ജോസ് പറയുന്നു, ഈ നാണയങ്ങളാണെന്റെ കരുതൽ
text_fieldsമേപ്പാടി: എഴുപതാം വയസ്സിലും പഴയ കറൻസികളും നാണയങ്ങളും ശേഖരിക്കുന്നതിൽ തൽപരനാണ് നത്തംകുനി സ്വദേശി ചെറുകിട കർഷകനായ കൊച്ചുപുരയ്ക്കൽ കെ.എ. ജോസ്. വലിയ സാമ്പത്തിക ശേഷിയൊന്നുമില്ലാത്ത ആളാണെങ്കിലും ബ്രിട്ടീഷ് ഭരണകാലം മുതലുള്ള ഇന്ത്യയിലെ നോട്ടുകൾ, നാണയങ്ങൾ, ഒട്ടുമിക്ക ലോക രാജ്യങ്ങളുടെയും കറൻസികൾ, നാണയങ്ങൾ എന്നിങ്ങനെ ലക്ഷങ്ങൾ വിലമതിക്കുന്ന വലിയൊരു ശേഖരം തന്നെയുണ്ട് സമ്പാദ്യമായി ജോസിന്.
ഇതിൽ ഗൾഫ് രാജ്യങ്ങൾ, അമേരിക്ക, ബ്രിട്ടൻ, ഇസ്രായേൽ, സിറിയ, സിംഗപ്പൂർ, മലേഷ്യ, ഇറ്റലി, ഫ്രാൻസ്, ഈജിപ്ത്, ഏഷ്യൻ രാജ്യങ്ങളായ വിയറ്റ്നാം, കംബോഡിയ, ജപ്പാൻ, ചൈന, ഇന്തോനേഷ്യ, സിറിയ, യമൻ, ഫിലിപ്പീൻസ് തുടങ്ങിയ എല്ലാ രാജ്യങ്ങളുടെയും കറൻസികളും നാണയങ്ങളുമുണ്ട്.
1942-44 കാലത്ത് പ്രചാരത്തിലുണ്ടായിരുന്ന ചക്രം, അര അണ, ഒരണ, രണ്ടണ, കാശ്, ഓട്ടമുക്കാൽ, ഇന്ത്യയിൽ പ്രചാരത്തിലുണ്ടായിരുന്ന 1, 2, 5, 10, 20, 50,100, 500, 1000, നിരോധിക്കപ്പെട്ട 2000 രൂപ നോട്ടുകളെല്ലാം സൂക്ഷിച്ചുവെച്ചിട്ടുണ്ട്. എസ്. ജഗന്നാഥൻ റിസർവ് ബാങ്ക് ഗവർണറായിരിക്കെ ആദ്യമായി പുറത്തിറക്കിയ 20 രൂപ നോട്ട്, 100 രൂപ നോട്ട്, ആദ്യവും രണ്ടാമതും പുറത്തിറക്കിയ 500 രൂപ നോട്ടുകൾ, 2013ൽ ഇറക്കിയ 1000 രൂപ നോട്ട് എന്നിവയെല്ലാം സൂക്ഷിച്ചുവെച്ചിട്ടുണ്ട്.
30 രാജ്യങ്ങളുടെ 3000 സ്റ്റാമ്പുകൾ, 300 വർഷം പഴക്കമുള്ള ഓട്ടുവിളക്ക്, മൈസൂരുവിൽനിന്ന് കൊണ്ടുവന്ന പഴയ ചെമ്പ്, കോട്ടക്കൽ ആര്യവൈദ്യശാലയുടെ 1902ലെ അരിഷ്ടത്തിന്റെ കുപ്പി തുടങ്ങിയവയും ശേഖരത്തിലുണ്ട്. ജോസിന്റെ നാണയ കമ്പത്തെക്കുറിച്ചറിയുന്ന ചിലർ ചില നാണയങ്ങളൊക്കെ സൗജന്യമായി നൽകിയിട്ടുണ്ടെങ്കിലും ഏറിയ പങ്കും പണംകൊടുത്ത് വാങ്ങിയതാണ്. പതിനായിരവും ഇരുപതിനായിരവുമൊക്കെ ഇതിനായി മുടക്കുന്ന ശീലവുമുണ്ട്.
1942ൽ കോട്ടയത്തുനിന്ന് ഇവിടേക്ക് കുടിയേറിയതാണ് ജോസിന്റെ കുടുംബം. ആദ്യമൊന്നും വലിയ താൽപര്യം കാണിച്ചിരുന്നില്ലെങ്കിലും ഇപ്പോൾ ഭാര്യ ഏലിയാമ്മയും സഹകരിക്കുന്നുണ്ട്. നല്ല വില വാഗ്ദാനം ചെയ്താലും ഇവയൊന്നും വിൽക്കാനും ഇദ്ദേഹം തയാറല്ല. പൊന്നു കാക്കുന്ന ഭൂതത്തെപ്പോലെ ഇതിന് കാവലിരിക്കുകയാണ് അദ്ദേഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.