അരനൂറ്റാണ്ടിന്റെ അനുഭവങ്ങൾ; സൈന്യത്തിൽ നിന്ന് പടിയിറങ്ങി മരക്കാർ നാട്ടിലേക്ക്
text_fieldsഅജ്മാന്: യു.എ.ഇയുടെ പിറവിക്കുമുമ്പേ ഇന്നാട്ടിലെത്തിയ മരക്കാർ ഹാജി പ്രവാസം അവസാനിപ്പിച്ച് നാടണയുന്നു. നാലര പതിറ്റാണ്ട് യു.എ.ഇ സൈന്യത്തെ സേവിച്ചതിന്റെ ഓർമയും പേറിയാണ് മരക്കാറുടെ മടക്കം.
1970 ലാണ് തിരൂര്‍ ചെറുവണ്ണൂര്‍ പാറമ്മലങ്ങാടി സ്വദേശി മരക്കാര്‍ ഹാജി പ്രവാസലോകത്ത് ആദ്യമായി എത്തുന്നത്. ജീവിതം പച്ചപിടിപ്പിക്കാന്‍ മണലാരുണ്യത്തിലെത്തണം എന്ന മോഹവുമായി നടക്കുമ്പോഴാണ് 16ാം വയസ്സില്‍ മരക്കാര്‍ ബേപ്പൂരില്‍നിന്നും ഗള്‍ഫിലേക്ക് ലോഞ്ചിൽ കയറുന്നത്. മദ്രാസില്നിന്നും അപേക്ഷിച്ച് പാസ്പോര്‍ട്ട് കൈയില്‍ കിട്ടുന്നതിന് മുമ്പായിരുന്നു യാത്ര. പാതിരാത്രിയില്‍ കയറിയ ലോഞ്ചില്‍ നിറയെ ആളുകളുണ്ടായിരുന്നു.
നേരം വെളുത്തപ്പോഴാണ് നാട്ടുകാരടക്കമുള്ള ആളുകളെ പരസ്പരം തിരിച്ചറിയുന്നതുതന്നെ. ദിവസങ്ങള്‍ പിന്നിട്ടാണ് ബേപ്പൂരില്‍നിന്നും പുറപ്പെട്ട ലോഞ്ച് ഒമാന്‍ കടല്‍തീരത്ത് എത്തുന്നത്. കടല്‍ തീരത്തെത്തിയ ലോഞ്ച് ഒമാന്‍ പൊലീസ് പിടികൂടി. കൂട്ടത്തില്‍ ഏറ്റവും ചെറിയ ആളായ മരക്കാരെ പരിചയപ്പെട്ട വടകരക്കാരനായ അബ്ദുല്ല അറബി വീട്ടിലേക്ക് ഒരു പണിക്കാരനെ ആവശ്യമുണ്ടെന്ന് പറഞ്ഞു.
മറ്റൊരു ലോഞ്ചുടമയുടെ ഒമാനിലെ കസബിലെ വീട്ടിലായിരുന്നു മരക്കാറിനു ജോലി. മറ്റുള്ളവരെ വേറെ ലോഞ്ചില്‍ കയറ്റി അവിടെനിന്നും റാസല്‍ഖൈമയിലേക്ക് നാടുകടത്തി. ഏതാനും നാളുകള്‍ ലോഞ്ചിലുണ്ടായിരുന്ന മലയാളികള്‍ വിട പറഞ്ഞുപോയതോടെ മരക്കാര്‍ ഒറ്റപ്പെട്ടതുപോലെയായി. ഒരു വൃദ്ധയും ഉടമയുടെ ഭാര്യയും ഏതാനും ആടുകളും തോട്ടവും മാത്രമായിരുന്നു ആ വീട്ടില്‍ ആകെ ഉണ്ടായിരുന്നത്. ഏകദേശം ഒന്നര വര്‍ഷത്തോളം മരക്കാര്‍ അവിടെ ജോലിചെയ്തു.
ഒമാനിൽ നിന്ന് ദുബൈയിലേക്ക്
ഒന്നര വര്‍ഷം പിന്നിടുമ്പോള്‍ അർബാബിനോടൊപ്പം അദ്ദേഹത്തിന്റെ ലോഞ്ചിന്റെ അറ്റകുറ്റപ്പണികള്‍ക്കായി മരക്കാര്‍ ദുബൈയില്‍ വന്നിരുന്നു. അന്ന് ദുബൈയിലുണ്ടായിരുന്ന പിതാവിന്റെ സഹോദരന് നിരുത്സാഹപ്പെടുത്തിയതോടെ മറ്റൊരു ലോഞ്ചില്‍ ഒമാനിലേക്കുതന്നെ മടങ്ങി. ദുബൈയിലെത്തിയ അളിയനെ കാണണം എന്ന കാരണം അർബാബിനെ ബോധിപ്പിച്ച് മരക്കാര്‍ വീണ്ടും യു.എ.ഇയിലേക്ക് പോന്നു.
മരക്കാര്‍ തന്റെ മകനാണെന്നും തന്നെ കാണാന്‍ നാട്ടില്‍നിന്നും വന്നതായിരുന്നെന്നും പറഞ്ഞ് ഒമാന്‍ ഭരണാധികാരിക്ക് അർബാബ് അപേക്ഷ നല്‍കിയതിനെ തുടര്‍ന്ന് സുല്‍ത്താന്‍ ഖാബൂസില്നിന്നും ലഭിച്ച കത്തുമായാണ് മരക്കാര്‍ റാസല്‍ഖൈമ തീരത്തേക്ക് യാത്രതിരിക്കുന്നത്. റാസല്ഖൈമയിലെത്തിയതോടെ ആ കത്ത് പൊലീസ് വാങ്ങിവെച്ചു. തിരികെ പോകുമ്പോൾ നൽകാമെന്നു പറഞ്ഞിരുന്നെങ്കിലും ലഭിച്ചില്ല. റാസല്ഖൈമയിലുണ്ടായിരുന്ന അർബാബിന്റെ മകള്‍ക്ക് കുറെ സാധനങ്ങളും മരക്കാര്‍ വശം ഈ യാത്രയില്‍ കൊടുത്തുവിട്ടിരുന്നു.
സാധനങ്ങളെല്ലാം അറബിയുടെ മകള്‍ക്ക് നല്കി മരക്കാര്‍ അവിടെ നിന്നും ഇറങ്ങി. തന്റെ കൂടെ ലോഞ്ചില്‍ വന്നിരുന്ന റാസല്‍ഖൈമയിലെ സുഹൃത്തുക്കളെ കാണാനെന്നുപറഞ്ഞായിരുന്നു മരക്കാര്‍ അർബാബിന്റെ മകളുടെ വീട്ടില്‍നിന്നും ഇറങ്ങിയത്. സുഹൃത്തുക്കളെയും അളിയനെയും കണ്ട് ദിവസങ്ങള്‍ പിന്നെയും കടന്നുപോകുമ്പോള്‍ ഒരു ദിവസം അർബാബിന്റെ മകളുടെ വീട്ടുകാര്‍ മരക്കാരെ വഴിയില്‍ കണ്ടുമുട്ടി. ഇതോടെ മരക്കാര്‍ ഒമാനിലേക്ക് തിരിച്ചുപോയിട്ടില്ല എന്ന് അവര്‍ മനസ്സിലാക്കി. ഇതോടെ അവര്‍ പൊലീസില്‍ പരാതി നല്കി. ഇത് മുന്‍കൂട്ടി കണ്ട മരക്കാര്‍ രാത്രിതന്നെ ടാക്സി കയറി ഷാര്‍ജയിലേക്ക് വിട്ടു. മരക്കാര്‍ പോയി അൽപം കഴിയുമ്പോഴേക്കും പൊലീസ് അവിടെയെത്തിയിരുന്നതായി പിന്നീട് വിവരം ലഭിച്ചിരുന്നു.
അജ്മാൻ ദിനങ്ങൾ
ഏതാനും ദിവസങ്ങള്‍ പിതൃസഹോദരനോടൊപ്പം കഴിഞ്ഞ മരക്കാര്‍ അജ്മാനിലേക്ക് പോയി. തലേകെട്ടുകാരന്‍ അബൂബക്കര്‍ എന്നയാളുടെ ഹോട്ടലിലായിരുന്നു ജോലി. കുറച്ചുകാലം അവിടെ പണിയെടുത്ത ശേഷം സിറിയക്കാരന് നടത്തുന്ന മറ്റൊരു ഹോട്ടലിലേക്ക് ജോലിമാറി. അജ്മാനിലെ ലേബര്‍ ഓഫിസ് പ്രവര്‍ത്തിച്ചിരുന്നത് ഈ ഹോട്ടലിന്റെ മുകളിലത്തെ നിലയിലായിരുന്നു. റമദാനില്‍ ഹോട്ടലില്‍ ജോലിയില്ലാതായപ്പോള്‍ ലേബര്‍ ഓഫിസിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്റെ വീട്ടിലേക്ക് ജോലിക്ക് പറഞ്ഞുവിട്ടു.
ഒരു രേഖയും ഇല്ലാത്ത മരക്കാരെ ഒമാനിലെ വീട്ടുകാര്‍ ഇബ്രാഹീം എന്നാണു വിളിച്ചിരുന്നതെങ്കില്‍ ഈ വീട്ടുകാര്‍ ബര്‍ക്കത്ത് എന്നു വിളിച്ചു. സിറിയക്കാരന്റെ ഹോട്ടലായ റാഹത്ത് റസ്റ്റാറന്റില്‍ പണിയെടുത്തതോടെ അറബിക്ക് ഭക്ഷണം ഉണ്ടാക്കുന്നത് മരക്കാര്‍ നല്ലപോലെ പഠിച്ചിരുന്നു. സ്വന്തം പാസ്പോര്‍ട്ട് നാട്ടിലായിരുന്നതിനാല്‍ യു.എ.ഇയില്‍നിന്ന് പാസ്പോര്‍ട്ടിന് മരക്കാര്‍ അപേക്ഷിച്ചിരുന്നു. എന്നാല്‍, 1970 ലെ എന്തെങ്കിലും രേഖ ഹാജരാക്കണം എന്ന അധികാരികളുടെ നിര്‍ദേശത്തെ തുടര്‍ന്ന് ആ ശ്രമം ഉപേക്ഷിച്ചു. ഇതോടെ നാട്ടിലുണ്ടായിരുന്ന പാസ്പോര്‍ട്ട് മറ്റൊരാള്‍ വശം ഇങ്ങോട്ട് എത്തിക്കുകയായിരുന്നു.
ലേബര്‍ ഓഫിസറെ പരിചയപ്പെടാന്‍ അവസരം ലഭിച്ചതോടെ തനിക്കൊരു വിസയടിച്ചുകിട്ടിയാല് കൊള്ളാമെന്നു മരക്കാരിനു മോഹമുദിച്ചു. അങ്ങനെ നാട്ടില്‍നിന്നും വിട്ട് അഞ്ചുവര്‍ഷം പിന്നിടുമ്പോള്‍ ലേബര്‍ ഓഫിസറുടെ കനിവില്‍ മരക്കാരിന്റെ പാസ്പോര്ട്ടില് ആദ്യമായി വിസയടിച്ചു.
സൈനിക ജീവിതം
പാസ്പോര്‍ട്ടും വിസയും ആയതോടെയാണ് ഇദ്ദേഹത്തിന് നാട്ടിൽ പോകണമെന്ന ആഗ്രഹം ഉണ്ടാകുന്നത്. നാട്ടിലേക്കുപോകാനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടെയാണ് ലേബര്‍ ഓഫിസര്‍ മുഖാന്തരം സൈന്യത്തില്‍ ജോലി ശരിയാക്കുന്നത്. ഓഫിസറുടെ മെഴ്സിഡസ് കാറില്‍ തന്നെ ഡ്രൈവറെയും കൂട്ടി സൈനിക ക്യാമ്പില്‍ എത്തിച്ചു.
യു.എ.ഇയിൽ പുതിയ സൈനികവ്യൂഹം രൂപവത്കരിക്കുന്ന സമയമായതിനാല്‍ അവിടെ കുക്കിനെ ആവശ്യമായി വന്നിരുന്നു. ആ ഒഴിവിലേക്കായിരുന്നു സൈനിക വേഷത്തോടെ മരക്കാരിനു നിയമനം. അറിയുന്ന പണിയായിരുന്നതിനാല്‍ ടെസ്റ്റുകള്‍ എല്ലാം മരക്കാര്‍ പാസായി. പഴയ വിസ ഉടൻ കാന്‍സല്‍ ചെയ്തു. 1975ലെ പുസ്തക രൂപത്തിലുള്ള ബത്താക്ക ഇപ്പോഴും കൗതുകത്തോടെ ഇദ്ദേഹം സൂക്ഷിക്കുന്നുണ്ട്.
ഇതിനിടെ എട്ടു വര്‍ഷത്തോളം പട്ടാളക്കാരനായും പാചകക്കാരനായും ജോലി ചെയ്തു. എട്ടുവര്‍ഷത്തിന് ശേഷം ഇതുവരെ പാചകക്കാരനായിട്ടാണ് ജോലിചെയ്തത്. ഈ കാലയളവില്‍ അഫ്ഗാനിസ്താന്, കുവൈത്ത് എന്നിവിടങ്ങളിലെ യുദ്ധത്തില്‍ പങ്കെടുത്തിട്ടുണ്ട്. യമന്‍ യുദ്ധത്തില്‍ സൈന്യത്തോടൊപ്പം പാചകക്കാരനായി പോയിട്ടുമുണ്ട്.
സുദീര്‍ഘമായ കാലയളവില്‍ ജോലിചെയ്തതിന് സൈനിക വിഭാഗം മരക്കാരെ ഗോള്‍ഡ് മെഡല്‍ നല്കി കഴിഞ്ഞദിവസം ആദരിച്ചു. നാട്ടിലെത്തിയാല്‍ ഇഷ്ടപ്പെട്ട കാര്‍ഷികവൃത്തി ചെയ്ത് ശിഷ്ടകാലം കഴിയണം എന്നാണ് ആഗ്രഹം. ഭാര്യമാര്‍: സുലൈഖ, പരേതയായ ആയിഷ. മക്കള്‍: അബ്ദുല്‍ കരീം, മുസ്തഫ (അജ്മാന്), ഫൈസല്‍ (ഷാര്‍ജ), നജ്മുദ്ദീന് സഖാഫി, അബ്ദുല്‍ റഹീം (അബൂദബി), കൗലത്ത്, പരേതനായ നൗഷാദ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.