക് സെന്റർ ഫോർ കണ്ടിന്യൂയിങ് എജുക്കേഷൻ കേരള (സി.സി.ഇ.കെ) തിരുവനന്തപുരത്ത് സംഘടിപ്പിച്ച അനുമോദനം സ്വീകരിക്കാൻ മാളവികക്ക് എത്താനായില്ല. മലയാള സാഹിത്യമായിരുന്നു നന്ദഗോപൻ ഐച്ഛിക വിഷയമായി തെരഞ്ഞെടുത്തതെങ്കിൽ മാളവിക സോഷ്യോളജിയായിരുന്നു.
ഇന്ത്യൻ ഓവർസീസ് ബാങ്ക് റിട്ട. ചീഫ് മാനേജർ ആർ. മോഹനകുമാറിന്റെയും കോഴഞ്ചേരി ജില്ല ആശുപത്രിയിലെ സൈക്യാട്രി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. പ്രതിഭയുടെയും മകനാണ് നന്ദഗോപൻ. കോട്ടയം മെഡിക്കൽ കോളജിൽനിന്നാണ് എം.ബി.ബി.എസ് പൂർത്തിയാക്കിയത്. പത്തനംതിട്ട ജില്ല മാനസികാരോഗ്യ പരിപാടി മെഡിക്കൽ ഓഫിസറാണ്.
തിരുവല്ല മുത്തൂർ ഗോവിന്ദ നിവാസിൽ കെ.എഫ്.സി റിട്ട. ഡെപ്യൂട്ടി ജനറൽ മാനേജർ കെ.ജി. അജിത്ത്കുമാറിന്റെയും ഡോ. ഗീതാലക്ഷ്മിയുടെയും മകളാണ് മാളവിക. ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽനിന്ന് എൻജിനീയറിങ് ബിരുദം നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.