മുനീബ്: മറഞ്ഞത് സേവനപാതയിലെ വെള്ളിനക്ഷത്രം
text_fieldsപേരാമ്പ്ര: ‘എത്രകാലം ജീവിച്ചു എന്നതിലല്ല എന്തെല്ലാം ചെയ്യാൻ സാധിച്ചു എന്നതാണ് പ്രധാനം. കർമപഥത്തിൽ വിയർപ്പുതുള്ളികളുമായി മരണപ്പെടുക സൗഭാഗ്യമല്ലാതെ മറ്റെന്താണ്’ 2021ൽ ഒരു സുഹൃത്ത് മരിച്ചപ്പോൾ മുനീബ് കക്കാട് ഫേസ്ബുക്കിൽ കുറിച്ചതാണിത്. ഈ വാക്കുകൾ അവന്റെ കാര്യത്തിൽ അക്ഷരംപ്രതി ശരിയാണ്. പ്രായത്തിൽ കവിഞ്ഞ പക്വതയും സേവനസന്നദ്ധതയും കൈമുതലാക്കിയ ഈ യുവാവിന്റെ അപ്രതീക്ഷിത വിയോഗം നാടിനെ അക്ഷരാർഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ്.
തന്റെ ജോലിയുടെ ഭാഗമായി പരസ്യ ബോർഡ് സ്ഥാപിക്കുന്നതിനിടെ ചാലിക്കരയിൽനിന്ന് വൈദ്യുതിലൈനിൽ തട്ടി ഷോക്കേറ്റാണ് മുനീബ് മരിക്കുന്നത്. ഒരു മാസം മുമ്പാണ് മുനീബിന്റെ നിക്കാഹ് കഴിഞ്ഞത്. സ്കൂളിൽ പഠിക്കുന്ന കാലം മുതൽ സംഘടന-സാമൂഹിക പ്രവർത്തനവും നടത്തിയിരുന്ന മുനീബ് ചെറിയ ജോലി ചെയ്ത് തന്റെ പഠനചെലവിനുള്ള പണവും കണ്ടെത്തിയിരുന്നു.
മാധ്യമം പത്രത്തിന്റെ ഏജന്റായിരുന്ന മുനീബ് പുലർച്ച എഴുന്നേറ്റ് പത്രവിതരണം നടത്തിയിട്ടാണ് സ്കൂളിൽ പോയിരുന്നത്. സ്കൂൾ വിട്ട് തിരിച്ചെത്തിയാൽ പേരാമ്പ്രയിലെ ബന്ധുവിന്റെ കടയിലും നിൽക്കും. എസ്.കെ.എസ്.ബി.വി സംസ്ഥാന കമ്മിറ്റി അംഗം, എസ്.കെ.എസ്.എസ്.എഫ് പേരാമ്പ്ര മേഖല ജന. സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ച മുനീബ് പേരാമ്പ്രയിൽ നടന്ന മണ്ഡലം എസ്.വൈ.എസ് സംഘടിപ്പിച്ച നൗഷാദ് ബാഖവിയുടെ മദ്ഹുർറസൂൽ പ്രഭാഷണത്തിന്റെ സംഘാടകനായി സജീവമായി ഉണ്ടായിരുന്നു. യൂത്ത് ലീഗ് കക്കാട് ശാഖ പ്രസിഡന്റ്, മണ്ഡലം കൗണ്സിലർ എന്നീ നിലകളിലും പ്രവർത്തിച്ചു.
വൈറ്റ് ഗാർഡിൽ ഉൾപ്പെടെ അംഗമായ മുനീബ് മികച്ച ജീവകാരുണ്യ പ്രവർത്തകൻകൂടിയായിരുന്നു. ഇടപെടുന്ന ആരുമായും മികച്ച സൗഹൃദം കാത്തുസൂക്ഷിക്കുന്ന മുനീബിനെ പരിചയപ്പെടുന്നവർ ഒരിക്കലും മറക്കില്ല. അത്രയും ആകർഷണീയമായിരുന്നു അവന്റെ പെരുമാറ്റം. ഇടക്കാലത്ത് വിദേശത്ത് പോയെങ്കിലും പിന്നീട് നാട്ടിൽ തിരിച്ചെത്തി അജവ എന്ന പരസ്യസ്ഥാപനം നടത്തുകയായിരുന്നു. അകാലത്തിലുള്ള അവന്റെ വേർപാടിൽ ചങ്ക് തകർന്നിരിക്കുകയാണ് സുഹൃത്തുക്കളും നാട്ടുകാരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.