നാല് പതിറ്റാണ്ടിന്റെ പ്രവാസം അവസാനിപ്പിച്ച് മുസ്തഫ
text_fieldsഉമ്മുൽഖുവൈൻ: നാലു പതിറ്റാണ്ടിലേറെ നീണ്ട പ്രവാസ ജീവിതത്തിനു ശേഷം മുസ്തഫ നാട്ടിലേക്ക് മടങ്ങുകയാണ്. 1981ൽ ഒരു നാൾ മുംബൈയിൽനിന്ന് പറന്നുയർന്നു ദുബൈയിൽ വന്നിറങ്ങിയ ഒരു വിമാനത്തിൽ മുസ്തഫ എന്ന ഈ പാപ്പിനിശ്ശേരിക്കാരനും ഉണ്ടായിരുന്നു. അക്കാലത്ത് പ്രചാരത്തിൽ ഉണ്ടായിരുന്ന ഒരുപാട് പേർ എത്തിച്ചേർന്ന വീട്ടു വിസയിലായിരുന്നു മുസ്തഫക്കും യു.എ.ഇയിലെത്താൻ ഭാഗ്യം ലഭിച്ചത്.
ദുബൈയിൽ സ്വദേശിയുടെ വീട്ടിൽ തുടങ്ങിയ ജോലി പിന്നീട് വിവിധ എമിറേറ്റുകളിലേക്ക് മാറുകയും പത്തുവർഷത്തോളം പല മേഖലകളിൽ ജോലി നോക്കുകയും ചെയ്തു. ഉമ്മുൽ ഖുവൈൻ- റാസൽഖൈമ റോഡിലുള്ള റഫ എന്ന കൊച്ചുപ്രദേശത്ത് ഒരു ചെറിയ സൂപ്പർമാർക്കറ്റ് തുടങ്ങിയാണ് മുസ്തഫ കച്ചവടത്തിലേക്ക് ഇറങ്ങിയത്.
ഇപ്പോൾ 32 വർഷങ്ങളായി ഈ സൂപ്പർമാർക്കറ്റും റഫ എന്ന ചെറിയ പ്രദേശവുമാണ് മുസ്തഫയുടെ ജീവിതം. അന്ന് കൊച്ചുകുട്ടികളായി മിഠായി മേടിക്കാൻ വന്ന സ്വദേശികൾ ഇപ്പോൾ വളർന്നു വലുതായെങ്കിലും ഇപ്പോഴും മുസ്തഫയുടെ കടയിൽ സ്ഥിരം കസ്റ്റമേഴ്സ് ആണ്. ഇടക്ക് കുടുംബം സന്ദർശക വിസയിൽ വന്ന് ഇദ്ദേഹത്തിന്റെ കൂടെ ഏതാനും മാസങ്ങൾ ചെലവിട്ടുമടങ്ങും.
മകൻ ഇവിടെ ഒരു കമ്പനിയിൽ പി.ആർ.ഒ ആയി ജോലി ചെയ്യുന്നുണ്ട്. പ്രായം അലട്ടുന്ന ചില ആരോഗ്യപ്രശ്നങ്ങൾ ഉള്ളതിനാൽ സ്ഥാപനം സഹോദരനെ ഏൽപിച്ച് നവംബർ ആദ്യവാരത്തിൽ കണ്ണൂർ പാപ്പിനിശ്ശേരിയിലേക്ക് മടങ്ങാനാണ് മുസ്തഫക്ക് പദ്ധതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.