മിനിയേച്ചർ മാസ്റ്റർ അജു
text_fieldsഗൃഹാതുര ഓർമകൾ താലോലിച്ചു നടക്കാത്തവർ വളരെ വിരളമായിരിക്കും. കഴിഞ്ഞകാലത്തെ സുഖമുള്ള കാഴ്ചകളെ പറഞ്ഞും എഴുതിയും ഓർത്തെടുത്തും സജീവമാക്കി നിലനിർത്താൻ മിക്കവരും ശ്രമിക്കാറുണ്ട്. മുതിർന്നവരുടെ ഇത്തരം ചിന്തകളെ പുതുതലമുറ ‘തന്തവൈബ്’ കാറ്റഗറിയിൽ മാറ്റിനിർത്തുമെങ്കിലും ഗൃഹാതുരത ഒരു പോസിറ്റീവ് വൈബ് തരുന്ന സംഗതി തന്നെയാണ്.
തൃശ്ശൂർ മണലൂർ സ്വദേശി അജു തന്റെ നൊസ്റ്റാൾജിക് ഓർമകൾ വേറിട്ട ഒരു രീതിയിലാണ് സക്രിയമാക്കുന്നത്. കലാവാസന കൈമുതലായുള്ള ഇദ്ദേഹം ഏതെങ്കിലും ഒരു കുട്ടിക്കാല ചിത്രം മിസ് ചെയ്യുന്നുവെങ്കിൽ അതിന്റെ ഒരു കുഞ്ഞൻ രൂപം സ്വയം അങ്ങ് നിർമിക്കും.
ചെറുപ്രായത്തിൽ കണ്ടു തുടങ്ങിയ ക്ഷേത്രങ്ങളും പഴയ ഓടിട്ട വീടുകളും പ്രസിദ്ധമായ തൃശ്ശൂരിലെ പാറമേക്കാവ് വടക്കുംനാഥ ക്ഷേത്രങ്ങളും അജുവിന്റെ മാന്ത്രിക വിരലുകളാൽ പുന:സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. വിളമ്പിവെച്ച സദ്യയും കണിവെള്ളരിക്കയും കണ്ടാൽ ഒറിജിനലിനെ വെല്ലുന്ന ഒറിജിനാലിറ്റി ! ഇവയൊക്കെ ഒരു പ്ലേറ്റിൽ ഉൾക്കൊള്ളുന്ന വലിപ്പത്തിലാണ് അജു തയ്യാറാക്കുന്നത്.
ഉണ്ടാക്കുന്ന രൂപങ്ങളിലെ ഡീട്ടെയ്ലിങ് ആണ് അജുവിന്റെ കലയെ വേറിട്ടതാക്കുന്നത്. ഉദാഹരണത്തിന് ഒരു ഓട്ടോറിക്ഷയോ ടാറ്റയുടെ പിക്കപ്പ് പോലുള്ള വാഹനങ്ങളോ ഉണ്ടാക്കുകയാണെങ്കിൽ പുറംമോടിയിൽ കൊടുക്കുന്ന അതേ സമ്പൂർണ്ണത അതിന്റെ ആന്തരിക യന്ത്ര ഭാഗങ്ങളിലും കാണാൻ സാധിക്കും. ബാറ്ററിയും എൻജിനും വയറുകളും ഒക്കെ അതേപടി പുനർ നിർമിക്കും.
എന്തിനേറെ, വാഹന ഉടമ കത്തിക്കുന്ന ചന്ദനത്തിരിയും അതിന്റെ പാക്കറ്റും വരെ ഡാഷ് ബോർഡിൽ കാണാം. ഷാർജയിൽ ഇരുന്നു ചെയ്യുമ്പോൾ കൂടുതൽ വിശദാംശങ്ങൾ ലഭിക്കാൻ സ്നേഹിതർ അയച്ചുകൊടുക്കുന്ന ചിത്രങ്ങൾ സഹായകമാകാറുണ്ട്.
ഷാർജയിൽ മോഡൽ നിർമാണ രംഗത്ത് തന്നെ പ്രവർത്തിക്കുന്ന കമ്പനിയിലെ ജോലി തന്റെ കഴിവുകൾ കൂടുതൽ മെച്ചപ്പെടുത്താൻ സഹായകമാകാറുണ്ടെന്ന് അജു പറയുന്നു. ജോലിത്തിരക്കിനിടയിൽ വീണു കിട്ടുന്ന ചെറിയ സമയങ്ങളിൽ നിർമിക്കുന്ന ഓരോ മിനിയേച്ചർ മോഡലുകൾക്കും പിറവിയെടുക്കാൻ നല്ല സമയവും കഠിനപ്രയത്നവും സൂക്ഷ്മതയും ക്ഷമയും അത്യാവശ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.