ആണിയും നൂലും വരകളായി; സൗദി ഭരണാധികാരികളുടെ ചിത്രങ്ങളൊരുക്കി ഷാജിത്ത്
text_fieldsനജിം കൊച്ചുകലുങ്ക്
റിയാദ്: കറുത്ത നൂലും ആണിയും കൊണ്ട് സൗദി ഭരണാധികാരികളുടെ മനംകവരും ചിത്രങ്ങളൊരുക്കി പ്രവാസി ചിത്രകാരൻ. വൃത്താകൃതിയിലുള്ള കാൻവാസ് ഫ്രെയിമിനുള്ളിൽ ആണികളടിച്ച് അവയിൽ നൂലുവലിച്ചുകെട്ടി ചിത്രരൂപങ്ങൾ മെനഞ്ഞ് വിസ്മയം തീർത്തത് റിയാദിലെ മലയാളി ചിത്രകാരൻ ഷാജിത്ത് നാരായണനാണ്.
വൃത്താകൃതിയിൽ എഴുന്നുനിൽക്കുന്ന ആണികൾക്കിടയിൽ കറുത്ത നൂലുകൊണ്ട് ഇഴപാകിയപ്പോൾ തെളിഞ്ഞത് സൽമാൻ രാജാവിന്റെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാന്റെയും മിഴിവുറ്റ ഛായാചിത്രങ്ങൾ. 300 ആണിയും ഒന്നര കിലോമീറ്ററിലേറെ നീളമുള്ള കറുത്ത നൂലും ഉപയോഗിച്ചാണ് ഈ കരവിരുത്.
വ്യത്യസ്തമായ ചിത്രങ്ങൾ ചെയ്ത് ഇതിനുമുമ്പും ശ്രദ്ധേയനായ ഷാജിത്ത് ഇത്തവണ സൗദി അറേബ്യയുടെ 92-ാമത് ദേശീയ ദിനത്തോടനുബന്ധിച്ചാണ് ആണിയും നൂലും കൊണ്ടുള്ള പരീക്ഷണത്തിന് ഒരുമ്പെട്ടത്. ഏകദേശം 12 മണിക്കൂറോളം സമയമെടുത്താണ് ഓരോ ചിത്രവും പൂർത്തീകരിച്ചത്.
റിയാദിലെ അൽ മഅ് രിഫ യൂനിവേഴ്സിറ്റിയിൽ നടന്ന സൗദി ദേശീയദിനാഘോഷ ചടങ്ങിൽ സർവകലാശാലയുടെ പ്രസിഡൻറ് പ്രഫ. വലിദ് അബു അൽഫറജ് ഷാജിത്തിന് പ്രശസ്തി പത്രവും ഉപഹാരവും സമ്മാനിച്ചു. സൗദി ഭരണാധികാരികളുടെ മനോഹര ചിത്രങ്ങൾ വേറിട്ടരീതിയിൽ ചിത്രീകരിച്ച് സൗദി അറേബ്യയോട് തന്റെ സ്നേഹവും ബഹുമാനവും പ്രകടിപ്പിച്ച ഷാജിത്തിനെ ചടങ്ങിൽ അദ്ദേഹം ആദരിക്കുകയും അനുമോദിക്കുകയും ചെയ്തു.
സൗദി പൗരന്മാരിൽനിന്നും തന്റെ സുഹൃത്തുക്കളിൽനിന്നും ചിത്രങ്ങൾക്ക് മികച്ച പ്രതികരണമാണ് ഇതിനകം ലഭിച്ചിട്ടുള്ളതെന്ന് ഷാജിത്ത് 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു. സമാനരീതിയിലുള്ള കൂടുതൽ ചിത്രങ്ങൾ തയാറാക്കാനുള്ള തീരുമാനത്തിലാണ് ഷാജിത്ത്.
വാട്ടർകളർ, ഓയിൽ, അക്രിലിക്, പാസ്റ്റൽ, പെൻസിൽ, കോഫി, അക്ഷരങ്ങൾ തുടങ്ങിയവ ഉപയോഗിച്ച് ആകർഷകമായ ഒട്ടനവധി ചിത്രങ്ങൾ ഇതിനകം വരച്ചിട്ടുണ്ട്. ചിത്രരചന ശാസ്ത്രീയമായി പഠിച്ചിട്ടില്ല. കഴിഞ്ഞ വർഷത്തെ സൗദി ദേശീയ ദിനത്തോടനുബന്ധിച്ച് അരിമണികൾ കൊണ്ട് വരച്ച സൗദി ഭരണാധികാരികളുടെ ചിത്രം ഒട്ടേറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. കണ്ണൂർ ചൊവ്വ സ്വദേശിയായ ഷാജിത്ത് കുടുംബത്തോടൊപ്പം റിയാദിലാണ് താമസം. ഭാര്യ ഷൈജ. മക്കൾ അശ്വിൻ, ഐശ്വര്യ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.