മുസ്ലിം ലീഗിന്റെ നിസ്വാർഥ സേവകനായി എടവലത്ത് മുഹമ്മദ് ഹാജി
text_fieldsകുന്ദമംഗലം: നീണ്ട ഏഴു പതിറ്റാണ്ടോളം മുസ്ലിം ലീഗിന്റെ സാധാരണ പ്രവർത്തകനായി ജീവിക്കുന്ന ഒരാളുണ്ട് കുന്ദമംഗലത്ത്; 83കാരനായ എടവലത്ത് മുഹമ്മദ് ഹാജി. 1955 മുതൽ മുസ്ലിം ലീഗിൽ ചേർന്ന് പ്രവർത്തിക്കുന്നു. മകന്റെ കൂടെ ഈ പ്രായത്തിലും തന്റെ ബിസിനസുമായി മുന്നോട്ട് പോവുകയാണ് ഇദ്ദേഹം.
തന്റെ പിതാവ് ആലി ഹാജി ഇദ്ദേഹത്തിന് കൊടുത്ത നിർദേശപ്രകാരം പാർട്ടിയുടെയും പള്ളി കമ്മിറ്റിയുടെയും ഒരു ഭാരവാഹിത്വത്തിലേക്കും ഇദ്ദേഹം വന്നിട്ടില്ല. നേതൃസ്ഥാനങ്ങളിലോ കമ്മിറ്റികളിലോ വന്നാൽ ജനങ്ങളോടുള്ള ബാധ്യത പൂർണമായി നിറവേറ്റാൻ കഴിയുമോയെന്ന പേടിയിലാണ് പിതാവ് അന്ന് അങ്ങനെ പറഞ്ഞിരുന്നത്. ഇന്ന് ലീഗിന്റെ പ്രാദേശിക കമ്മിറ്റികളിൽ ഒന്നിലും മുഹമ്മദ് ഹാജി ഇല്ലെങ്കിലും പ്രദേശത്തെ ലീഗ് പ്രവർത്തകർ ഇദ്ദേഹത്തിന് എല്ലാ പരിഗണനയും നൽകുന്നുണ്ട്.
മുസ്ലിം ലീഗിന്റെ കുന്ദമംഗലത്തെ ആദ്യ ഓഫിസ് ഉദ്ഘാടനം ചെയ്യപ്പെടുമ്പോൾ ഇദ്ദേഹവും അതിൽ പങ്കാളിയാണ്. മുസ്ലിം ലീഗിന്റെ പ്രദേശത്തെ വളർച്ച നേരിൽ കണ്ട് അനുഭവിക്കുകയും അതിൽ പങ്കാളിയാവുകയും ചെയ്തിട്ടുണ്ട് മുഹമ്മദ് ഹാജി. അമ്മാവന്മാരുടെ കൂടെ നീലഗിരിയിലും തമിഴ്നാടിന്റെ പല ഭാഗങ്ങളിലും ബിസിനസ് ആവശ്യാർഥം നിൽക്കേണ്ടിവന്നിരുന്നു. എന്നാൽ, തിരിച്ച് കുന്ദമംഗലത്തേക്കു തന്നെ വരികയായിരുന്നു.
ലീഗ് പിളർന്നപ്പോൾ മുഹമ്മദ് ഹാജി അഖിലേന്ത്യ ലീഗിൽ ആയിരുന്നു പ്രവർത്തിച്ചത്. ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറിയും എം.പിയുമായ ഇ.ടി. മുഹമ്മദ് ബഷീർ ഇദ്ദേഹത്തിന്റെ അടുത്ത സുഹൃത്താണ്. നേതൃത്വം വളർച്ച ലക്ഷ്യമാക്കി ഇ.ടി. മുഹമ്മദ് ബഷീറിന് കുന്ദമംഗലത്തെ ചുമതല കൊടുത്തിരുന്നു. അങ്ങനെയാണ് ഇ.ടിയും മുഹമ്മദ് ഹാജിയും സുഹൃത്തുക്കളാകുന്നത്. കുന്ദമംഗലത്തെ ലീഗ് ഓഫിസിൽ പാർട്ടി പരിപാടി കഴിഞ്ഞ് അർധരാത്രിയിൽ വന്ന് ഇ.ടി.
മുഹമ്മദ് ബഷീറും മുഹമ്മദ് ഹാജിയും കിടന്നുറങ്ങിയത് ഈയടുത്ത് കഴിഞ്ഞതുപോലെ മുഹമ്മദ് ഹാജി ഇന്നും ഓർത്തെടുക്കുന്നു. എത്ര വൈകിവന്നാലും ഇ.ടി പ്രഭാതനമസ്കാര സമയമായാൽ മുഹമ്മദ് ഹാജിയെ വിളിച്ചുണർത്തി പള്ളിയിലേക്ക് പോകും. പാർട്ടിയുടെ ഉന്നത നേതാക്കളായ അബ്ദുറഹ്മാൻ ബാഫഖി തങ്ങൾ, സി.എച്ച്. മുഹമ്മദ് കോയ, സീതി ഹാജി, മാമുക്കേയി സാഹിബ്, എം.കെ ഹാജി തുടങ്ങി പലരുമായും വ്യക്തിപരമായി സൗഹൃദം ഉണ്ടായിരുന്നു മുഹമ്മദ് ഹാജിക്ക്. പലരുടെയും വീട്ടിൽ സന്ദർശിക്കുകയും ചെയ്തിട്ടുണ്ട്.
തന്റെ മകൾക്ക് അസുഖം വന്നതിനെ തുടർന്ന് ചികിത്സയുടെ ഭാഗമായി ദീർഘകാലം തിരുവനന്തപുരത്ത് താമസിക്കേണ്ടിവന്നിട്ടുണ്ട് മുഹമ്മദ് ഹാജിക്ക്. അന്ന് എം.എൽ.എമാരായ ഇ.ടി. മുഹമ്മദ് ബഷീറിന്റെയും സീതി ഹാജിയുടെയും എം.എൽ.എ ക്വാർട്ടേഴ്സിൽ ആയിരുന്നു ഇദ്ദേഹവും ഭാര്യയും മകളും താമസിച്ചിരുന്നത്. തമാശ പറയുന്ന സീതി ഹാജിയുടെ പല നർമങ്ങളും അന്ന് ഇദ്ദേഹം കണ്ടറിഞ്ഞു. സീതി ഹാജിയുടെ ഭാര്യയുടെ നമസ്കാരക്കുപ്പായം ഉപയോഗിച്ച് തന്റെ ഭാര്യ നമസ്കരിച്ചതും ഇന്നും ആവേശത്തോടെ ഓർക്കുന്നു.
മുസ്ലിം ലീഗിന്റെ പല സമ്മേളനങ്ങളിലും പങ്കെടുത്ത മുഹമ്മദ് ഹാജിക്ക് തമിഴ്നാട്ടിലെ ചെന്നൈയിൽ നടക്കുന്ന 75ാം വാർഷിക സമ്മേളനത്തിൽ പങ്കെടുക്കാൻ അതിയായ ആഗ്രഹമുണ്ടെങ്കിലും ശാരീരിക പ്രയാസങ്ങളാൽ പോകാൻ കഴിഞ്ഞില്ല. സമ്മേളന നഗരിയിൽവെച്ച് ഇ.ടി ഇദ്ദേഹത്തെ വിളിക്കുകയും സുഖവിവരങ്ങൾ അന്വേഷിക്കുകയും ചെയ്തു. ആ ഫോൺവിളിയോടെ സമ്മേളനത്തിൽ പങ്കെടുക്കാൻ കഴിഞ്ഞില്ലെങ്കിലും സന്തോഷത്തിലാണ് മുഹമ്മദ് ഹാജി. ഭാര്യ: പരേതയായ പാത്തുമ്മ. മക്കൾ: ആയിഷ, സുലൈഖ, റസിയ, റംല, റംഷാദ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.