ദേശ്രാജിന് ഇനി ഓട്ടോയിൽ കിടക്കേണ്ട; പേരക്കുട്ടിയുടെ വിദ്യാഭ്യാസത്തിനായി വീടുവിറ്റ 74കാരന് 24 ലക്ഷം പിരിച്ചുനൽകി സോഷ്യൽ മീഡിയ
text_fieldsമുംബൈ: കോരിച്ചൊരിയുന്ന മഴയത്തും ദേഹമുരുക്കുന്ന ചൂടിലുമെല്ലാം ഓട്ടോയിൽ കിടന്ന് ഉറങ്ങേണ്ടി വന്നിരുന്ന ദേശ്രാജ് എന്ന 74കാരന് ഇനി വീടിന്‍റെ മേൽക്കൂരയുടെ സുരക്ഷയിൽ അന്തിയുറങ്ങാം. കൊച്ചുമകളുടെ വിദ്യാഭ്യാസത്തിനായി വീട് വിറ്റ ശേഷം ഓട്ടോ വീടാക്കി മാറ്റിയ ദേശ്രാജ് ജ്യോത് സിങിന്‍റെ കഥ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. മുംബൈയിലെ ഈ ഓട്ടോ ഡ്രൈവറുടെ കദനകഥ അറിഞ്ഞ സോഷ്യൽ മീഡിയ ഉപയോക്താക്കൾ 24 ലക്ഷം രൂപയാണ് പിരിച്ചെടുത്തത്. ദേശ്രാജിന്റെ കഥ പുറംലോകത്തെത്തിച്ച 'ഹ്യൂമൻസ് ഓഫ് മുംബൈ' എന്ന ഫേസ്ബുക്ക് കൂട്ടായ്മ ഈ തുകയുടെ ചെക്ക് അദ്ദേഹത്തിന് കൈമാറി.
'ഈ തുക കൊണ്ട് തലചായ്ക്കാനൊരിടം വാങ്ങാനാകും. പേരക്കുട്ടികളുടെ വിദ്യാഭ്യാസവും നടത്താൻ കഴിയും'- ചെക്ക് ഏറ്റുവാങ്ങി കണ്ണീരോടെ ദേശ്രാജ് പറഞ്ഞു. 20 ലക്ഷമായിരുന്നു 'ഹ്യൂമൻസ് ഓഫ് മുബൈ' ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, സുമനസ്സുകളുടെ സഹായം പ്രവഹിച്ചതോടെ നാല് ലക്ഷം രൂപ കൂടി അധികം ലഭിച്ചു. 1986 മുതൽ ഓട്ടോ ഓടിച്ചാണ് ദേശ്രാജ് ജീവിക്കുന്നത്. ആ കണ്ണുകളിലെ ദൈന്യതയും നിറഞ്ഞ ചിരിയിലെ നിസ്സഹായതയും ജീവിതഭാരമേറിയപ്പോഴും തളരാത്ത ആത്മധൈര്യവും സോഷ്യൽ മീഡിയ തിരിച്ചറിഞ്ഞതോടെയാണ് ഇത്രയും തുക സമാഹരിക്കാനായത്.
സോന, സചിൻ, സഞ്ജയ്, സുനിൽ എന്നിങ്ങനെ നാല് മക്കളാണ് ദേശ്രാജിന്. ഇതിൽ സചിൻ അഞ്ച് വർഷം മുമ്പ് മരിച്ചു. ഇതിന്‍റെ ആഘാതം മാറി വരുന്നതിനിടെ മൂന്ന് വർഷം മുമ്പ് രണ്ടാമത്തെ മകൻ സഞ്ജയ് ഖാർ റെയിൽവേ സ്റ്റേഷനിൽ ജീവനൊടുക്കി. എന്നാൽ, അകാലത്തിൽ മരിച്ചു പോയ ആണ്‍മക്കളെക്കുറിച്ചോര്‍ത്ത് കരഞ്ഞ് സമയം കളയാതെ, മരുമക്കള്‍ക്കും പേരക്കുട്ടികള്‍ക്കുമായി രാപ്പകലില്ലാതെ ഓട്ടോറിക്ഷ ഓടിച്ച് വരികയാണ് ദേശ്രാജ്. പേരക്കുട്ടിയുടെ പഠനാവശ്യത്തിനായി ഒരു കൊല്ലം മുമ്പാണ് വീട് വിറ്റത്. കുടുംബാംഗങ്ങളെ ഗ്രാമത്തിലേക്ക് പറഞ്ഞുവിട്ട ശേഷം ഭക്ഷണവും താമസവുമെല്ലാം ഓട്ടോയ്ക്കുള്ളിലാക്കി. ഭാര്യക്കും മരുമക്കൾക്കും അവരുടെ നാല് മക്കൾക്കുമുള്ള പണം കണ്ടെത്താനായി രാവിലെ ആറ് മുതൽ രാത്രി പത്ത് വരെ ഓട്ടോ ഓടിക്കുന്നുണ്ട് ദേശ്രാജ്. ലോക്ഡൗൺ സമയത്തും അതിന് മാറ്റമൊന്നുമുണ്ടായില്ല. ഡോക്ടർമാരെയും നഴ്സുമാരെയും ഡ്യൂട്ടിക്കെത്തിക്കാൻ പ്രത്യേക അനുമതിയോടെ ദേശ്രാജിന്റെ ഓട്ടോ തലങ്ങും വിലങ്ങും ഒാടി.
അങ്ങിനെ ഓട്ടോയോടിച്ച് കിട്ടുന്ന പണത്തിൽ ഭൂരിഭാഗവും നാട്ടിലേക്ക് അയച്ചുകൊടുക്കുകയാണ് ചെയ്യുന്നത്. വരുമാനത്തിൽ ഒരു വിഹിതം തെരുവോരത്ത് ആരോരുമില്ലാതെ കഴിയുന്നവർക്ക് ഭക്ഷണം മേടിച്ച് കൊടുക്കാനും വിനിേയാഗിക്കുന്നുണ്ട്. ദേശ്രാജിന്റെ കഷ്ടപ്പാട് കണ്ട് ഒമ്പതാം ക്ലാസിലെത്തിയപ്പോള്‍ പഠനം നിര്‍ത്തട്ടെയെന്ന് പേരക്കുട്ടി ചോദിച്ചിരുന്നു. എന്നാല്‍ ഇഷ്ടമുള്ളത്ര പഠിച്ചോളൂ എന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി. പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ പേരക്കുട്ടി 80 ശതമാനം മാര്‍ക്ക് നേടിയ ദിവസം ഓട്ടോയിൽ കയറിയവർക്കെല്ലാം സൗജന്യയാത്ര നല്‍കിയാണ് ഈ മുത്തച്ഛന്‍ ആഹ്ളാദം പങ്കിട്ടത്. അധ്യാപന കോഴ്സ് പഠിക്കാൻ ഡൽഹിയിലേക്ക് പോകണമെന്നായിരുന്നു പേരക്കുട്ടിയുടെ ആഗ്രഹം. ഈ ആഗ്രഹം നടത്തിക്കൊടുക്കാനാണ് ഒരു വർഷം മുമ്പ് തന്‍റെ ചെറിയ വീട് ദേശ്രാജ് വിറ്റത്. ബാക്കിയുള്ളവരെ നാട്ടിേലക്ക് അയച്ച ശേഷം ഓട്ടോറിക്ഷ വീടാക്കി മാറ്റിയത് അങ്ങിനെയാണ്.
'എന്‍റെ ജീവിതത്തിൽ നേരിട്ട പ്രതിസന്ധികളെല്ലാം ഒരു ദുഃസ്വപ്നം പോലെ മറക്കാനാണ് ഇഷ്ടം. കുട്ടികളുടെ കാര്യങ്ങൾ ഓർക്കുേമ്പാൾ വിശ്രമിക്കാൻ തോന്നാറില്ല. എന്‍റെ ശരീരത്തിന് ശക്തിയുള്ളിടത്തോളം കാലം ഞാൻ ഓട്ടോ ഓടിക്കുക തന്നെ ചെയ്യും. മറ്റ് ജോലികളൊന്നും ചെയ്യാനറിയില്ല. അതിനുള്ള ആരോഗ്യവുമില്ല. പേരക്കുട്ടി പഠനം പൂര്‍ത്തിയാക്കി അധ്യാപികയായെത്തുന്ന ദിവസം കാത്തിരിക്കുകയാണ് ഞാൻ. അവളെ ചേര്‍ത്തു പിടിച്ച് എനിക്ക് അഭിമാനിക്കാൻ അവസരം നല്‍കിയതിലുള്ള സന്തോഷം പങ്കിടണം'- ദേശ്രാജ് പറയുന്നു. 'ഒരു കാര്യം കൂടിയുണ്ട്. ആ സമയത്ത് ഒരാഴ്ച എന്‍റെ ഓട്ടോയിൽ കയറുന്ന എല്ലാവർക്കും യാത്ര സൗജന്യമായിരിക്കും'- ആ പാവം മനുഷ്യന്‍ കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.