മെസിയുടെ മണല്‍ ചിത്രം ഒരുക്കി മുരുകന്‍ കസ്തൂര്‍ബ
text_fieldsബാലരാമപുരം: ഫുട്ബാള്‍ പ്രേമികള്‍ക്ക് ആവേശമായി മുരുകന്‍ കസ്തൂര്‍ബ മണല്‍തരികളില്‍ തീര്‍ത്ത മെസിയുടെ കൂറ്റന്‍ ചിത്രം. ഗിന്നസ് റെക്കോഡ് ലക്ഷ്യമിട്ടാണ് വെടിവെച്ചാന്‍കോവില്‍, തോപ്പുവിള മുരുകന്‍ നിവാസില്‍ മുരുകന്‍ കസ്തൂര്‍ബ മണല്‍ത്തരികളില്‍ ചിത്രം ഒരുക്കിയത്. മെസിയുടെ ചിത്രം താരത്തിന്റെ ശ്രദ്ധയില്‍പ്പെടുത്താനുള്ള കഠിന ശ്രമത്തിലാണെന്നും ഇത്രയും വലിയ ചിത്രം മണലില്‍ ആരും തീര്‍ത്തിട്ടില്ലെന്ന് മരുകന്‍ പറയുന്നു.
12 അടി പൊക്കവും ആറടി വീതിയുമുള്ള മെസിയുടെ മണല്‍ ചിത്രത്തിന് 8.10 കോടി മണല്‍ത്തരികൾ വേണ്ടി വന്നതായാണ് മുരുകന്‍റെ കണക്ക്. ഓരോ ചതുരശ്ര അടിക്ക് എത്ര മണല്‍ വേണമെന്ന് നോക്കിയാണ് മണലിന്റെ കണക്കെടുത്തത്. ആറു മാസത്തോളം രാവും പകലും കഷ്ടപ്പെട്ടാണ് മുരുകന്‍ അര്‍ജന്റീനിയന്‍ താരത്തിന്‍റെ ചിത്രമൊരുക്കിയത്. കന്യാകുമാരി മുതല്‍ കുത്തബ് മീനാര്‍ വരെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 40ൽപരം ഇനം മണൽ ഉപയോഗിച്ചിട്ടുണ്ട്.
കളര്‍ ചേര്‍ക്കാതെയുള്ള ചിത്രങ്ങളാണ് പലപ്പോഴും മുരുകന്‍ വരക്കാറുള്ളത്. എന്നാൽ, മണലിന്‍ കൃത്യമായ കളര്‍ മാത്രം ഉപയോഗിച്ചുവെന്നതാണ് മെസിയുടെ ചിത്രിത്തിന്‍റെ മറ്റൊരു പ്രത്യേകത. ഇതിനോടകം 450ലേറെ മണല്‍ ചിത്രങ്ങൾ തയാറാക്കിയിട്ടുണ്ട്. മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുൽ കലാമിന് ചിത്രം വരച്ച് നല്‍കിയതിന് പ്രശംസാപത്രം മുരുകന് ലഭിച്ചിട്ടുണ്ട്. ഗുരുക്കന്‍മാരില്ലാതെ പഠിച്ച മണ്‍ചിത്രകലക്ക് പില്‍ക്കാലത്ത് മുരുകൻ ഗുരുത്വം സ്വീകരിച്ചിരുന്നു.
ശാസ്ത്രീയമായി മണല്‍ത്തരികളിൽ പശ ചേര്‍ത്താണ് ചിത്രം വരക്കുന്നത്. ഓരോ പ്രദേശത്ത് നിന്നും കൊണ്ടുവരുന്ന മണല്‍ അരിച്ച് ശുചീകരിച്ചാണ് ഉപയോഗിക്കുന്നത്. 20 കിലോ മണല്‍ കഴുകി വൃത്തിയാക്കി ചിത്രത്തിന് അനുയോജ്യമാക്കുമ്പോള്‍ ഒന്നര കിലോ മാത്രമണ് ലഭിക്കുക. 28 വര്‍ഷമായി മണല്‍ ചിത്രം വരക്കുന്ന മുരുകന്‍, വിവിധ ആരാധനാമൂര്‍ത്തിയുടേത് അടക്കം ചിത്രങ്ങള്‍ തീര്‍ത്തിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.