പന്തുതട്ടാൻ മെഹസ് ഇറ്റലിയിലേക്ക് പറന്നു
text_fieldsമാവൂർ: കാൽപന്തുകളിയിൽ പന്തടക്കം തീർക്കാൻ കൊച്ചുകളിക്കാരൻ ഇറ്റലിയിലേക്ക് പറന്നു. നിരവധി കളിക്കാരെ സംഭാവന ചെയ്ത മാവൂരിൽനിന്നുള്ള താരോദയമായ ആറാം ക്ലാസ് വിദ്യാർഥി മെഹസാണ് ഇറ്റലിയിലേക്ക് യാത്രയായത്. മാവൂർ കച്ചേരിക്കുന്ന് തെന്നലിൽ ഒ.എം. നൗഷാദിന്റെ മകനായ മെഹസ് ഇറ്റലിയിൽ നടക്കുന്ന അണ്ടർ പതിമൂന്ന് ഫുട്ബാൾ ടൂർണമെന്റിൽ പങ്കെടുക്കുന്ന എ.സി മിലാൻ ടീമംഗമാണ്.
ഇറ്റലിയിലെ ടോർണിയോ ഡെല്ല പേസ് ടൂർണമെന്റിൽ ഇന്ത്യയെ പ്രതിനിധാനംചെയ്താണ് എ.സി മിലാൻ കേരള ടീം കളിക്കിറങ്ങുന്നത്. പതിനഞ്ചംഗ ടീം ചൊവ്വാഴ്ച രാവിലെ ആറിന് ചെന്നൈയിൽനിന്ന് യാത്ര പുറപ്പെട്ടു. ജർമനി, നെതർലൻഡ്, ഓസ്ട്രിയ, ഡെന്മാർക് തുടങ്ങിയ രാജ്യങ്ങളിലെ ക്ലബുകളടങ്ങുന്ന ഗ്രൂപ്പിലാണ് മിലാൻ അക്കാദമി മത്സരിക്കുന്നത്.
എ.സി മിലാൻ കേരള ഫുട്ബാൾ അക്കാദമിയുടെ കോഴിക്കോട് ക്യാമ്പിൽനിന്നാണ് മെഹസ് അണ്ടർ 14 ഇന്റർനാഷനൽ ഫുട്ബാൾ ടൂർണമെന്റിലേക്ക് യോഗ്യത നേടിയത്. എളമരം ബാഫഖി തങ്ങൾ മെമ്മോറിയൽ ഓർഫനേജ് യു.പി സ്കൂൾ ആറാം തരം വിദ്യാർഥിയാണ് മെഹസ്. പിതാവ് ഇതേ സ്കൂളിലെ പ്രധാനാധ്യാപകനാണ്.
കാലിക്കറ്റ് ഗേൾസ് ഹൈസ്കൂളിലെ മലയാളം അധ്യാപികയായ ഹർഷിതയാണ് മാതാവ്. മെഹസ് ചെറൂപ്പയിലെ മുദ്ര ഫുട്ബാൾ അക്കാദമിയിൽനിന്നാണ് കളി അഭ്യസിച്ചുതുടങ്ങിയത്. പിന്നീട് എ.സി മിലാൻ അക്കാദമി കോഴിക്കോട് ക്യാമ്പിൽനിന്നും മികച്ച പ്രകടനത്തിലൂടെ ഇന്ത്യക്കുവേണ്ടി ബൂട്ടണിയാനുള്ള അവസരം തേടിയെത്തുകയായിരുന്നു.
മെഹസിന് മുദ്ര ചെറൂപ്പ ആദരം നൽകി. ചെറൂപ്പ മിനി സ്റ്റേഡിയത്തിൽ മുദ്രയുടെ കോച്ചിങ് ക്യാമ്പിൽ ഒരുക്കിയ സ്വീകരണച്ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. രഞ്ജിത് ആദരവ് കൈമാറി. ക്ലബ് പ്രസിഡന്റ് യു.എ. ഗഫൂർ, ട്രഷറർ സലീം, അസീസ് ഷറഫലി, പരിശീലകനായ വി.കെ. നിസാം, ടി. റാഷിദ്, ജെനീഷ് എന്നിവർ സംബന്ധിച്ചു. മെഹസിനെ മുസ്ലിം ലീഗ് മാവൂർ പഞ്ചായത്ത് കമ്മിറ്റിയും അനുമോദിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് ഉപഹാരം കൈമാറി. മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എൻ.പി. അഹമ്മദ് അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.