തിരുവൻചിറയിലെ കാഴ്ചശീവേലിക്ക് ഇനി ആ സാന്നിധ്യമില്ല
text_fieldsപയ്യന്നൂർ: കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന് തുടക്കംകുറിക്കാൻ ഒരുദിനം മാത്രമവശേഷിക്കുമ്പോഴാണ് ഓച്ചർ അരങ്ങൊഴിഞ്ഞത്. വാദ്യലോകത്തിന്റെ പെരുമലകയറിയ വാദ്യരത്നം കടന്നപ്പള്ളി ശങ്കരൻകുട്ടി മാരാർ ഓർമയായി മാറിയപ്പോൾ വടക്കൻ കേരളത്തിന്റെ തായമ്പക പെരുമയുടെ ഒരധ്യായം കൂടിയാണ് കൊഴിഞ്ഞുവീഴുന്നത്.
അത്യുത്തരകേരളത്തിന്റെ മേളപ്പെരുമ അന്താരാഷ്ട്രതലത്തിൽ പരിചയപ്പെടുത്തിയ അതുല്യ കലാകാരനായിരുന്നു ബുധനാഴ്ച വിടവാങ്ങിയ കടന്നപ്പള്ളി ശങ്കരൻ കുട്ടി മാരാർ. കൊട്ടിയൂർ ദേവസ്വം ‘ഓച്ചർ’ ബഹുമതി നൽകി ആദരിച്ച കലാകാരൻ. കഴിഞ്ഞ നാലു പതിറ്റാണ്ടിലേറെയായായി കൊട്ടിയൂരെ കയ്യാലകളിൽ ആ സാന്നിധ്യമുണ്ട്. ശീവേലിക്ക് ഓലക്കുടയും വാദ്യോപകരണവുമായി മുന്നിലുണ്ടാവും മാരാർ.
പട്ടിണിയുടെയും പരിവട്ടങ്ങളുടെയും നടുവിലായിരുന്നു പിറവി. ജീവിതം മുന്നോട്ടു കൊണ്ടു പോകുന്നതിന് പിതാവ് കൊട്ടില വീട്ടിൽ ശങ്കര മാരാരൊപ്പം അമ്പലങ്ങളിൽ ചെണ്ടകൊട്ടാൻ പോയതു മൂലം ശങ്കരൻ കുട്ടിക്ക് നഷ്ടപ്പെട്ടത് വിദ്യാഭ്യാസമാണ്. പ്രാഥമിക വിദ്യാലയത്തിൽ പഠനം നിർത്തിയ ശങ്കരൻകുട്ടി മാരാർ പക്ഷെ, സർവകലാശാല കലോത്സവങ്ങളുടെ വിധിനിർണയിക്കുന്നിടം വരെ വളർന്നു.
എട്ടാം വയസിൽ പിതാവ് കൊട്ടില വീട്ടിൽ ശങ്കര മാരാരിൽ നിന്ന് വാദ്യകലയുടെ ബാലപാഠങ്ങൾ സ്വായത്തമാക്കിയ ശേഷം കടന്നപ്പള്ളി വെള്ളാലത്ത് ശിവക്ഷേത്രത്തിൽ അരങ്ങേറ്റം കുറിച്ചു. പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നില്ല. അര നൂറ്റാണ്ടായി മേളപെരുമ ലോകം മുഴുവൻ കൊട്ടി അറിയിക്കുകയായിരുന്നു വാദ്യകലയിലെ ഈ കുലപതി.
കോറോത്ത് നാരായണ മാരാറെ ഗുരുവായി സ്വീകരിച്ച കടന്നപ്പള്ളി ശങ്കരൻ കുട്ടി പുളിയാമ്പള്ളി ശങ്കര മാരാരിൽ നിന്ന് പാണിയും തിമിലയും അഭ്യസിച്ചു. പല്ലാവൂർ മണിയൻ മാരാറോടൊപ്പം നീണ്ട വർഷങ്ങൾ കഴിച്ചുകൂട്ടിയത് വലിയ അനുഭവമായി. സദനം വാസുദേവനിൽ നിന്ന് കഥകളി ചെണ്ടയും അഭ്യസിച്ചു.
മട്ടന്നൂർ ശങ്കരൻകുട്ടിയെ കൂടി കൂട്ടിന് കിട്ടിയപ്പോൾ വാദ്യലോകം പുതിയൊരു ചരിത്രം രചിക്കുകയായിരുന്നു. അഷ്ട പതിയിലും തിളങ്ങി. പാരീസ്, ലണ്ടൻ, ഹോങ്കോങ് , ഉക്രെയിൻ, നോർവെ, ബ്രസീൽ, മൊറോക്കോ, സിംഗപ്പൂർ തുടങ്ങി പതിനാലോളം വിദേശ രാജ്യങ്ങളിൽ വാദ്യകലയുടെ പെരുമ പടർന്നു.
വരേണ്യവർഗത്തിനു മാത്രം പ്രാപ്യമായ ക്ഷേത്ര കലകളെ സമൂഹത്തിലെ കീഴ്ജാതിക്കാരെ കൂടി അഭ്യസിപ്പിച്ചതിലൂടെ എതിർപ്പ് ക്ഷണിച്ചു വരുത്തിയെങ്കിലും അതിനെയെല്ലാം അവഗണിച്ച് അറിവിനു വേണ്ടി തന്റെ പക്കലേക്ക് വരുന്നവരെ ഇരുകൈയും നീട്ടി സ്വീകരിക്കുകയായിരുന്നു ഈ കലാകാരൻ.
വലം തലയിൽ താളമിട്ട് തിടമ്പുനൃത്തക്കാരെ വാർത്തെടുക്കാനും സാധിച്ചു. തായമ്പകയിലെ അടന്തക്കൂറിൽ കാലങ്ങൾ കൊട്ടിക്കയറി നാദപ്പെരുക്കത്തിന്റെ വിസ്മയം തീർത്ത് കലാശിക്കുമ്പോൾ മാരാർ ആസ്വാദക ഹൃത്തിൽ ഇടംനേടുന്നു. ഈ മികവിന് ശങ്കരൻ കുട്ടിയെ ഗുരുവായൂർ ദേവസ്വം നാലു തവണ ആദരിച്ചു. തളിപ്പറമ്പ രാജരാജേശ്വര ക്ഷേത്രം വാദ്യരത്നം ബഹുമതി നൽകിയാണ് ആദരിച്ചത്. കേരള കലാമണ്ഡലം നവതിയാഘോഷം ഗുരുദക്ഷിണ അവാർഡും കടന്നപ്പള്ളിയെ തേടിയെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.