മൈലാടിയിലെ സ്നേഹ ഇഫ്താറിൽ മണിയുടെ കൈയൊപ്പ്
text_fieldsകാളികാവ്: അടക്കാകുണ്ട് മൈലാടി ഗ്രാമത്തിലെ ഇഫ്താറുകളിൽ സജീവ സാനിധ്യമായി പ്രകാശ് എന്ന മണി. മൈലാടി പള്ളിയിൽ റമദാൻ മുഴുവൻ ദിവസവും നടത്താറുള്ള നോമ്പുതുറയിൽ അഞ്ച് വർഷത്തോളമായി ഒരു ദിവസത്തെ വിഹിതമെടുക്കുന്നത് ഓട്ടോ ഡ്രൈവറായ മണിയാണ്. അടക്കാകുണ്ട് മഹല്ലിന് കീഴിലാണ് മൈലാടി നമസ്കാരപ്പള്ളിയുടെ സമീപത്താണ് മണിയുടെ വീട്.
ഇഫ്താർ ചെലവ് മാത്രമല്ല, മറ്റുള്ളവർ നടത്തുന്ന നോമ്പുതുറകളിലും വിഭവങ്ങൾ വിതരണം ചെയ്യാനും നോമ്പുപിടിക്കാതെ തന്നെ മണി പള്ളിയിൽ കൂടെയുണ്ടാവും. ഇക്കൊല്ലത്തെ മണിയുടെ നോമ്പുതുറയുടെ ചിത്രങ്ങളും വീഡിയോയും പ്രദേശത്തെ യുവാക്കൾ സമൂഹ മാധ്യമങ്ങളിൽ ഷെയർ ചെയ്തിരുന്നു. കോട്ടയം കടുത്തുരുത്തിയിൽനിന്നും 45 വർഷം മുമ്പാണ് മണി കുടുംബസമേതം അടക്കാകുണ്ടിലെത്തിയത്.
മൈലാടിയിലെ മദ്റസയിൽ നടക്കുന്ന നബിദിന പരിപാടിയിലും പ്രദേശത്ത് നടക്കുന്ന മജ്ലിസ് നൂറിന്റെ പ്രവർത്തനങ്ങൾക്കും സഹായിയായും മണി സജീവമാണ്. നബിദിന റാലിയിൽ പങ്കെടുക്കുന്ന കുട്ടികളെ സ്വീകരിക്കാനും ഹാരാർപ്പണം നടത്താനും മണി മുന്നിലുണ്ടാവും. മഹല്ല് ഖാദിയായിരുന്ന ബഹാവുദ്ദീൻ ഫൈസിയുടെ സൗഹാർദപൂർവമായ സമീപനമാണ് ഇഫ്താർ സംഘടിപ്പിക്കാനും മറ്റും പ്രേരണയായതെന്ന് മണി പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.