ആകാശയാത്രക്കൊരുങ്ങി അനിൽ; പക്ഷേ...
text_fieldsചരിത്രത്തിൽ ആദ്യമായി ഒരു ‘മലയാളി’ ബഹിരാകാശ യാത്രക്ക് സജ്ജമായിരിക്കുന്നു. 2022ൽ, അമേരിക്കൻ ബഹിരാകാശ ഗവേഷണ ഏജൻസിയായ നാസയുടെ ഗഗനയാത്ര സംഘത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ വംശജനായ അനിൽ മേനോനാണ് രണ്ട് വർഷത്തെ പരിശീലനം വിജയകരമായി പൂർത്തിയാക്കി ചരിത്രദൗത്യത്തിനായി കാത്തിരിക്കുന്നത്. കഴിഞ്ഞദിവസം, പരിശീലനം പൂർത്തിയാക്കിയതായി അനിൽ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. യാത്ര യാഥാർഥ്യമാവുകയാണെങ്കിൽ രാകേഷ് ശർമ, സുനിത വില്യംസ്, കൽപന ചൗള എന്നിവർക്ക് ശേഷം ബഹിരാകാശത്തേക്ക് കുതിക്കുന്ന നാലാമത്തെ ഇന്ത്യക്കാരനാകും അനിൽ.
അതേസമയം, നാസയുടെ ഏത് ദൗത്യത്തിന്റെ ഭാഗമായിട്ടായിരിക്കും അനിലിന്റെ യാത്രയെന്ന് വ്യക്തമല്ല. നേരത്തെ, നാസയുടെ ചാന്ദ്രദൗത്യമായ ആർട്ടിമിസ് പര്യവേക്ഷണത്തിൽ അനിൽ ഭാഗമാകുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. പുതിയ ബാച്ചിനെ സവിശേഷമായി ഇതിനുവേണ്ടിയാണ് നാസ സജ്ജമാക്കിയിരുന്നത്. എന്നാൽ, സാങ്കേതിക തകരാർമൂലം ചാന്ദ്രദൗത്യം നീട്ടിവെച്ചിരിക്കുകയാണ് നാസ. അതുകൊണ്ടുതന്നെ, അനിലിന്റെ യാത്ര അനിശ്ചിതമായി വൈകുമോ എന്നും ആശങ്കയുണ്ട്. എന്നാൽ, വിവിധ ഏജൻസികളുമായി സഹകരിച്ച് നാസയുടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള യാത്രികനായും അനിലിന് അവസരമുണ്ടാകും. നാസയിൽനിന്നുള്ള പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് അനിൽ.
കണ്ണൂർ ജില്ലയിൽനിന്ന് അമേരിക്കയിലേക്ക് കുടിയേറിയ ശങ്കരൻ മേനോനാണ് അനിലിന്റെ പിതാവ്. മാതാവ് യുക്രെയ്ൻ വംശജയാണ്.
അമേരിക്കയിലെ മിനിസോടയിൽ ജനിച്ച അനിൽ മെഡിക്കൽ ഡോക്ടറാണ്. ന്യൂറോബയോളജിയിലും മെക്കാനിക്കൽ എൻജിനീയറിങ്ങിലും ബിരുദധാരിയായ അനിൽ 2010ൽ അമേരിക്കൻ വ്യോമസേനയിലാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. നാലു വർഷത്തിനുശേഷം ഫ്ലൈറ്റ് സർജനായി നാസയിലെത്തി. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള യാത്രികരുടെ ആരോഗ്യ സംബന്ധമായ കാര്യങ്ങൾ നിരീക്ഷിക്കുന്ന ജോലിയാണിത്.
2018ൽ, ഇലോൺ മസ്കിന്റെ നേതൃത്വത്തിലുള്ള സ്വകാര്യ ബഹിരാകാശ ഗവേഷണ ഏജൻസിയായ സ്പേസ് എക്സിന്റെ ഭാഗമായി. അവിടെ മെഡിക്കൽ ഡയറക്ടറായിരിക്കെയാണ് നാസയുടെ അസ്ട്രോണറ്റ് പദ്ധതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. നാസക്ക് ലഭിച്ച 12,000 അപേക്ഷകളിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട 12 പേരിലൊരാളാണ് അനിൽ. നേരത്തെ, അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലുള്ള യാത്രികർക്ക് ഇന്ത്യൻ ഭക്ഷണം വിളമ്പി വാർത്തകളിൽ ഇടംപിടിച്ചിരുന്നു അനിൽ.
കേരളത്തിൽ വേരുകളുള്ള അനിൽ വളരെ അപൂർവമായി മാത്രമേ ഇവിടേക്ക് വന്നിട്ടുള്ളൂ. 2017ലാണ് അവസാനമായി കേരളത്തിലെത്തിയത്. സ്പേസ് എക്സിൽ എൻജിനീയറായ അന്ന മേനോനാണ് ഭാര്യ. രണ്ടു മക്കളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.