സ്വിറ്റ്സർലൻഡ് ക്രിക്കറ്റിൽ മലയാളി; തിളക്കമായി സഹോദരങ്ങൾ
text_fieldsപയ്യന്നൂർ: സ്വിറ്റ്സർലൻഡ് ക്രിക്കറ്റിൽ മലയാളി തിളക്കമായി സഹോദരങ്ങൾ. പയ്യന്നൂരിലും തലശ്ശേരിയിലും വേരുള്ള അർജുൻ വിനോദും അനുജൻ അശ്വിൻ വിനോദുമാണ് രാജ്യാന്തര ക്രിക്കറ്റിലെ ഈ പുതിയ താരോദയം. തലശ്ശേരി ബാറിലെ അഭിഭാഷകനും പയ്യന്നൂർ വെള്ളൂർ സ്വദേശിയുമായ പരേതനായ കെ.കെ. കുഞ്ഞികൃഷ്ണ പൊതുവാളുടെയും കരിപ്പത്ത് സീതാലക്ഷ്മി അമ്മയുടെയും കൊച്ചുമക്കളാണ് സ്വിറ്റ്സർലൻഡ് ദേശീയ ക്രിക്കറ്റ് ടീമിന്റെ ജീവനാഡികളായ ഈ സഹോദരങ്ങൾ.
ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ ഓൾറൗണ്ടർമാരാണ് ഇരുവരും. ചെറുപ്രായത്തിൽത്തന്നെ പിതാവ് വിനോദിന്റെ ശിക്ഷണത്തിലാണ് അർജുനും അശ്വിനും ബാറ്റെടുത്തു തുടങ്ങിയത്. വിദ്യാർഥികളായിരിക്കെ സ്വിസ് ജൂനിയർ ടീമിൽ ഇടം കണ്ടെത്തി. 2021 മുതൽ സ്വിസ് ദേശീയ സീനിയർ ടീമിൽ അംഗങ്ങളാണ് ഈ സഹോദരങ്ങൾ.
ജനീവ റീജനൽ യൂത്ത് ക്രിക്കറ്റിലൂടെ പാഡണിഞ്ഞ ഓൾറൗണ്ടറായ അർജുൻ വിനോദ് അണ്ടർ 15, അണ്ടർ 17, അണ്ടർ 19 ടീമുകളുടെ നായകനായി തിരഞ്ഞെടുക്കപ്പെട്ടു. യു.കെയിലും ഡെൻമാർക്കിലും ബെൽജിയത്തിലും ഫ്രാൻസിലും ജർമനിയിലും സ്വിസ് ടീമിനൊപ്പം വിജയശിൽപിയായി മാറിയതോടെ സ്വിസ് ജനതയുടെ പ്രിയതാരമായി അർജുൻ മാറി. 2022ൽ ദേശീയ ടീമിന്റെ നായകനായ അർജുൻ ബെസ്റ്റ് ബൗളറായും പ്ലെയർ ഓഫ് ദ മാച്ച് ആയും നിരവധി തവണ തിരഞ്ഞെടുക്കപ്പെട്ടു. 2023ൽ അഞ്ച് യൂറോപ്യൻ രാജ്യങ്ങളുടെ ടി20 മത്സരത്തിൽ ബെസ്റ്റ് ബാറ്റ്സ്മാനായതും അർജുൻ തന്നെ. സ്വിസ് നാഷനൽ ലീഗ് ചാമ്പ്യൻഷിപ്പിൽ 2023ൽ ആറ് ഇന്നിങ്സുകളിലായി ഒരു സെഞ്ച്വറിയും മൂന്ന് അർധ സെഞ്ച്വറിയും ഉൾപ്പെടെ 292 റൺ നേടി ക്ലബ് ടീമിനെ വിജയത്തിലേക്ക് നയിച്ചു.
അക്കൗണ്ടിങ് ആൻഡ് ഫൈനാൻസിൽ ബിരുദവും ഫിനാൻസ് ആൻഡ് മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദവും നേടിയ അർജുൻ ഇപ്പോൾ ജനീവയിൽ ജോലി ചെയ്യുന്നു. സഹോദരനുപിന്നാലെ സ്വിസ് ക്യാപ്പണിഞ്ഞ അശ്വിൻ ഇപ്പോൾ ദേശീയ ടീമിന്റെ ഓപണിങ് ഫാസ്റ്റ് ബൗളറാണ്. പതിനൊന്നാം വയസ്സിൽ ജനീവ റീജനൽ യൂത്ത് ക്ലബിലൂടെ രംഗത്തുവന്ന അശ്വിൻ അണ്ടർ 15, അണ്ടർ 17, അണ്ടർ 19 ടീമുകളിൽ അംഗമായും ക്യാപ്റ്റനായും സ്വിസ് ടീമിൽ ഇടം നേടി. നിരവധി തവണ ജൂനിയർ ലെവൽ ബെസ്റ്റ് പ്ലെയറായി തിരഞ്ഞെടുക്കപ്പെട്ടു.
സ്വിസ് ടി20 ലീഗിലെ ബെസ്റ്റ് ബൗളറായ അശ്വിൻ 2023ൽ യൂറോപ്യൻ ടി10 ലീഗിൽ സ്വിസ് ടീമിലും അംഗമായിരുന്നു. ഇംഗ്ലണ്ട് ഇലവനെതിരെ രണ്ട് ഓവറിൽ 18 റൺസ് വിട്ടുനൽകി നാലുവിക്കറ്റ് എന്ന അശ്വിന്റെ മികച്ച പ്രകടനം ദേശീയ ടീമിന് വിജയവും അശ്വിന് മാൻ ഓഫ് ദ മാച്ച് ട്രോഫിയും നേടിക്കൊടുത്തു. ഇപ്പോഴും ദേശീയ ടീമിന്റെ ഭാഗമാണ്.
ധനതത്ത്വശാസ്ത്രത്തിൽ ബിരുദവും ഇക്കണോമിക്സ് ആൻഡ് ഫിനാൻസിൽ ബിരുദാനന്തര ബിരുദവും നേടിയ അശ്വിൻ ഇപ്പോൾ സൂറിച്ചിൽ യൂറോപ്യൻ ക്രിക്കറ്റ് നെറ്റ് വർക്കിൽ ജോലി ചെയ്യുന്നു.
ക്രിക്കറ്റിന്റെയും കേക്കിന്റെയും സർക്കസിന്റെയും ഈറ്റില്ലമായ തലശ്ശേരി സ്വദേശിയാണ് ഇവരുടെ പിതാവ് വിനോദ്. അമ്മ പയ്യന്നൂരിലെ രാജശ്രീ വിനോദ്. തലശ്ശേരിയിൽ ക്ലബ് ക്രിക്കറ്റ് രംഗത്ത് തിളങ്ങിയിരുന്ന വിനോദ് ഉണിക്കാടത്ത് ഇപ്പോൾ സ്വിറ്റ്സർലൻഡിൽ ജനീവയിൽ ലോകാരോഗ്യ സംഘടനയിൽ ഫിനാൻസ് ഓഫിസറായി ജോലി ചെയ്യുന്നു.
ഗായിക കൂടിയായ രാജശ്രീ കരിപ്പത്ത് ജനീവയിൽ ഇന്റർനാഷനൽ ലേബർ ഓർഗനൈസേഷനിൽ നിയമോപദേശകയാണ്. അതിവേഗം വളരുന്ന സ്വിസ് ക്രിക്കറ്റിന്റെ ചരിത്രത്തിൽ ഈ സഹോദരങ്ങളുടെ പേരുകൾ ഏറ്റവും മുകളിലായിരിക്കും ഇടംപിടിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.