ഹരിത നാളേക്കായി മലയാളിയുടെ 104 കി.മീറ്റർ മാരത്തൺ
text_fieldsദുബൈ: ആഗോള കാലാവസ്ഥ ഉച്ചകോടിയായ കോപ്28 മുന്നോട്ടുവെച്ച ഹരിതസന്ദേശം പ്രചരിപ്പിക്കുന്നതിനായി 104 കിലോമീറ്റർ ദൂരം നഗ്നപാദനായി ഓടി മലയാളി. ബംഗളൂരുവിൽ താമസക്കാരനായ 34കാരൻ ആകാശ് നമ്പ്യാരാണ് ദുബൈയിലെ ലവ് ലേക്ക് മുതൽ ബുർജ് ഖലീഫ വരെ മാരത്തൺ സംഘടിപ്പിച്ചത്. 17 മണിക്കൂറും 20 മിനിറ്റും എടുത്താണ് ആകാശ് ദൂരം പിന്നിട്ടത്. ദുബൈയിലെ മരുഭൂമികൾ, ബീച്ചുകൾ,
നഗരപ്രദേശങ്ങൾ എന്നിവ താണ്ടിയാണ് ആകാശ് ദീർഘദൂര മാരത്തൺ കാമ്പയിൻ പൂർത്തീകരിച്ചത്. ഓട്ടത്തിനിടെ സമാന ചിന്താഗതിയുള്ളവരുമായി സംഭാഷണത്തിലും ഏർപ്പെട്ടിരുന്നു. പരിസ്ഥിതിസംരക്ഷണത്തെക്കുറിച്ച് താൻ അറിയിക്കാൻ ആഗ്രഹിക്കുന്ന സന്ദേശം പ്രചരിപ്പിക്കാനുള്ള മികച്ച മാർഗമാണിതെന്ന് ആകാശ് പറഞ്ഞു.
കോപ്28 കഴിഞ്ഞ ഉടനെയാണ് കാർബൺ മലിനീകരണം കുറക്കണമെന്ന സന്ദേശം പ്രചരിപ്പിക്കാനായി മാരത്തൺ ആസൂത്രണം ചെയ്തത്. നമുക്ക് ഒരു ഭൂമിയേ ഉള്ളൂ. ഇന്ത്യയിലെയും യു.എ.ഇയിലെയും നേതാക്കളിൽനിന്നുള്ള മഹനീയമായ പ്രകൃതിസംരക്ഷണ സന്ദേശം പ്രോത്സാഹിപ്പിക്കാനാണ് എന്റെ ശ്രമം. നേതാക്കൾ അവരുടെ ജോലി ചെയ്തു കഴിഞ്ഞു.ഇനി നമ്മുടെ ഊഴമാണ്- ആകാശ് കൂട്ടിച്ചേർത്തു.
‘നഗ്നപാദയായ മല്ലു’ എന്നാണ് ആകാശ് കൂട്ടുകാർക്കിടയിൽ അറിയപ്പെടുന്നത്. ശനിയാഴ്ച പുലർച്ച 6.40ന് അൽ ഖുദ്റയിലെ ലവ് ലേക്കിൽനിന്ന് ആരംഭിച്ച മാരത്തൺ പാം ജുമൈറ, ബുർജുൽ അറബ്, ഇത്തിഹാദ് മ്യൂസിയം എന്നിവ കടന്നാണ് അർധരാത്രിയോടെ ബുർജ് ഖലീഫയിലെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.