Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightMenchevron_rightമാൻ ആൻഡ് ദ വൈൽഡ്

മാൻ ആൻഡ് ദ വൈൽഡ്

text_fields
bookmark_border
മാൻ ആൻഡ് ദ വൈൽഡ്
cancel
camera_alt

തോമസ് വിജയൻ

പേര് തോമസ് വിജയൻ. ക​േനഡിയൻ മലയാളി. ഇന്ന് ലോകമറിയുന്ന, ആയിരക്കണക്കിന് ഫോട്ടോഗ്രഫി പുരസ്കാരങ്ങൾ വാരിക്കൂട്ടിയ വൈൽഡ് ലൈഫ്, നേച്ചർ ഫോ​ട്ടോ​ഗ്രാഫർ. സോഷ്യൽ മീഡിയയിൽ ദശലക്ഷക്കണക്കിന് ഫോളോവേഴ്സുള്ള തോമസ് വിജയന്റെ ഫോട്ടോ ജേണി...

13ാം വയസ്സിൽ വീട്ടുകാരുടെയും കുടുംബക്കാരുടെയും ഫോട്ടോയെടുത്തു നടന്ന കൗമാരക്കാരന് ആ ചിത്രങ്ങളിലൊന്നും പൂർണത ക​ണ്ടെത്താനായിരുന്നില്ല. ആർക്കും ചെയ്യാവുന്ന ഈ കാര്യത്തിൽ തൃപ്തി കണ്ടെത്താനാകാത്ത അവൻ ആദ്യം ചെയ്തത് തന്റെ ‘അതിർത്തി’ മാറ്റിവരച്ചു എന്നതാണ്. വീട്ടിൽനിന്നും 100 കിലോ മീറ്റർ അകലെ മൈസൂർ മാണ്ഡ്യയിലുള്ള രംഗനതിട്ട് പക്ഷി​സ​ങ്കേതത്തിലേക്ക് വെച്ചുപിടിച്ച അവൻ പിന്നീട് തന്റെ യാത്ര പതിവാക്കി. പക്ഷികളുമായും ജന്തുജാലങ്ങളുമായും അവൻ ആ​രംഭിച്ച ‘കൂട്ടുകെട്ട്’ കാമറയും തൂക്കി പല നാടുകളും ചുറ്റാൻ ഊർജം നൽകി.

വംശനാശ ഭീഷണി നേരിടുന്ന ലംഗൂർ കുരങ്ങ്. വിയറ്റ്നാമിൽനിന്ന്

പിതാവ് എം.ടി. തോമസിന്റെ ‘യാഷിക’ ഫിലിം കാമറയിൽ ഫോട്ടോയെടുത്തു നടന്ന ആ കൗമാരക്കാ​രൻ ഇന്ന് ലോകമറിയുന്ന, ആയിരക്കണക്കിന് ഫോട്ടോഗ്രഫി പുരസ്കാരങ്ങൾ വാരിക്കൂട്ടിയ വൈൽഡ് ലൈഫ്, നേച്ചർ ഫോ​ട്ടോ​ഗ്രാഫറാണ്. പേര് തോമസ് വിജയൻ. ഒരു ഹോബിയായി മാത്രം ഫോട്ടോ​ഗ്രഫിയെ കൊണ്ടുനടക്കുന്ന വിജയൻ ഈ പ്രഫഷൻ ഒരു വരുമാനമാർഗമോ തൊഴിലോ ആയി കാണുന്നില്ല. പ്രകൃതിയെ അങ്ങേയറ്റം സ്നേഹിക്കുന്നതിനാൽ തനിക്ക് ഒരിക്കൽപോ​ലും കാട് മുഷിപ്പുണ്ടാക്കുന്ന ഒന്നല്ലെന്നും എത്രസമയം വേണമെങ്കിലും ചെലവഴിക്കുന്നതിൽ സ​ന്തോഷം മാത്രമേയുള്ളൂവെന്നും വിജയൻ പറയുന്നു. ആ ക്ഷമയും കഴിവും അദ്ദേഹത്തിന് സമ്മാനിച്ചത് സമാനതകളില്ലാത്ത ഫോ​ട്ടോ​ഗ്രഫി പുരസ്കാരങ്ങളാണ്. മാത്രമല്ല, മിഡിലീസ്റ്റിലും ആഫ്രിക്കയിലും 2015 മുതൽ പ്രശസ്ത കാമറ കമ്പനി നിക്കോണിന്റെ ബ്രാൻഡ് അംബാസഡർകൂടിയാണ് അദ്ദേഹം.

ഒറാങ് ഉട്ടാൻ

ഇന്തോനേഷ്യയിലെ ​ബോർണിയോ ദ്വീപിൽനിന്ന് പകർത്തിയ ഒറാങ് ഉട്ടാന്റെ ചിത്രമാണ് തോമസ് വിജയന് ലോക പ്രശസ്തി നേടിക്കൊടുത്തത്. ഒറാങ് ഉട്ടാനെക്കാൾ ഉയരത്തിൽ മരത്തിൽ കയറി മണിക്കൂറുകൾ കാത്തിരുന്ന് പകർത്തിയ ചിത്രത്തിന് നേച്ചർ ടി.ടി.എൽ അന്താരാഷ്​ട്ര പുരസ്കാരം ലഭിച്ചപ്പോൾ ആഹ്ലാദത്തിന്റെ കൊടുമുടി കയറിയത് മലയാളികൾ കൂടിയാണ്. ആകാശവും ഒറാങ് ഉട്ടാന്റെ മുഖവും ഒരു ഫ്രെയിമിൽ വരാൻ മരത്തിൽ കയറുകയേ നിർവാഹമുണ്ടായിരുന്നുള്ളൂ. നദിയിൽ വെള്ളമുണ്ടായിരിക്കുകയും തെളിഞ്ഞ ആകാശം ഒത്തുവരുകയും ഒറാങ് ഉട്ടാൻ മരം കയറി വരുകയും ചെയ്താൽ മാത്രം ലഭിക്കുന്ന അത്യപൂർവ ചിത്രമായിരുന്നു അത്. അത്തരം ഒരു ഫ്രെയിം കിട്ടാനായി നിരവധി തവണയാണ് ബോർണിയയിൽ ​പോയത്.

ചെറിയ ബോട്ടിൽ ആദ്യം രണ്ട് മണിക്കൂർ കടൽ താണ്ടണം. തുടർന്ന് നദിയും കടന്ന് പോകണം. നദി ഇടുങ്ങിയത് ആയതിനാലാണ് ചെറിയ ബോട്ടിൽ യാത്രചെയ്യേണ്ടി വരുന്നത്. നദിയിൽ മരത്തടികളും മറ്റും വീണ് യാത്ര തടസ്സപ്പെടും. ഇതിനെക്കാൾ ഗുരുതരമായ പ്രശ്നം എന്തെന്നു​വെച്ചാൽ രാവിലെ നദിയിൽ വെള്ളം കാണുമെങ്കിലും മൂന്നു മണിയൊക്കെ ആകുമ്പോഴേക്കും വറ്റിത്തുടങ്ങും. അതിനുമുമ്പ് തിരികെ പോരേണ്ടതുണ്ട്. നദി കടന്നശേഷം ഒരു മണിക്കൂറോളം ചതുപ്പുനിലത്തിലൂടെ കാൽനടയായി സഞ്ചരിച്ചുവേണം ഒറാങ് ഉട്ടാന്റെ അധിവാസമേഖലയിൽ എത്താൻ. പക്ഷേ, ഈ യാത്രയിൽ ഏറ്റവും ഭീഷണി ഇതൊന്നുമല്ല.

ഒറാങ് ഉട്ടാന്റെ ഫോട്ടോ പോസ്

നദിയിലെ പത്തും പതിനഞ്ചും അടി നീളമുള്ള മുതലകൾ ഏത് നിമിഷവും നമ്മളെ അപായപ്പെടുത്താം എന്നതാണ്. ജീവന് ഇത്രയേറെ ഭീഷണിയുണ്ടായിട്ടും തന്റെ ഇഷ്ട ​ഫ്രെയിമിനായി ഒട്ടനവധി തവണയാണ് കടലും നദിയും ചതുപ്പുനിലവും താണ്ടി തോമസ് വിജയൻ ഒറാങ് ഉട്ടാന്റെ അടു​ത്തെത്തിയത്.

ഫൈവ് ബ്രദേഴ്സ്

കാട്ടിലെ രാജാവ് സിംഹമാണെങ്കിലും കടുവയുടെ ​​​ക്രൗര്യത്തോടാണ് തോമസ് വിജയന് കൂടുതൽ താൽപര്യം. എത്രയൊക്കെ പകർത്തിയാലും കടുവ ഇന്നും തോമസ് വിജയന്റെ കാമറക്കണ്ണിന് അടങ്ങാത്ത ദാഹമാണ്. കടുവയെ പിന്തുടരുന്നതിൽ കാലവും ദേശവും മാത്രം മാറി മാറി വരും എന്നുമാത്രം. എട്ടു വർഷത്തോളം കേരളമടക്കം ഇന്ത്യൻ സംസ്ഥാനങ്ങളിലെ വനങ്ങളിൽ നിന്ന് 200ലധികം കടുവകളുടെ ചിത്രങ്ങളാണ് പകർത്തിയത് എന്നറിയുമ്പോഴാണ് കടുവാപ്രേമത്തിന്റെ ആഴമറിയാനാകുക.

ചീറ്റയുടെ വേട്ടയാടൽ. ആഫ്രിക്കൻ വനത്തിൽനിന്നുള്ള ദൃശ്യം

കെനിയയിലെ ‘ഫൈവ് ബ്രദേഴ്സി​നെ’ കണ്ടെത്താനായത് പുലിയോടുള്ള അടങ്ങാത്ത മോഹംകൊണ്ടാണ്. മൂന്ന് പുള്ളിപ്പുലി കുടുംബങ്ങളിലായി അഞ്ച് പുലികൾ ഒന്നിച്ച് ഇരതേടാൻ ഇറങ്ങുന്നത് കണ്ടെത്താനായത് രണ്ട് വർഷത്തോളം നീണ്ട നിരീക്ഷണത്തിന്റെ ഫലമായാണ്. ഏത് മൃ​ഗത്തെയും ​ഒന്നിച്ച് പോരാടി കീഴടക്കുന്ന ‘ഫൈവ് ബ്രദേഴ്സ്’ എനിക്ക് ഏറെ താൽപര്യമുണർത്തിയ ഒന്നാണ്.

ഇന്ത്യൻ കടുവകളെ എളുപ്പത്തിൽ കാമറക്കുള്ളിലാക്കാനാകുമെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. അതുകൊണ്ട് തന്നെ സൈബീരിയൻ കടുവകളുടെ പിറകെ പോയി തുടങ്ങിയതിനുശേഷം ഇന്ത്യൻ കടുവകളെ അദ്ദേഹം പിന്തുടരാറില്ല. ഒരു വർഷം കൂടുമ്പോ​ഴൊക്കെയാണ് സൈബീരിയൻ കടുവയുടെ ഒരു ക്ലിക്ക് പോലും ലഭിക്കുക എന്നതിനാൽ ഇപ്പോൾ ഈ ​േപ്രാജക്ടിന് പിന്നിലാണ്.

അമുർ പുള്ളിപ്പുലി

തെക്കുകിഴക്കൻ റഷ്യയിലെയും വടക്കൻ ചൈനയിലെയും പ്രിമോറി മേഖലയിൽനിന്നുള്ള അമുർ പുള്ളിപ്പുലി റെഡ് ​േഡറ്റ ബുക്കിൽ ഉൾപ്പെട്ട, വംശനാശ ഭീഷണി നേരിടുന്ന മൃഗമാണ്. 2007ലെ കണക്കെടുപ്പിൽ 26 എണ്ണം വരെയേ ലോകത്ത് ജീവിച്ചിരിപ്പുള്ളൂ എന്ന റിപ്പോർട്ട് പുറത്തുവന്നിരുന്നു. നിലവിൽ ഇവയു​െട എണ്ണം നൂറോളമായി എന്നാണ് കണക്ക്. എണ്ണത്തിൽ കുറവായ ഇവയെ കണ്ടുകിട്ടുന്നതും ക്ലിക്ക് ​ചെയ്യുന്നതും അപൂർവമായി മാത്രം ലഭിക്കുന്ന ഭാഗ്യമായി വേണം കരുതാൻ. വർഷങ്ങളുടെ തയാറെടുപ്പുകൾ നടത്തി മാസ​ങ്ങളോളം പ്രകൃതിയിൽ മറഞ്ഞിരുന്നാൽ മാത്രം കിട്ടുന്ന ആ അപൂർവ നിമിഷത്തിനായി കൊടിയ തണുപ്പും വിശപ്പും ദാഹവുമെല്ലാം സഹി​ക്കേണ്ടി വരും.

തണുത്തതും മഞ്ഞുവീഴ്ചയുള്ളതുമായ കാലാവസ്ഥയിലാണ് അമുറിന്റെ അധിവാസം. ആദ്യമായി റഷ്യയിൽ പോയ അവസരത്തിൽ അസുഖബാധിതനായി തിരികെ പോരേണ്ടി വന്ന വിജയൻ പക്ഷേ, ഒന്നുറപ്പിച്ചിരുന്നു. നാലു വർഷമായി താനെടുത്ത തയാറെടുപ്പുകൾ വെറുതെയാകാൻ പാടില്ല. പരിമിതമായ ഭക്ഷണവും സാറ്റ​െലെറ്റ് ഫോണും മാത്രമായി ആഴ്ചകളോളം നീണ്ട കാത്തിരിപ്പിനൊടുവിൽ റഷ്യയിലെ തണുത്തുറഞ്ഞ മഞ്ഞുകാലത്ത് ആ അപൂർവ നിമിഷം അയാളിലേക്ക് എത്തിച്ചേർന്നു, ചുരുക്കം ചിലർക്കു മാത്രം ലഭിക്കുന്ന ഭാഗ്യം.

പെൻഗ്വിൻ

എത്രയൊക്കെ ചിത്രങ്ങൾ പകർത്തിയാലും അംഗീകാരങ്ങൾ നമ്മളെ തേടിയെത്തിയാലും ചില സു​ന്ദരനിമിഷങ്ങൾ കാമറയിൽനിന്ന് അകന്നുനിൽക്കും. വീണ്ടും വീണ്ടും നമ്മളെ പ്രചോദിപ്പിച്ചുകൊണ്ട് ആ ചിത്രങ്ങൾ മനസ്സിൽ മായാതെ കിടക്കും. അത്തരത്തിൽ ഒരുപാട് ഉണ്ടെങ്കിലും ചിലത് ഓർക്കുമ്പോൾ കണ്ണ് ഈറനണിയിക്കുന്നതായിരിക്കും. അന്റാർട്ടിക്കയിൽ പെൻഗ്വിന്റെ ചിത്രം പകർത്താൻ ശ്രമിച്ചപ്പോൾ സംഭവിച്ചത് അത്തരത്തിൽ ഒന്നാണ്. മൈനസ് 40 ഡി​​ഗ്രി സെൽഷ്യസ് കാലാവസ്ഥയിൽ കൊടുംതണുപ്പിൽ ദിവസങ്ങളോളം കാത്തിരിക്കേണ്ടി വന്നിട്ടുണ്ട് ചിത്രങ്ങൾ പകർത്താൻ.

അന്റാർട്ടിക് സമുദ്രത്തിന് മുകളിലെ മഞ്ഞുപാളികൾ തകർത്ത് മത്സ്യവുമായി ഉയർന്നുവരുന്ന പെൻഗ്വിൻ ഇപ്പോഴും മോഹിപ്പിക്കുന്ന ചിത്രമാണ്. ഒന്നോ രണ്ടോ പെൻഗ്വിനുകൾ ഉയർന്നുവരുന്നുണ്ടെങ്കിൽ മനസ്സിലാക്കാം, പിറകെ കൂടുതൽ എണ്ണം വരുമെന്ന്. എന്നിലെ ഫോട്ടോഗ്രാഫറെ അത്രയേറെ മോഹിപ്പിച്ചുകൊണ്ട് അത്തരത്തിൽ ചിലത് ഐസ് തകർത്ത് വരുന്നത് കണ്ട് ചിത്രങ്ങൾ പകർത്താൻ ശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം.

പെൻഗ്വിൻ അമ്മയും കുഞ്ഞും (അന്റാർട്ടിക്ക),ആഫ്രിക്കൻ ആനക്കൂട്ടം

സൈബീരിയൻ കടുവ

വംശനാശ ഭീഷണി നേരിടുന്നമറ്റൊരു മൃ​ഗമാണ് സൈബീരിയൻ കടുവ അല്ലെങ്കിൽ അമുർ കടുവ. റഷ്യ, വടക്കുകിഴക്കൻ ചൈന, വടക്കൻ കൊറിയ എന്നിവിടങ്ങളിൽ കാണപ്പെടുന്നു. ലോകത്ത് 500ൽ താ​ഴെ മാത്രം വരുന്ന സൈബീരിയൻ കടുവക്കായി കാത്തിരിക്കേണ്ടി വന്നത് നാലു വർഷമാണ്. വല്ലപ്പോഴും മാത്രമേ കാണാൻ കിട്ടൂ എന്നതിനാൽ ഇവന്റെ ​ഫോട്ടോ പകർത്താനായി മിനക്കെട്ട് ഇറങ്ങുന്നവർ വളരെ കുറവാണ്. വിരലിൽ എണ്ണാവുന്ന ആളുകളാണ് നിലവിൽ ​സൈബീരിയൻ കടുവയുടെ ചിത്രം പകർത്തിയിരിക്കുന്നത്. ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുകൾ സഹിച്ച് ഒരു ചിത്രം എടുത്തിട്ടുണ്ടായിരിക്കുക സൈബീരിയൻ കടു​വയുടേതായിരിക്കും.

സൈബീരിയൻ കടുവ

പുരസ്കാരങ്ങളിൽ ചിലത്

● ‘ഫോട്ടോ ഈസ് ലൈറ്റ്’ -വേൾഡ് ഫോ​​ട്ടോഗ്രഫി കോൺടസ്റ്റ് 2021

● വേൾഡ് നാച്വർ ഫോ​​ട്ടോഗ്രാഫർ ഓഫ് ദ ഇയർ അവാർഡ് 2020

● സിയന്ന ഇന്റർനാഷനൽ ഫോട്ടോ അവാർഡ്സ് 2020

● മോസ്കോ ഇന്റർനാഷനൽ ഫോട്ടോ അവാർഡ്സ് 2020

● ടോക്കിയോ ഇന്റർനാഷനൽ ഫോട്ടോ അവാർഡ്സ് 2020

● വിൻഡ്‍ലാൻഡ് സ്മിത്ത് റൈസ് അവാർഡ് 2019 ഫോർ നാച്വർസ് ബെസ്റ്റ് ഫോ​​ട്ടോഗ്രഫി

● എസ്.ഐ.എൻ.ഡബ്ല്യു.പി ബേർഡ് ഫോട്ടോഗ്രാഫർ ഓഫ് ദ ഇയർ 2019

● വൈൽഡ് ലൈഫ് ​ഫോട്ടോഗ്രാഫർ ഓഫ് ദ ഇയർ 2017

●ഇന്റർനാഷനൽ ഫോട്ടോഗ്രാഫി അവാർഡ് 2021

പുള്ളിപ്പുലിയും കരിമ്പുലിയും ഒറ്റ ഫ്രെയിമിൽ,ബാക്ട്രിയൻ കാമൽ

സ്വിങ്ങിങ് ടൈം

കർണാടകയിലെ ബന്ദിപ്പൂർ ദേശീയോദ്യാനത്തിലായിരുന്നു തോമസ് വിജയനും സുഹൃത്തുക്കളും. കടുവയുടെ ചിത്രത്തിനായുള്ള നീണ്ട കാത്തിരിപ്പിനൊടുവിലും നിരാശയായിരുന്നു ഫലം. മറ്റുള്ളവർ വീണ്ടും കടുവക്കായി പ്രതീക്ഷയോടെ കാത്തിരിപ്പ് തുടർന്നെങ്കിലും ഒരു മരത്തിലിരുന്ന് കളിക്കുന്ന ലാംഗറുകൾ എന്റെ കണ്ണിൽ ഉടക്കി. ചില നല്ല ചിത്രങ്ങൾക്ക് സാധ്യതയു​ണ്ടെന്ന് എന്റെ മനസ്സ് പറഞ്ഞു.

ആ ഭാഗ്യം എ​ന്നിലേക്ക് എത്തി. ‘എ സ്വിങ്ങിങ് ടൈം’ എന്ന അടിക്കുറിപ്പോടുകൂടിയ രണ്ട് ലാംഗറുകളുടെ വാലിൽ തൂങ്ങിയാടുന്ന കൊച്ചുലാംഗറിന്റെ ചിത്രം നിരവധി പുരസ്കാരങ്ങളാണ്​ നേടിയത്. ലണ്ടനിലെ നാചുറൽ ഹിസ്റ്ററി മ്യൂസിയത്തിന്റെ 2015ലെ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ഓഫ് ദി ഇയർ അവാർഡ് ലഭിച്ചത് 96 രാജ്യങ്ങളിൽനിന്നായുള്ള 42000 എൻട്രികളെ പിന്തള്ളിയാണ്.

മാൻ വിഭാഗത്തിൽപെട്ട ജെംസ്ബോക്. നമീബിയയിൽനിന്ന്, കരടിയുടെ മീൻപിടിത്തം

ഓസ്റ്റ്ഫോണ മഞ്ഞുപാളി

നോർവേയിലെ സ്വാൽബാർഡ് ദ്വീപസമൂഹത്തിനുള്ളിലെ ഓസ്റ്റ്ഫോണ ലോകത്തിലെ മൂന്നാമത്തെ വലിയ മഞ്ഞുപാളിയാണ്. 8,000 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലുള്ള ഇത് ആഗോളതാപനം മൂലം അതിവേഗം ഉരുകിക്കൊണ്ടിരിക്കുകയാണ്. മുമ്പ് ഈ സ്ഥലത്ത് പോയിരുന്നുവെങ്കിലും മഞ്ഞ് അപ്രത്യക്ഷമായത് നിരാശ സമ്മാനിച്ചിരുന്നു. കഴിഞ്ഞവർഷം പോയപ്പോൾ മഞ്ഞുപാളികൾ പതിവിലും നേരത്തെ ഉരുകാൻ തുടങ്ങിയതിനാൽ വെള്ളച്ചാട്ടത്തിന്റെ വിസ്മയദൃശ്യങ്ങൾ പകർത്താനായി. നാല് ഡ്രോൺ വഴി എടുത്ത ഈ ചി​ത്രം 26 ഫ്രെയിമുകളുടെ സംയോജനമാണ്.

നല്ല ചിത്രങ്ങൾ ലഭിക്കുന്നത് സന്തോഷമുണ്ടാക്കുന്നതാണെങ്കിലും മഞ്ഞുരുകി സമുദ്രനിരപ്പ് ഉയരുന്നത് നമ്മുടെ ​ഗ്രഹത്തിന്റെ ഭാവിയെക്കുറിച്ചുള്ള ഗുരുതര ആശങ്കയാണ് ഉണർത്തുന്നത്. നാച്വർ ടി.ടി.എൽ ഫോട്ടോ​ഗ്രാഫർ ഓഫ് ദ ഇയർ 2023 അവാർഡ്, ലാൻഡ് സ്കേപ്പ് വിഭാഗത്തിൽ നാച്വർ ​ഫോ​​ട്ടോഗ്രാഫർ ഓഫ് ദ ഇയർ അവാർഡ്, 2023ലെ സിയന്ന ​ഡ്രോൺ ഫോട്ടോ അവാർഡടക്കം നേടിയ ചിത്രം മനുഷ്യന്റെ പ്രകൃതിക്കുമേലുള്ള ചൂഷണത്തിന്റെ കഥ പറയുന്നു.

കുടുംബം

കാനഡയിൽ സ്ഥിരതാമസമാക്കിയ തോമസ് വിജയന്റെ കുടുംബവേരുകൾ കോട്ടയം പാമ്പാടിയിലാണ്. പിതാവ് തോമസും മാതാവ് ശോശാമ്മയും ജോലി ആവശ്യാർഥം ബംഗളൂരുവിലേക്ക് ജീവീതം പറിച്ചുനട്ടു. ബംഗളൂരുവിലാണ് ​വിജയൻ ജനിച്ചതും പഠിച്ചതുമെല്ലാം. ഇംപാക്ട്​ കോളജ് ഓഫ് എൻജിനീയറിങ് ആൻഡ് അപ്ലൈഡ് സയൻസസിൽ ബി ആർക് കഴിഞ്ഞ ​അദ്ദേഹം കാനഡയിൽ ആർക്കിടെക്റ്റായി ജോലി ചെയ്തുവരുകയാണ്.

ഭാര്യ സരിതക്കും മക്കൾക്കുമൊപ്പം കുടുംബ സമേതം ടൊറന്റോക്ക് സമീപം താമസിക്കുന്ന വിജയന്റെ മക്കളും പിതാവിന്റെ പാത പിന്തുടർന്ന് ലോക പ്രശസ്ത വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർമാരുടെ പട്ടികയിൽ ഇടംപിടിച്ചവരാണ്. പിതാവിനെ പോലെ നിരവധി അന്താരാഷ്​ട്ര അംഗീകാരങ്ങളാണ് മക്കളായ ജന്നിഫർ, ഹന്ന, നികോൾ എന്നിവർ നേടിയിട്ടുള്ളത്. മറ്റൊരു മകൾ സാന്ദ്ര ഡോക്ടറാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thomas VijayanWildlife and nature photographer
News Summary - Man and the Wild
Next Story