വരൂ.. സ്റ്റീഫൻ ദേവസ്യയുടെ മാന്ത്രിക വിരലുകൾക്കൊപ്പം ആടാം
text_fieldsദോഹ: സ്റ്റീഫൻ ദേവസിയുടെ മാന്ത്രിക വിരലുകൾ കീബോഡിലെ വെള്ളയും കറുപ്പും നിറങ്ങളിലെ ബട്ടണുകളിൽ അമരുമ്പോൾ ആരാധക ഹൃദയങ്ങൾ നിറഞ്ഞാടുന്നത് പുതുമയുള്ള കാഴ്ചയല്ല. പതിനായിരങ്ങൾ നിറഞ്ഞുകവിയുന്ന സദസ്സിനു മുന്നിലേക്ക് കീബോർഡുമായി എത്തുമ്പോൾ ആനന്ദ നൃത്തമാടിക്കാൻ മറ്റാരും വേണ്ടതില്ല.
കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെയായി മലയാള സംഗീത ലോകത്ത് ഒറ്റയാനായി സാന്നിധ്യം അറിയിച്ച അതുല്യ പ്രതിഭ. ഇന്ത്യയിലും ഗൾഫിലും യൂറോപ്പിലും അമേരിക്കയിലുമായി ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും ലക്ഷക്കണക്കിന് സംഗീത ആരാധകരെ സൃഷ്ടിച്ച താരമാണ് ഈ ഒറ്റപ്പാലത്തുകാരൻ.
ലൈവ് സ്റ്റേജുകളിലെ ഫ്യൂഷൻ സംഗീതംകൊണ്ട് സദസ്സിനെ ഇളക്കിമറിക്കുന്ന സ്റ്റീഫൻ ദേവസി ഇത്തവണ ഖത്തറിലെത്തുമ്പോൾ വരവിന് ഏറെ പ്രത്യേകതയുണ്ട്. ഗൾഫ് മാധ്യമം ഒരുക്കുന്ന ‘മൈക്രോ ചെക് മെലോഡിയസ് മെമ്മറീസ്’ സംഗീത പരിപാടിയിൽ പഴയ തലമുറുകളിൽ തുടങ്ങി പുതു തലമുറ ആടിത്തകർക്കുന്ന പാട്ടുകൾ വരെ സ്റ്റേജിൽ പെയ്തിറങ്ങുമ്പോൾ അതിനിടയിൽ നായകനായി സ്റ്റീഫനുണ്ടാവും. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെയായി എല്ലാ തലമുറയുടെയും ഹരമാണ് സ്റ്റീഫൻ.
അനുഗൃഹീത ഗായകർ പാടിപ്പതിപ്പിച്ച വരികൾ, സ്റ്റീഫന്റെ കൈവിരലുകളിലൂടെ കൂടുതൽ ഇമ്പത്തോടെ ഉയരുമ്പോൾ ആസ്വാദക ഹൃദയങ്ങൾ അതേറ്റെടുക്കുന്നു. കുഞ്ഞുപ്രായത്തിൽ തന്നെ പിയാനോയിൽ മികവു തെളിയിച്ച്, ലണ്ടൻ ട്രിനിറ്റി മ്യൂസിക് സ്കൂളിന്റെ സോളോ പിയാനോയിൽ ഏഷ്യയിലെ തന്നെ റെക്കോഡ് ഗ്രേഡിൽ പഠനം പൂർത്തിയാക്കിയ സ്റ്റീഫൻ തൊട്ടതെല്ലാം പൊന്നാക്കുകയായിരുന്നു.
18ാം വയസ്സിൽ ഹരിഹരന്റെ ട്രൂപ്പിൽ അംഗമായി തുടങ്ങിയ ഇദ്ദേഹം, എൽ. സുബ്രഹ്മണ്യം, ശിവമണി, സാക്കിർഹുസൈൻ, അംജദ് അലിഖാൻ, എ.ആർ. റഹ്മാൻ, യു.വി. ശ്രീനിവാസ് എന്നീ ഇന്ത്യയുടെ എക്കാലത്തെയും പ്രശസ്തരായ സംഗീത പ്രതിഭകൾക്കൊപ്പവും പ്രവർത്തിച്ചു. സിനിമ പിന്നണിണയിലും സംഗീത സംവിധാനത്തിലും തുടങ്ങി ആയിരക്കണക്കിന് സ്റ്റേജ് ഷോകൾ, ടി.വി ഷോകൾ അങ്ങനെ നീളുന്നു ഈ സംഗീത യാത്ര.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.