ആറൻമുള കണ്ണാടിയുടെ ശിൽപി പവിഴ ദ്വീപിൽ
text_fieldsമനാമ: ലോഹക്കൂട്ടിന്റെ അപൂർവതമൂലം ലോകവിസ്മയമായി മാറിയ ആറൻമുള കണ്ണാടിയുടെ പാരമ്പര്യം പേറുന്ന ശിൽപി പ്രവാസഭൂമിയിലെത്തി. ആറൻമുള കണ്ണാടിയുടെ സ്രഷ്ടാക്കളെന്ന നിലയിൽ പ്രചുരപ്രചാരം നേടിയ 26 കുടുംബങ്ങളിലൊന്നായ പുന്നം തോട്ടം കാർത്തികഭവനിൽ മുരുകൻ ആർ. ആചാരിയാണ് നാട്ടുകാരനും സുഹൃത്തുമായ അനിൽ ടൈറ്റസിന്റെ ആതിഥ്യം സ്വീകരിച്ച് ഹ്രസ്വ സന്ദർശനത്തിന് ബഹ്റൈനിലെത്തിയത്.
വെളുത്തീയത്തിന്റെയും ചെമ്പിന്റെയും സങ്കരമായ വെങ്കലത്തിൽ നിർമിക്കുന്ന കണ്ണാടി, ലോഹക്കൂട്ടിന്റെ അപൂർവതയാലാണ് പ്രതിബിംബത്തെ ദൃശ്യവത്കരിക്കുന്നത്. തലമുറ തലമുറയായി കൈമാറിവരുന്ന ഈ ലോഹക്കൂട്ടിന്റെ രഹസ്യം 26 കുടുംബങ്ങൾക്ക് മാത്രമാണ് അറിയാവുന്നത് എന്നതിനാലാണ് ആറൻമുള കണ്ണാടി അപൂർവമായി മാറുന്നത്. 2004ൽ ജിയോഗ്രഫിക്കൽ ഇൻഡിക്കേഷൻ ടാഗും ആറൻമുളക്കണ്ണാടിക്ക് ലഭിച്ചു. ഗ്ലാസ് കണ്ണാടിയിൽ പ്രതിബിംബം ഗ്ലസ്സിന്റെ അകത്തെ പാളിയിലാണ് കാണുന്നതെങ്കിൽ ലോഹക്കണ്ണാടിയിൽ പുറത്തെ പാളിയിലാണ്. അരുകൊണ്ടുതന്നെ പ്രതിബിംബം കൂടുതൽ വ്യക്തമായിരിക്കും.
800ലധികം വർഷങ്ങൾ മുമ്പ് തമിഴ്നാട്ടിലെ ശങ്കരൻ കോവിലിൽനിന്ന് ആറൻമുള ക്ഷേത്രം നിർമിക്കാനായി രാജാവ് ഒരുപറ്റം ശിൽപികളെ കൊണ്ടുവന്നു എന്നാണ് കരുതപ്പെടുന്നത്. ഇവർ നിർമിച്ചു നൽകിയ കിരീടത്തിൽ പ്രതിബിംബം ദർശിച്ചതോടെ ആകൃഷ്ടനായ രാജാവ് ശിൽപികളെ അവിടെത്തന്നെ തങ്ങാൻ ക്ഷണിക്കുകയായിരുന്നു. അങ്ങനെ ആവാസമുറപ്പിച്ച ശിൽപി കുടുംബങ്ങളാണ് ആറൻമുള കണ്ണാടിയുടെ സ്രഷ്ടാക്കളെന്നാണ് പറയപ്പെടുന്നത്. പിതാവ് പരേതനായ രാജൻ ആചാരിയിൽനിന്നും അമ്മാവൻ പൊന്നപ്പനാചാരിയിൽനിന്നുമാണ് താൻ കണ്ണാടി നിർമാണത്തിൽ വൈദഗ്ധ്യം നേടിയതെന്ന് മുരുകൻ ആചാരി ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. ഏഴുമുതൽ പത്തുദിവസം വരെ നീണ്ടുനിൽക്കുന്ന പ്രക്രിയയിലൂടെയാണ് ഓരോ കണ്ണാടിയും നിർമിക്കപ്പെടുന്നത്.
കണ്ണാടി നിർമാണം അതിസൂക്ഷ്മമായ കരകൗശല വൈദഗ്ധ്യം ആവശ്യപ്പെടുന്നതാണ്. കണ്ണാടി ഫ്രെയിം മാത്രമാണ് യന്ത്രസഹായത്താൽ രാകിയെടുക്കുന്നത്. കളിമണ്ണുകൊണ്ട് മൂശ തയാറാക്കുന്നതുമുതൽ അതിസൂക്ഷ്മമായ ശ്രദ്ധ വേണം. എവിടെയെങ്കിലും പിഴച്ചാൽ അധ്വാനം പാഴാകുകയും ചെയ്യും. അതുകൊണ്ടുതന്നെ ഇതുവരെ മൂന്നുലക്ഷം കണ്ണാടി മാത്രമാണ് 26 കുടുംബങ്ങളൂം കൂടി നിർമിച്ചിട്ടുള്ളതെന്ന് മുരുകൻ ആചാരി പറഞ്ഞു. നിരവധി വിശിഷ്ട വ്യക്തികൾ മുരുകനിൽനിന്ന് കണ്ണാടി വാങ്ങിയിട്ടുണ്ട്.
സമീപകാലത്ത് സചിൻ ടെണ്ടുൽകറുടെ 50 ാം ജന്മദിനത്തിൽ സമ്മാനിക്കാനായി അദ്ദേഹത്തിന്റെ സുഹൃത്ത് കണ്ണാടി വാങ്ങിപ്പോയിരുന്നു. മുഖ്യമന്ത്രിമാരും കേന്ദ്രമന്ത്രിമാരും വിദേശപര്യടനം നടത്തുമ്പോൾ മറ്റു രാഷ്ട്രനേതാക്കൾക്ക് സമ്മാനിക്കാനായി കണ്ണാടി വാങ്ങാറുണ്ട്. സർക്കാറിന്റെ വിവിധ വകുപ്പുകളുടെ ഓർഡറുകൾ ലഭിക്കാറുണ്ട്. ആറൻമുളക്കണ്ണാടിയുടെ പ്രശസ്തി ലോകംമുഴുവൻ പരക്കുന്നത് സന്തോഷകരമാണെന്നും ഹമദ് രാജാവിന് സമ്മാനിക്കാനായി പ്രത്യേകമായി നിർമിച്ച കണ്ണാടിയുമായാണ് താനെത്തിയിരിക്കുന്നതെന്നും മുരുകൻ ആചാരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.