മുറിവേറ്റ ഹൃദയത്തിന് മാരത്തൺ സമ്മാനം
text_fieldsഅതൊരു തീവ്രമായ ആഗ്രഹം മാത്രമായിരുന്നില്ല, ഒരുവട്ടം ഹൃദയതാളം നിലച്ചവർക്ക്, എല്ലാം അവസാനിച്ചെന്നു കരുതി നിരാശയിലമർന്നവർക്ക് അത്രമേൽ പ്രചോദനവും പ്രത്യാശയുമാവുക എന്ന മൂല്യമേറിയ ലക്ഷ്യം കൂടിയുണ്ടായിരുന്നു. അതുകൊണ്ടാണ് തികഞ്ഞ പരിശീലനങ്ങൾക്കൊടുവിൽ ആൻജിയോപ്ലാസ്റ്റി ചെയ്ത ഹൃദയവുമായി നവാസ് അബൂദബി അഡ്നോക്ക് മാരത്തണിനായി ബൂട്ടണിഞ്ഞത്.
കൂട്ടുകാർക്കൊപ്പമുള്ള സ്ഥിരമായ സൈക്കിൾ സവാരിയും ഹ്രസ്വദൂര ഓട്ടങ്ങളുമാണ് നവാസിനെ മാരത്തണിലേക്ക് ആകർഷിച്ചത്. അതിനായുള്ള പരിശീലനങ്ങൾ നടത്തിവരവേ, 2022 ജൂലൈ 21ന് സൈക്കിൾ സവാരിക്കിടെ കഠിനമായ നെഞ്ചുവേദന അനുഭവപ്പെടുന്നു. അഞ്ചുകിലോമീറ്ററോളം സൈക്കൾ ചവിട്ടി വീടണഞ്ഞിട്ടും വേദന മാറിയില്ല. ആശുപത്രിയിലെത്തി പരിശോധിച്ചപ്പോഴാണ് അറിയുന്നത് ഹൃദയത്തിന് രണ്ട് ബ്ലോക്കുകൾ.
‘ഇനിയെനിക്ക് സൈക്കിൾ ചവിട്ടാനാവില്ലേ ഡോക്ടറേ’എന്ന് ചെറു ചിരിയോടെ ചോദിക്കുമ്പോഴും എല്ലാം നഷ്ടപ്പെട്ടവെന്റെ വേദനയിൽ കണ്ണിൽ ഇരുട്ട് കയറുന്നത് നവാസ് അറിഞ്ഞു. സ്വന്തത്തെക്കുറിച്ചായിരുന്നില്ല ആധി. ജീവിതം പിച്ചവച്ചുവരുന്ന മക്കളെക്കുറിച്ചോർത്തായിരുന്നു. പറക്കമുറ്റുന്നതുവരെ താൻ ഒപ്പമുണ്ടാവണമെന്ന ആഗ്രഹം. തിരികെ ജീവിതത്തിലേക്ക് കൈപ്പിടിച്ചുകയറ്റിയ ഏറ്റവും വലിയ ഈർജങ്ങളിലൊന്നും അതായിരുന്നു, പ്രാർഥനയും. ആൻജിയോ പ്ലാസ്റ്റി കഴിഞ്ഞ് 15 ദിവസത്തിനുള്ളിൽ നവാസ് സൈക്കിൾ ചവിട്ടിത്തുടങ്ങി, ജീവിതത്തിലേക്കും.
ആസ്റ്റർ ആശുപത്രിയിലെ ഹൃദ്രോഗ വിഭാഗത്തിന്റെ മേൽനോട്ടത്തിൽ പതിയെ ഹൃദയാരോഗ്യം വീണ്ടെടുത്തു. ചികിൽസിച്ച ഡോ. കൃഷ്ണ സരിന്റെ വാക്കുകൾ ഇങ്ങനെ ‘ നവാസിന്റെ കാര്യത്തിൽ കൃത്യസമയത്ത് എത്തി ചികിൽസ തേടി എന്നതാണ് പ്രധാനം. സർജറിക്കു ശേഷവും ചിട്ടയായ ജീവിതശൈലിയിലൂടെയും ക്രമാനുഗതമായ പരിശീലനത്തിലൂടെയും വളരെ വേഗം പഴയ സ്ഥിതിയിലേക്ക് എത്തി എന്നതും എടുത്തുപറയേണ്ടതാണ്.
ഹൃദയ ശസ്ത്രക്രിയ നടത്തുന്നതോടെ ജീവിതം അവസാനിച്ചെന്നു കരുതുന്നവർക്ക് നവാസ് പ്രചോദനവും മാതൃകയുമാവുന്നത്‘ ജീവിതത്തിലേക്ക് തിരികെ വരാൻ കൂടെനിന്നവരോടുള്ള കടപ്പാടും സ്നേഹവും പറഞ്ഞറിയിക്കാനാവില്ല. ‘മോൻ ഇനി സൈക്കിളൊന്നും ചവിട്ടാൻ പോവണ്ടാട്ടോ’ എന്ന കരുതൽ ഉപദേശം നൽകിയ പ്രിയപ്പെട്ട മാതാവ് തന്റെ നേട്ടം കാണാനുണ്ടായില്ലെന്നതാണ് ദു:ഖം. ചേർത്തുപിടിച്ച കുടുംബാദികൾ, ആശുപത്രി ജീവനക്കാർ, മാരത്തൺ ഓട്ടങ്ങളിലെ പരിശീലകൻ ഷിജോ, ഷാർജ യൂനിവേഴ്സിറ്റി ട്രാക്കിലെ സൈക്ലിങ് റണ്ണിങ് ഗ്രൂപ്പ് അംഗങ്ങൾ... അങ്ങനെ..
കഴിഞ്ഞ ഒരു വർഷത്തിനിടെ ചെറുതും വലുതുമായ 16 ഓളം ഹാഫ് മാരത്തൺ ഓടിയെന്ന ആത്മവിശ്വാസത്തിലാണ് നവാസ് ഡിസംബർ 16ന് അഡ്നോക് അബൂദബി മാരത്തോണിലും പങ്കെടുത്തത്. രണ്ടായിരത്തോളം പേർ അണിനിരന്ന പരിപാടിയിൽ അതിവേഗം എത്തിപ്പെടുക എന്നത് നവാസിന്റെ ചിന്തയിലേ ഉണ്ടായിരുന്നില്ല. 42.195 കിലോമീറ്റർ താണ്ടി മാരത്തൺ പൂർത്തിയാക്കണം. അങ്ങനെ അഞ്ചു മണിക്കൂറും 38 മിനിറ്റുമെടുത്ത് അവാസന ലാപ്പിൽ ഫിനിഷിങ് പോയിന്റിൽ തൊട്ടു, മുറിപ്പെട്ട ഹൃദയത്തിന്, സ്പന്ദനങ്ങളെ നിയന്ത്രിച്ച് കൂടെ നിന്നതിന് നവാസ് നൽകിയ സമ്മാനം.
അബൂദബി മാരത്തണിനു മുമ്പ് അർമേനിയയിലെ യെർവൻ മാരത്തണിൽ പങ്കെടുക്കാനും നവാസും ടീമും ഒരുങ്ങിയിരുന്നു. എന്നാൽ ആ പരിപാടി മാറ്റിവച്ചു. തുടർന്ന് അതേ ദിവസം അർമേനിയയിൽ എത്തി ഹാഫ് മാരത്തൺ നടത്തിയാണ് മടങ്ങിയത്. വരാനിരിക്കുന്ന ദുബൈ മാരത്തണിലും മുംബൈ മാരത്തണിലും നിരത്തിലിറങ്ങാനുള്ള പരിശീലനത്തിലാണ് നവാസ്. ഹൃദയശസ്ത്രക്രിയ നടത്തി ‘ഇനിയൊന്നുമാവില്ലെന്ന്‘ കരുതിയിരിക്കുന്നവർക്ക് പ്രചോദനമാവുക എന്നതാണു ലക്ഷ്യം. അതിനായി നവാസ് ഇനിയും ഓടിക്കൊണ്ടേയിരിക്കും.
മലപ്പുറം പെരുമ്പടപ്പ് പുത്തൻപള്ളി ചെങ്ങണാത്ത് തെക്കയിൽ പരേതരായ മുഹമ്മദാജി ആയിഷ ദമ്പതികളുടെ മകനാണ്. 2005ൽ അബൂദബിയിൽ ഐ.ടി. എൻജിനീയറായിട്ടായിരുന്നു പ്രവാസത്തിന്റെ തുടക്കം. 2006 റാസൽ ഖൈമയിലേക്കു മാറി. 2009 മുതൽ ദുബൈയിലെ കമ്പനിയിൽ. 2016 ൽ എക്സ്പോ 2020 പ്രോഗ്രാം ഐ.ടി വിഭാഗത്തിൽ ചേർന്നു. 2020ൽ കോവിഡ് മഹാമാരിയിൽപ്പെട്ട് ജോലി നഷ്ടമായി. ഒപ്പമുണ്ടായിരുന്ന കുടുംബവുമൊത്ത് നാട്ടിലേക്ക് മടക്കം. മാസങ്ങൾക്കുശേഷം മടങ്ങിയെത്തിയ നവാസ് ഇപ്പോൾ ദുബൈ എയർപോർട്ടിൽ ഐ.ടി മാനേജറാണ്. ഭാര്യ ലിനുഫർ അക്കൗണ്ടന്റാണ്. ഫാത്വിമ സെബ, ആയിഷ സുബി, മുഹമ്മദ് ഹസ്സൻ, അഹ്മദ് ഹുസൈൻ മക്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.