രക്തഹാരം കൈമാറി, ലളിതചടങ്ങിൽ ആര്യയും സച്ചിൻ ദേവും ഒന്നായി
text_fieldsതിരുവനന്തപുരം: കോഴിക്കോട് ബാലുശ്ശേരി എം.എൽ.എ സച്ചിൻദേവും തിരുവനന്തപുരം കോർപറേഷൻ മേയർ ആര്യ രാജേന്ദ്രനും വിവാഹിതരായി. ഞായറാഴ്ച രാവിലെ എ.കെ.ജി ഹാളിൽ നടന്ന ചടങ്ങിൽ സച്ചിന്‍റെ പിതാവ് നന്ദകുമാറും ആര്യയുടെ പിതാവ് രാജേന്ദ്രനും കൈമാറിയ രക്തഹാരം പരസ്‌പരം അണിയിച്ച് ഹസ്‌തദാനം ചെയ്‌തതോടെ ലളിതമായ വിവാഹച്ചടങ്ങുകൾ പൂർത്തിയായി.
മുഖ്യമന്ത്രി പിണറായി വിജയൻ, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, മന്ത്രി മുഹമ്മദ് റിയാസ്, സി.പി.എം ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പൻ, കോഴിക്കോട് ജില്ല സെക്രട്ടറി പി. മോഹനൻ തുടങ്ങിയവരും ഇരുവരുടെയും കുടുംബാംഗങ്ങളും പങ്കെടുത്തു. മുഖ്യമന്ത്രി കുടുംബസമേതമാണ് ചടങ്ങിനെത്തിയത്.
മന്ത്രിമാരായ കെ. രാധാകൃഷ്‌ണൻ, വി. ശിവൻകുട്ടി, ജി.ആർ. അനിൽ, ആന്‍റണി രാജു, വി. അബ്‌ദുറഹിമാൻ, മുൻ സ്‌പീക്കർ എം.ബി. രാജേഷ്, ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ, എം.എൽ.എമാരായ ഡി.കെ. മുരളി, സി.കെ. ഹരീന്ദ്രൻ, വി. ജോയ്, വി.കെ. പ്രശാന്ത്, എം. വിൻസെന്‍റ്, കോവൂർ കുഞ്ഞുമോൻ, എം.പിമാരായ എ.എ. റഹീം, ബിനോയ് വിശ്വം, എം.കെ. രാഘവൻ, മുൻ മന്ത്രിമാരായ കെ.കെ. ശൈലജ, തോമസ് ഐസക്, എം. വിജയകുമാർ, മുൻ എം.പിമാരായ ടി.എൻ. സീമ, എ. സമ്പത്ത്, പി.കെ. ബിജു, പി.കെ. ശ്രീമതി, സി.പി.എം നേതാവ് ആനത്തലവട്ടം ആനന്ദൻ, ബി.ജെ.പി സംസ്ഥാന സെക്രട്ടറി കരമന ജയൻ, കൊച്ചി മേയർ എം. അനിൽകുമാർ, പത്തനംതിട്ട കലക്‌ടർ ദിവ്യ എസ്. അയ്യർ, സി.പി.ഐ ജില്ല സെക്രട്ടറി മാങ്കോട് രാധാകൃഷ്‌ണൻ, ബി.ജെ.പി ജില്ല പ്രസിഡന്‍റ് വി.വി. രാജേഷ്, ചലച്ചിത്ര നടൻ നന്ദു, കോർപറേഷൻ കൗൺസിലർമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. കപ്പയും മുളകും കേസരിയും പാൽപായസവും കട്ടൻചായയുമാണ് അതിഥികൾക്ക് വിളമ്പിയത്. വിവാഹശേഷം ഉച്ചക്ക് രണ്ടു മണിയോടെ ഇരുവരും സച്ചിന്‍റെ നാടായ കോഴിക്കോട്ടേക്ക് പോയി.
സച്ചിൻദേവ് നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എം.എൽ.എയാണ്. ആര്യ രാജേന്ദ്രനാകട്ടെ രാജ്യത്തെ പ്രായം കുറഞ്ഞ മേയറും. കോഴിക്കോട് സ്വദേശിയാണ് സച്ചിൻ ദേവ്. സി.പി.എം കോഴിക്കോട് ജില്ല കമ്മിറ്റി അംഗമാണ്. നിയമ ബിരുദധാരിയും. എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗവും സി.പി.എം ചാല ഏരിയ കമ്മിറ്റി അംഗവുമായ ആര്യ 21ാം വയസ്സിലാണ് മേയറായത്. തിരുവനന്തപുരം ആൾ സെയിന്‍റ്സ് കോളജിൽ വിദ്യാർഥിയായിരിക്കെയാണ് മേയറായത്. ബാലസംഘ കാലം മുതലേ പരിചയക്കാരാണ് ആര്യയും സച്ചിനും. മാർച്ച് ആറിനായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം.
വിവാഹത്തിന് ഉപഹാരങ്ങളൊന്നും സ്വീകരിക്കില്ലെന്ന് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ക്ഷണക്കത്തില്‍ ആര്യ രാജേന്ദ്രന്‍ നേരത്ത വ്യക്തമാക്കിയിരുന്നു. പരമാവധി ആളുകളെ നേരിൽ ക്ഷണിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും ആരെയെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കിൽ ഇതൊരു ക്ഷണമായി പരിഗണിച്ച് വിവാഹത്തിൽ സകുടുംബം പങ്കുചേരണമെന്നും ആര്യ രാജേന്ദ്രൻ കത്തിൽ ആവശ്യപ്പെട്ടിരുന്നു.
സ്നേഹോപഹാരങ്ങൾ നൽകണമെന്ന് ആഗ്രഹിക്കുന്നവർ നഗരസഭയുടെ വൃദ്ധസദനങ്ങളിലോ അഗതി മന്ദിരത്തിലോ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കോ നൽകണം. എല്ലാവരുടെയും സാന്നിധ്യം കൊണ്ട് വിവാഹ ചടങ്ങ് അനുഗ്രഹീതമാക്കണമെന്നും ആര്യ രാജേന്ദ്രന്‍ അഭ്യര്‍ഥിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.