ജൂഡോ വിധി പറയാൻ സജിത്തുണ്ട്
text_fieldsദോഹ: മെയ്യും കൈയും കരുത്താക്കി മല്ലന്മാൻ പോരടിക്കുന്ന ജൂഡോ ചാമ്പ്യൻഷിപ്പിന്റെ ലോകപോരാട്ടത്തിന് ദോഹ വേദിയാവുമ്പോൾ അവരെ വരച്ചവരയിൽ നിർത്തുന്ന റഫറിമാരിൽ ഒരാളായി മലയാളിയുണ്ട്. മേയ് ഏഴ് മുതൽ 14 വരെ ഖത്തർ വേദിയാവുന്ന ജൂഡോ വേൾഡ് ചാമ്പ്യൻഷിപ്പിൽ മത്സരങ്ങൾ നിയന്ത്രിക്കുന്ന 30ഓളം വരുന്ന റഫറിമാരുടെ പട്ടികയിൽ അംഗമായി ഖത്തർ പ്രവാസിയും പയ്യന്നൂർ മാവിച്ചേരി സ്വദേശിയുമായ സജിത് കുമാർ. സ്കൂൾ പഠനകാലം മുതൽ ജൂഡോ കളിച്ചുവളർന്ന് സംസ്ഥാന, ദേശീയ തലത്തിൽ മെഡലുകൾ വാരിക്കൂട്ടിയ ഈ പയ്യന്നൂരുകാരൻ രണ്ടു പതിറ്റാണ്ടിലേറെ കാലമായി ഖത്തറിലെ ജൂഡോ വേദികളിലെ സജീവ സാന്നിധ്യമാണ്. നിരവധി ദേശീയ, അന്താരാഷ്ട്ര മത്സരങ്ങൾ നിയന്ത്രിച്ചും ഒരുപിടി ഭാവിതാരങ്ങൾക്ക് പരിശീലനം നൽകിയുമെല്ലാം ശ്രദ്ധേയനായ സജിത്തിന്റെ ലോക ചാമ്പ്യൻഷിപ്പിലേക്കുള്ള അരങ്ങേറ്റമാണ് ഇത്.
1980കളുടെ മധ്യത്തിൽ സ്കൂൾ വിദ്യാർഥി ആയിരിക്കെയാണ് നാട്ടിലെ ക്ലബിലൂടെ സജിത് ജപ്പാൻ വേരുകളുള്ള ജൂഡോ എന്ന ആയോധനകല പരിശീലിക്കുന്നത്. എട്ടാം ക്ലാസ് വിദ്യാർഥിയായിരിക്കെ ജില്ലതല മത്സരങ്ങളിൽ വിജയിയായി തുടങ്ങി. പിന്നെ എതിരാളികളെ മലർത്തിയടിച്ചുള്ള കുതിപ്പിൽ സംസ്ഥാന, ദേശീയ തലത്തിൽ പലവട്ടം ജേതാവായി. ഡൽഹിയിലും ഇൻഡോറിലും ഗാസിയാബാദിലും ലുധിയാനയിലുമെല്ലാമെത്തി 1980-90 വർഷങ്ങളിൽ ദേശീയ തലത്തിൽ പലതവണ കിരീടമണിഞ്ഞു.
ഈ ജൈത്രയാത്രക്കിടയിലായിരുന്നു 1994ൽ തൊഴിൽ തേടി ഖത്തറിലേക്ക് വിമാനം കയറുന്നത്. ദോഹയിലെ സാസ് സ്പോർട്സിൽ ഫിറ്റ്നസ് ട്രെയിനറായുള്ള ജോലിക്കിടയിൽ ജൂഡോയിൽ ഇവിടെയും വിജയയാത്ര തുടങ്ങി. ഖത്തറിൽ വിവിധ വിഭാഗങ്ങളിൽ വിജയിയായ സജിത് ദേശീയ ജൂഡോ ഫെഡറേഷൻ പ്രവർത്തനം ആരംഭിക്കുന്ന കാലം മുതൽ അതിനൊപ്പം നിന്നു.
കളിക്കാരനിൽനിന്നും പിന്നീട് റഫറിയിങ്ങിലേക്കായിരുന്നു മാറ്റം. അന്താരാഷ്ട്ര ജൂഡോ ഫെഡറേഷന്റെ റഫറിയിങ് ലൈസൻസ് നേടിയ സജിത്ത് 2004 മുതൽ ഖത്തർ ജൂഡോ ഫെഡറേഷനു കീഴിൽ മത്സരങ്ങൾ നിയന്ത്രിച്ചുകൊണ്ട് തുടങ്ങി. 2004ൽ ഏഷ്യൻ ജൂനിയർ ചാമ്പ്യൻഷിപ്പിലൂടെ അന്താരാഷ്ട്ര മത്സര കലണ്ടറിലേക്കും അരങ്ങേറ്റം കുറിച്ചു. തുടർന്ന് 2006 ഏഷ്യൻ ഗെയിംസ്, 2011 അറബ് ഗെയിംസ്, ഗൾഫ് ഗെയിംസ്, 2021ലെ വേൾഡ് ജൂഡോ മാസ്റ്റേഴ്സ് എന്നിവയിൽ ഖത്തറിന്റെ ഇന്റർനാഷനൽ ടെക്നികൽ ഒഫീഷ്യലായി. ജൂഡോ ബ്ലാക്ക്ബെൽറ്റ് ഫോർത് ഡാൻ കൂടിയാണ് സജിത്.
ഇതിനൊപ്പം കുറാഷ് ഇന്റർനാഷണൽ റഫറിയായും സേവനം അനുഷ്ഠിക്കുന്നുണ്ട്. ഇന്ത്യയിലും പുറത്തുമായി നടന്ന നിരവധി അന്താരാഷ്ട്ര കുറാഷ് മത്സരങ്ങൾക്ക് റഫറിയായിരുന്നു. ഇപ്പോൾ ദോഹയിൽ സ്വന്തമായി നടത്തുന്ന ബിസിനസിനിടയിലും സജിത്ത് കുമാർ ജൂഡോ പോർക്കളത്തിന് അവധി നൽകുന്നില്ല. വരും ദിനങ്ങളിൽ ലോകത്തെ 99 രാജ്യങ്ങളിൽനിന്നായി 668 താരങ്ങൾ മാറ്റുരക്കുന്ന ജൂഡോ പോർവേദിയിൽ പോയന്റ് നിർണയിക്കാനും വിജയിയെ പ്രഖ്യാപിക്കാനും, മത്സരം നിയന്ത്രിക്കാനുമെല്ലാമായി സജിത്തുണ്ടാവും. ഇദ്ദേഹത്തിനു പുറമെ ഉത്തർപ്രദേശിൽനിന്നുള്ള ഒരാൾ മാത്രമാണ് റഫറിയിങ് പാനലിൽ ഉള്ള ഇന്ത്യക്കാരൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.