ജില്ല ആശുപത്രിയിലെത്തുന്നവർക്ക് സഹായവുമായി മുസ്തഫയുണ്ട്
text_fieldsആലുവ: ജില്ല ആശുപത്രിയിലെത്തുന്നവർക്ക് സഹായഹസ്തവുമായി മുസ്തഫയുണ്ട്. രോഗികൾക്കും കൂടെയുള്ളവർക്കും സഹായം ചെയ്യാൻ സദാ സന്നദ്ധനാണ് മുസ്തഫ എടയപ്പുറം എന്ന എടയപ്പുറം ഇല്ലിക്കാട്ടിൽ മുസ്തഫ. ആലുവ താലൂക്ക് പൗരാവകാശ സംരക്ഷണ സമിതി രക്തദാനഫോറം കോഓഡിനേറ്ററായ ഇദ്ദേഹം ആശുപത്രിയിൽ പ്രവർത്തിക്കുന്ന ബ്ലഡ് ബാങ്കുമായി ബന്ധപ്പെട്ടാണ് പ്രധാന സേവനം ചെയ്യുന്നത്.
രാവിലെ ആറിന് എത്തുന്ന മുസ്തഫ വൈകീട്ട് ബ്ലഡ് ബാങ്ക് പ്രവർത്തന സമയം അവസാനിക്കും വരെ പ്രദേശത്തുണ്ടാകും. നാലുവർഷത്തിലധികമായി ഈ രംഗത്ത് കർമനിരതനാണ്. രക്തം ആവശ്യമുള്ളവർക്ക് സംഘടനയിലുള്ളവരെ വിളിച്ചുവരുത്തിയോ മറ്റു സംഘടനകളിലെ അംഗങ്ങളുമായി ബന്ധപ്പെട്ടോ ലഭ്യമാക്കും.
ബ്ലഡ്ബാങ്കിൽ ഉള്ള രക്തമാണെങ്കിൽ ആവശ്യക്കാർക്ക് ഡോണർ കാർഡ് നൽകി പകരം രക്തം ലഭ്യമാക്കും. ഇതോടൊപ്പം ജില്ല ആശുപത്രിയിലെത്തുന്ന രോഗികൾക്കും കൂടെയുള്ളവർക്കും എല്ലാവിധ സഹായങ്ങളും ചെയ്തുകൊടുക്കാറുണ്ട്.
മുസ്തഫയുള്ളത് ആശുപത്രി ജീവനക്കാർക്കും ആശ്വാസമാണ്. സാമ്പത്തിക പരാധീനതകളുള്ള മുസ്തഫ ആശുപത്രിക്ക് സമീപത്തെ വ്യാപാരികൾക്ക് അത്യാവശ്യ സഹായങ്ങൾ ചെയ്തുകൊടുത്താണ് വരുമാനം കണ്ടെത്തുന്നത്. ആശുപത്രി കവലയിലെ പൊതുജന സേവനരംഗത്തും സാമൂഹിക പ്രവർത്തന രംഗത്തും മുസ്തഫ മുൻപന്തിയിലുണ്ട്. പീപ്പിൾസ് ബ്ലഡ് ഡൊണേഷൻ ഫോറത്തിലും അംഗമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.