ബൈക്കിൽ ലോകം കണ്ട് മലയാളി ദമ്പതികൾ
text_fieldsമനാമ: ഇരുചക്രവാഹനത്തിൽ ലോക സഞ്ചാരത്തിനിറങ്ങിയ മലയാളി ദമ്പതികൾ ബഹ്റൈനിലുമെത്തി. സൗദിയിൽ ബിസിനസ് ചെയ്യുന്ന ഹാറൂന്‍ റഫീഖും ഭാര്യ ഡോ. ഫര്‍സയുമാണ് ലോകസഞ്ചാരത്തിനിടയിൽ ബഹ്റൈനിലെത്തിയത്. മുമ്പ് യൂറോപ്യൻ രാജ്യങ്ങൾ ബൈക്കിൽ പിന്നിട്ടിട്ടുള്ള ദമ്പതികൾ ഇക്കുറി ഗൾഫ് രാജ്യങ്ങൾ ചുറ്റിയടിക്കാനാണ് തീരുമാനിച്ചത്. ഫെബ്രുവരി 17 ന് ജിദ്ദയിൽനിന്നാണ് യമഹ സൂപ്പർ ബൈക്കിൽ യാത്രപുറപ്പെട്ടത്.
13ാമത്തെ സാഹസിക സവാരിയാണ് ഈ ദമ്പതികളുടേത്. ഇതുവരെയുള്ള യാത്രകൾക്ക് ബി.എം.ഡബ്ല്യൂ ബൈക്കാണ് ഉപയോഗിച്ചിരുന്നതെന്ന് ഹാറൂൻ റഫീഖ് ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. ജിദ്ദയില്‍നിന്നും 1200 കി.മീ. താണ്ടി ജോർഡനിലെത്തി. സൗദി അറേബ്യയിലെ ചരിത്രപ്രസിദ്ധങ്ങളായ ബദ്ര്, അല്‍ ഉല, മദായിൻ സാലിഹ്, ദുബ തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചശേഷമാണ് ജോർഡനിലേക്ക് പ്രവേശിച്ചത്.
പെട്ര, ചാവുകടല്‍, ഖുര്‍ആനില്‍ പരാമര്‍ശിച്ച ഗുഹ, ജറാഷ്, മൗണ്ട് നെബു തുടങ്ങിയവ സന്ദര്‍ശിച്ചു. ഇതിനുമുമ്പ്, 2010ല്‍ യൂറോപ്പിലെ വിവിധ രാഷ്ട്രങ്ങളിലൂടെ കടന്നുപോകുന്ന ആല്‍പ്സ് പർവതങ്ങള്‍ താണ്ടുകയുണ്ടായി. ജർമനി, ഓസ്ട്രിയ, സ്ലൊവീനിയ, ഇറ്റലി എന്നീ രാജ്യങ്ങളായിരുന്നു ആ യത്രയില്‍ സന്ദര്‍ശിച്ചത്. രണ്ടാമത്തെ യാത്ര ദക്ഷിണേന്ത്യയിലേക്കും അതിനുശേഷം ദക്ഷിണാഫ്രിക്കയിലേക്കുമായിരുന്നു. ബൈക്കിലൂടെ ഭര്‍ത്താവിനോടൊപ്പം സഞ്ചരിക്കാനും പുതുകാഴ്ചകള്‍ കാണാനും അനുഭവിക്കാനും സാധിച്ചത് വലിയൊരു സൗഭാഗ്യമാണെന്ന് ഡോ. ഫര്‍സ പറഞ്ഞു.
അമേരിക്കയും ന്യൂസിലന്‍ഡും തെക്കെ അമേരിക്കയും ബോസ്നിയ, ഹെര്‍സഗോവിന, ക്രൊയേഷ്യ, മോണ്ടിനെഗ്രോ, ഇറ്റലി, ഐസ്ലന്ഡ്, ഫ്രാന്‍സ്, ബെല്‍ജിയം തുടങ്ങിയ 25ഓളം രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. ജോർഡന് സന്ദര്‍ശനം കഠിനമായിരുന്നെന്ന് ഹാറൂന്‍ റഫീഖ് പറഞ്ഞു. അസഹ്യമായ തണുപ്പായിരുന്നു അവിടെ. ചെങ്കുത്തായ റോഡുകളിലൂടെയുള്ള ബൈക്ക് യാത്ര ദുഷ്കരമായിരുന്നു. പക്ഷേ, ദൗത്യം പൂർത്തീകരിക്കുക തന്നെ ചെയ്തു.
ബഹ്റൈൻ സന്ദർശിച്ച ദമ്പതികൾ സൗദി വഴി ഖത്തറിലേക്ക് പോകും. പിന്നീട് യു.എ.ഇ, ഒമാന്‍ തുടങ്ങിയ രാജ്യങ്ങൾ സന്ദർശിക്കും. ബംഗളൂരുവിൽ സ്ഥിരതാമസമാക്കിയ ഹാറൂന്‍ റഫീക് കോഴിക്കോട് സ്വദേശിയും ഡോ. ഫര്‍സ കാസര്‍കോട് സ്വദേശിനിയുമാണ്. യാത്രസംബന്ധമായ കൂടുതല്‍ വിവരങ്ങള്‍: www.rideforpassion.com ൽ. മകന് ആദിലും മകള്‍ അമലും ബംഗളൂരുവിൽ പഠിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.