മരുഭൂമിയിലെ മാവേലി മന്നൻ
text_fieldsകേരളത്തിന്റെ പതിനഞ്ചാമത് ജില്ലയാണ് യു.എ.ഇ എന്ന് വിശേഷിപ്പിക്കാറുണ്ട്. മലയാളക്കരയുടെ എല്ലാ ആഘോഷങ്ങളും ആരവങ്ങളും അതേപടിയോ അതിലേറെയോ കൊണ്ടാടുന്ന ലോകത്തിലെ മറ്റൊരു സ്ഥലമുണ്ടെങ്കില്‍ അത് ഇമാറാത്ത് തന്നെയായിരിക്കും. മലയാളികളുടെ ദേശീയോത്സവമായ ഓണമാകട്ടെ ചിങ്ങ മാസം പിറന്നാള്‍ പ്രവാസ ലോകത്ത് ഓണത്തിരക്കുകളുടെ കാലമായി. ആഗസ്റ്റ് മുതല്‍ നവംബര്‍ വരെ നാല് മാസത്തിലേറെ നീണ്ടു നില്‍ക്കാറുണ്ട് യു.എ.ഇയിലെ മലയാളികളുടെ ഓണാഘോഷം.
പ്രവാസ ലോകത്തെ ഓണാഘോഷം മലയാളികളുടെ മാത്രം ആഘോഷമായി ചുരുങ്ങാറില്ല. പ്രവാസ ലോകത്ത് ഏറ്റവും കൂടുതല്‍ മലയാളികള്‍ ജീവിക്കുന്ന രാജ്യമായ യു.എ.ഇയില്‍ മലയാളികളോട് ഇഴചേര്‍ന്ന് ജീവിക്കുന്നവരും മഹാബലിയുടെ ഓർമപ്പെരുന്നാള്‍ ഒന്നിച്ച് ആഘോഷിക്കാറുണ്ട്. ഓണാഘോഷത്തിന് സദ്യ പോലെത്തന്നെ ഒഴിച്ച് കൂടാനാകാത്ത ഒന്നാണ് മാവേലിയുടെ സാന്നിധ്യം. കാക്കത്തൊള്ളായിരം മലയാളി സംഘടനകളുള്ള പ്രവാസ ലോകത്ത് ദിനവും നടക്കുന്ന അനവധി ഓണാഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടാന്‍ നിരവധി പേരാണ് മാവേലിയായി അണിഞ്ഞൊരുങ്ങുന്നത്.
എന്നാല്‍ യു.എ.ഇയുടെ ആസ്ഥാന മാവേലി എന്ന പേരില്‍ അറിയപ്പെടുന്ന ഒരു മാവേലിയാണ് മാവേലി ലിജിത്ത് എന്നറിയപ്പെടുന്ന കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി ലിജിത്ത് കുമാര്‍. കഴിഞ്ഞ നാലു വര്‍ഷമായി യു.എ.ഇയിലെ ഏതാണ്ട് ചെറുതും വലുതുമായ കൂട്ടായ്മകളില്‍ മാവേലി വേഷം ചെയ്യുന്ന ലിജിത്ത് ഇതിനകം ഇരുനൂറോളം പരിപാടികളില്‍ മാവേലിയായി എത്തിക്കഴിഞ്ഞു. ഇക്കൊല്ലത്തെ യു.എ.ഇയിലെ പ്രധാന ആഘോഷങ്ങളടക്കം ഏറ്റ ലിജിത്ത് മാവേലി ഇപ്പോള്‍ തന്നെ തിരക്കിലാണ്.
ഓണമാസത്തില്‍ ദിനം പ്രതി മൂന്ന് പരിപാടികളില്‍ വരെ ഓടിയെത്താറുണ്ട് ഈ മാവേലി. തന്റെ പ്രജകളെ തേടി ചില ദിവസങ്ങളില്‍ എമിറേറ്റുകള്‍ താണ്ടിയും മാവേലി എത്തും. അജ്മാനിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജോലിക്കാരനാണ് ലിജിത്ത്. കഴിഞ്ഞ ഒന്നര പതിറ്റാണ്ട് കാലമായി യു.എ.ഇയിലുള്ള ലിജിത്ത് കുമാര്‍ കലാപരമായി വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും മാവേലി വേഷവുമായി രംഗത്ത് വരുന്നത് നാലു വര്‍ഷം മുന്‍പാണ്. തുടക്കം തന്നെ മികച്ച പ്രതികരണം ലഭിച്ചതോടെ ഈ മേഖലയാണ് തനിക്ക് നന്നായി വഴങ്ങുന്നതെന്ന് മനസിലാക്കി.
കഴിഞ്ഞ വര്‍ഷം അന്‍പതോളം ആഘോഷങ്ങളില്‍ മാവേലി വേഷം ചെയ്തു ഇദ്ദേഹം. ഇക്കൊല്ലത്തെ ആഘോഷങ്ങള്‍ക്ക് നേരത്തേ തന്നെ ബുക്ക് ചെയ്ത് വെച്ചിരിക്കുകയാണ് പലരും. അന്‍പത് പേര് മുതല്‍ പതിനായിരം പേര് പങ്കെടുക്കുന്ന ചടങ്ങുകള്‍ക്ക് വരെ മാവേലിയായി ഇദ്ദേഹം എത്താറുണ്ട് ചില മാസങ്ങളില്‍ ദിവസം മുഴുവന്‍ വേഷം കെട്ടേണ്ടി വന്നിട്ടുണ്ട്. രാവിലെ ആറര മണിക്ക് വേഷമണിഞ്ഞു രാത്രി പത്തരവരെ നീണ്ടു നിന്ന അനുഭവവുമുണ്ട് ഈ മാവേലിക്ക്.
പ്രിയതമ പ്രിയങ്കയാണ് ലിജിത്ത് കുമാറിനെ അണിയിച്ചൊരുക്കുന്നത്. ഇഷാല്‍ ലിജിത്ത്, ഇഷിക ലിജിത്ത് എന്നിവരാണ് മക്കള്‍. പിതാവ് ബാലകൃഷ്ണന് ഇന്ത്യന്‍ സൈന്യത്തിലായിരുന്നതിനാല്‍ അദ്ദേഹത്തിന്റെ ജോലിയുമായി ബന്ധപ്പെട്ട് കുടുംബത്തോടൊപ്പം ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലായിരുന്നു ലിജിത്തിന്റെ ചെറുപ്പ കാലം അധികവും. അമ്മ ഗിരിജ. ഷാര്‍ജ മാസ് സാംസ്കാരിക കൂട്ടായ്മയുടെ പ്രവര്‍ത്തകനാണ് ലിജിത്ത് കുമാര്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.