പേരിൽ വിരിയും മുഖങ്ങൾ
text_fieldsകോട്ടയം: ഒരു പേരിലെന്തിരിക്കുന്നു എന്ന് ഇനി ചോദിക്കണ്ട. ആർട്ടിസ്റ്റ് എം.എച്ച്. ഷെറീഫിന്‍റെ ചിത്രങ്ങൾ കണ്ടാൽ പേരും വായിക്കാം, ആളെയും അറിയാം. പേര് പ്രത്യേക രീതിയിൽ എഴുതിയാണ് ഷെറീഫ് ചിത്രങ്ങൾ തീർക്കുന്നത്. ആദ്യം വരച്ചത് ഗാന്ധിജിയെ ആയിരുന്നു. പിന്നീട് ഇന്ദിരാഗാന്ധി, അംബേദ്കർ, എം.ടി. വാസുദേവൻ നായർ, മദർ തെരേസ, പ്രേംനസീർ, വൈക്കം മുഹമ്മദ് ബഷീർ തുടങ്ങിയവരെ പേരുകളിലാക്കി. അമ്പത് ചിത്രങ്ങളിലെത്തി നിൽക്കുന്നു ഈ സപര്യ. പിടി തരാതിരുന്നത് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ്.
ഏറെ നാളത്തെ പരിശ്രമത്തിനൊടുവിൽ അതും സാധിച്ചു. വലതുകണ്ണിൽ തുടങ്ങുന്ന ‘ഉ’ എന്ന അക്ഷരം അവസാനിക്കുന്നത് മീശയിലാണ്. ഒരു ‘മ’ മൂക്കിലാണെങ്കിൽ മറ്റേ ‘മ’ ഇടതുകണ്ണിലും. പേരിലെ അക്ഷരങ്ങൾ കൊണ്ടുള്ള ഈ വരയെകുറിച്ചുചോദിച്ചാൽ ഷെറീഫിന്‍റെ മറുപടി ഇങ്ങനെ- ‘‘അത് എങ്ങനെയോ വന്നുകയറുന്നതാണ്’’. വെറുതെ എഴുതിയതുകൊണ്ടായില്ല. പേര് വായിക്കാനും പറ്റണം. കൃത്യമായ ഛായ തോന്നുകയും വേണം.
ചില വരകൾ പൂർത്തിയാക്കാൻ ഒരാഴ്ച വരെ എടുക്കും. കെ.എസ്.ആർ.ടി.സിയിൽ ചാർജ്മാനായി എട്ടുവർഷം മുമ്പ് വിരമിച്ച ചങ്ങനാശ്ശേരി മൂപ്പരുവീട്ടിൽ ഷെറീഫ് എം.വി. ആർട്സ് എന്ന സ്ഥാപനം നടത്തുകയാണ്. പോർട്രെയ്റ്റ്, ൈസൻ ബോർഡ് തുടങ്ങിയവ വരച്ചുനൽകും. അഞ്ചുവർഷം മുമ്പാണ് പേരുപയോഗിച്ചുള്ള വര തുടങ്ങിയത്.
ഇദ്ദേഹത്തിന്‍റെ മകനും പീച്ചി കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രൊജക്ട് അസിസ്റ്റന്‍റ് ആയ എം.എസ്. ഷെബിൻ ഗാന്ധിജിയുടെ അപൂർവ ചിത്രങ്ങളുടെ സൂക്ഷിപ്പുകാരനാണ്. ഗാന്ധിജിയുടെ ഏഴുവയസ്സ് മുതൽ മരണം വരെയുള്ള 2500ലധികം ചിത്രങ്ങളാണ് ഷെബിന്‍റെ ശേഖരത്തിലുള്ളത്. സ്കൂൾ കാലഘട്ടം മുതലേ പലയിടങ്ങളിൽനിന്നായി ശേഖരിച്ച ഈ ചിത്രങ്ങളുടെ പ്രദർശനവും സംഘടിപ്പിച്ചിരുന്നു.
മദ്റസ അധ്യാപികയായ ബൽക്കീസ് ആണ് ഭാര്യ. ഡോ. ഷെബീസ് (ഫാമിലി ഡെൻ്റ് മൾട്ടി സ്പെഷ്യാലിറ്റി ഡെൻ്റൽ അവന്യൂ, മാവേലിക്കര), ഡോ. ഷെബ്ജ എന്നിവരാണ് മക്കൾ. മരുമക്കൾ: ഡോ. അഖില അൻസാരി, രഹന ബീഗം, അബ്ദുൽ സുബ്ഹാൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.