നെയ്ത്തുതറിയിൽ നിന്നിറങ്ങാതെ ബാലൻ
text_fieldsബാലുശ്ശേരി: നെയ്ത്തുതറിയിൽ നിന്നിറങ്ങാതെ തൊഴിലാളി ബാലൻ. അധ്വാനത്തിനനുസരിച്ച് കൂലിയില്ലെങ്കിലും നെയ്ത്ത് ഉപേക്ഷിക്കാതെ 89ാം വയസ്സിലും മുണ്ട് നെയ്തെടുക്കുകയാണ് പുത്തൂർവട്ടം പൊയിലിൽ ബാലൻ. 18ാം വയസ്സിൽ തുടങ്ങിയ നെയ്ത്തു ജോലി ഇപ്പോഴും വിരസമില്ലാതെ തുടരുന്നു.
ബാലുശ്ശേരി വീവേഴ്സ് സൊസൈറ്റിയുടെ കീഴിൽ 40ഓളം നെയ്ത്തുതറികൾ പ്രവർത്തിക്കുന്നുണ്ട്. ഇതിൽ പത്തെണ്ണം പ്രവർത്തിക്കുന്നത് സൊസൈറ്റി കെട്ടിടത്തിലാണ്. ബാക്കിയുള്ളവ വീടുകൾ കേന്ദ്രീകരിച്ചാണ്. ഇപ്പോൾ വീട്ടിലെ നെയ്ത്തുതറിയിലിരുന്നാണ് ബാലൻ മുണ്ട് നെയ്തെടുക്കുന്നത്. സഹായത്തിനായി ഭാര്യ നാരായണിയും ഒപ്പമുണ്ട്. മകൻ ചന്ദ്രന് സൊസെറ്റിയിലെ നെയ്ത്തുശാലയിൽ ജോലിയുണ്ട്.
രാവിലെ എട്ടുമുതൽ വൈകീട്ടു ആറു വരെ ജോലി ചെയ്താൽ അഞ്ച് മീറ്റർ മുണ്ട് നെയ്തെടുക്കാം. സൊസെറ്റി നൽകുന്ന കൂലി ഒരു മുണ്ടിന് 90 രൂപയാണ്. ഒരു മുണ്ടാകട്ടെ രണ്ടേകാൽ മീറ്ററോളം വരും. അഞ്ച് മീറ്റർ നെയ്താൽ 200 രൂപ കൂലി കിട്ടും.
നൂല് സൊസെറ്റി നൽകുമെങ്കിലും നെയ്യാൻ ആവശ്യമായ നല്ലിയും പാവും തയാറാക്കേണ്ടത് തൊഴിലാളിയാണ്. ഭാര്യ നാരായണി നല്ലിചുറ്റാനും പാവ് ഉണ്ടാക്കാനും സഹായിക്കും. വൈകീട്ടുവരെ തറിയിലിരുന്നു പണിയെടുത്താൽ തുച്ഛമായ കൂലിയേയുള്ളു എന്നതാണ് ബാലന്റെ സങ്കടം. അതിനും ചിലപ്പോൾ കാത്തിരിക്കണം.
ആഴ്ചയിൽ 40 മീറ്റർ തുണി നെയ്താൽ ഇൻസെന്റിവ് നൽകിയിരുന്നു. സർക്കാർ ഫണ്ട് നൽകാത്തതിനാൽ നാല് വർഷമായി ഇൻസെന്റിവും ലഭിക്കുന്നില്ല. ഒട്ടേറെ കഷ്ടനഷ്ടങ്ങളുണ്ടെങ്കിലും നെയ്ത്തുജോലി വിടാൻ ബാലന് ഒട്ടും മനസ്സില്ല. ആദ്യകാലത്ത് കുഴിത്തറിയിലായിരുന്നു തോർത്തുമുണ്ട് നെയ്തിരുന്നത്.
ഏഴു പതിറ്റാണ്ട് പിന്നിട്ടിട്ടും നെയ്ത്തു തൊഴിലാളിയുടെ കഷ്ടപ്പാടിനും ദാരിദ്ര്യത്തിനും അറുതി വരുത്താനായിട്ടില്ല. അതുകൊണ്ട് തന്നെയാണ് പുതിയ തലമുറ നെയ്ത്തു തൊഴിലിനോടും കൈത്തറി മേഖലയോടും മുഖം തിരിഞ്ഞു നിൽക്കുന്നതെന്ന് ബാലൻ പറയുന്നു.
നെയ്ത്തുശാലകൾക്ക് ഉണർവേകാൻ സർക്കാർ കൊണ്ടുവന്ന സ്കൂൾ കുട്ടികൾക്കുള്ള സൗജന്യ കൈത്തറി യൂനിഫോം വിതരണം നെയ്ത്തുതറികളെ സജീവമാക്കിയെങ്കിലും സർക്കാർ വരുത്തുന്ന കുടിശ്ശിക പല സൊസൈറ്റികളെയും ബുദ്ധിമുട്ടിക്കുന്നുണ്ട്.
യൂനിഫോം തുണി നെയ്തെടുക്കുമ്പോൾ ഒരു തൊഴിലാളിക്ക് 500 രൂപയോളം കൂലി കിട്ടുന്നുണ്ട്. മുമ്പത്തേക്കാളും ഭേദമാണ് ഈ കൂലി എന്ന ആശ്വാസത്തിലാണ് തൊഴിലാളികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.