നമൻ ഗുപ്തയുടെ കരവിരുതിൽ സിഗരറ്റ് ബട്ടുകളിൽ നിന്ന് കളിപ്പാട്ടങ്ങൾ
text_fieldsപുകവലി എത്രത്തോളം ഹാനികരമാണെന്ന് അറിയാത്തവരില്ല. സിഗരറ്റ് കവറുകളിൽപോലും ഇത് എഴുതിവെച്ചിട്ടുണ്ട്. പക്ഷേ, അതെല്ലാം ഒന്ന് വായിച്ച് വീണ്ടും വീണ്ടും പുക വിട്ടുകൊണ്ടിരിക്കുന്ന ശീലക്കാരാണ് കൂടുതലും. അതേസമയം, ഇങ്ങനെ വലിച്ചുതീർക്കുന്ന സിഗരറ്റിെൻറ ബട്ടുകളിൽനിന്ന് പുത്തൻ ആശയങ്ങൾ വിരിയിച്ച ഒരു സ്റ്റാർട്ടപ്പിനെയാണ് ഇത്തവണ പരിചയപ്പെടുന്നത്. നോയിഡ ആസ്ഥാനമായി തുടങ്ങിയ ഈ സ്റ്റാർട്ടപ് സിഗരറ്റ് ബട്ടുകളെ ചെറിയ കളിപ്പാട്ടങ്ങളായും തലയണകളായും മാറ്റിക്കൊണ്ടിരിക്കുകയാണ്.
ആഗോളതലത്തിൽ ഒരുവർഷത്തിൽ ഏകദേശം 4.5 ട്രില്യൺ സിഗരറ്റ് ബട്ടുകൾ ഉപയോഗിക്കുന്നുണ്ട് എന്നാണ് കണക്ക്. പല രാജ്യങ്ങളിലും ഇത് കൃത്യമായി സംസ്കരിക്കുന്നുണ്ടെങ്കിലും ഇന്ത്യയിൽ മിക്കയിടങ്ങളിലും സിഗരറ്റ് ബട്ടുകൾ ഉത്തരവാദിത്തമില്ലാതെ ഉപേക്ഷിക്കുന്ന അവസ്ഥയാണ്. ഇതുതെന്നയാണ് ഇത്തരമൊരു സ്റ്റാർട്ടപ്പിലേക്ക് നമൻ ഗുപ്ത എന്ന യുവാവിനെ കൊണ്ടെത്തിച്ചതും. 2016ൽ ആരംഭിച്ച് 2018ൽ വിപുലീകരിച്ചുകൊണ്ട് പുനർനാമകരണം ചെയ്ത, നമൻ ഗുപ്തയുടെ 'കോഡ് എഫർട്ട് പ്രൈവറ്റ് ലിമിറ്റഡ്' സിഗരറ്റ് വലിച്ചതിനുശേഷം ഉപേക്ഷിക്കുന്ന അവശിഷ്ടങ്ങൾ പ്രോസസ് ചെയ്ത് സോഫ്റ്റ് കളിപ്പാട്ടങ്ങൾ, തലയണകൾ, കൊതുകുവലകൾ തുടങ്ങിയ ഉപയോഗയോഗ്യമായ ഉൽപന്നങ്ങൾ ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. അതേസമയം, ഇവർ ഇത് ഒരുതരത്തിലും പുകവലി പ്രോത്സാഹിപ്പിക്കുന്നില്ല.
ഇതെല്ലാം എങ്ങനെ തുടങ്ങി?
ഡൽഹി യൂനിവേഴ്സിറ്റി ബിരുദധാരിയായ നമൻ കോളജിൽ പഠിക്കുമ്പോൾ സിഗരറ്റ് കഷണങ്ങൾ പരിസ്ഥിതിയിലുണ്ടാക്കുന്ന പ്രശ്നങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചിരുന്നു.''സമീപത്തുള്ള റോഡുകളിൽ സിഗരറ്റ് കഷണങ്ങൾ കിടക്കുന്നത് ശ്രദ്ധിച്ചിരുന്നു. സിഗരറ്റ് ബട്ട്സ് ഉണ്ടാക്കുന്ന പ്രശ്നങ്ങളെക്കുറിച്ചും ഞങ്ങൾ പഠിച്ചു. എന്തെങ്കിലും ചെയ്യാൻ ആഗ്രഹമുണ്ടായിരുന്നു. വിഷയത്തെക്കുറിച്ച് കൂടുതൽ സമഗ്രമായ ഗവേഷണത്തിന് ശേഷം, ഈ ബട്ടുകളെ സവിശേഷമായ ഒരു രാസഘടന ഉപയോഗിച്ച് മറ്റൊന്നാക്കി മാറ്റുന്ന ഒരു മാർഗം ഞങ്ങൾ കണ്ടെത്തി. ദൈനംദിന ഉൽപന്നങ്ങളാക്കി ഇവയെ മാറ്റുന്ന വിദ്യ.'' നമൻ പറയുന്നു. മാലിന്യം ശേഖരിക്കുന്നതിന് ഇവർക്ക് നിരവധി തന്ത്രങ്ങളുണ്ട്. ഇത് ശേഖരിച്ച് നൽകുന്നവർക്ക് ഒരു തുകയും ഇവർ നൽകുന്നുണ്ട്. ഇന്ത്യയിലെ 250 ജില്ലകളിലാണ് ഇവർ ഇപ്പോൾ പ്രവർത്തിച്ചുവരുന്നത്.
എന്താണ് ചെയ്യുന്നത്?
കൃത്യമാണ് ഇവരുടെ ഒാരോ പ്രക്രിയയും. സിഗരറ്റ് ബട്ടുകളിൽ ഫൈബർ മെറ്റീരിയൽ അടങ്ങിയിട്ടുണ്ട്. അവ സ്വാഭാവികമായി അഴുകുന്നതിന് 10-12 വർഷമെങ്കിലും എടുക്കും. അതിനാൽ ഇത് ഇന്ത്യയിൽ മാത്രമല്ല, ലോകമെമ്പാടുമുള്ള ഒരു വലിയ പാരിസ്ഥിതിക പ്രശ്‌നമായി മാറുന്നു. ഇവിടെ ഇന്ത്യയിൽ ശരിയായ മാലിന്യ സംസ്കരണ സംവിധാനങ്ങളില്ല. അതിനാൽ ഇത് വലിയൊരു പ്രശ്നംതന്നെയാവും ഭാവിയിൽ.
''സിഗരറ്റ് മാലിന്യം ഫാക്ടറികളിൽ എത്തിച്ച് വേർതിരിക്കുന്നു. കടലാസും പോളിമർ ഫിൽട്ടറും പ്രത്യേകമായി പ്രോസസ് ചെയ്യും. അതിനുശേഷം ഇത് വാഷിങ്, ഡ്രൈയിങ് പ്രക്രിയയിലൂടെ കടന്നുപോകും. ശേഷം ഇവയെ ഉപയോഗയോഗ്യമായ മൃദുവായ കളിപ്പാട്ടങ്ങൾ, തലയണകൾ, കീ ചെയിനുകൾ, മെത്തകൾ എന്നിവയിലേക്ക് രൂപമാറ്റം വരുത്തും. ബട്ടുകളിൽനിന്ന് വീണ്ടെടുക്കുന്ന പേപ്പർ ഒരു പൾപ്പ് ആയി വികസിപ്പിച്ചെടുക്കും.
വെള്ളവും ഓർഗാനിക് ബൈൻഡറും ചേർക്കുന്നതോടെ അത് കൂടുതൽ ശക്തമാകും. ഈ പൾപ്പ് പിന്നീട് പേപ്പർ ഫോർമാറ്റിൽ ഇത് നിർമിക്കുന്ന വിദഗ്ധ തൊഴിലാളികൾക്ക് കൈമാറും. അതിനുശേഷം അത് വെയിലത്ത് ഉണക്കും. ഉണങ്ങിക്കഴിഞ്ഞാൽ, പ്രത്യേക ആകൃതി നൽകി പുതിയൊരു ഉൽപന്നമാക്കി മാറ്റും. കോഡ് ഇതുവരെ 250 ദശലക്ഷം സിഗരറ്റ് ബട്ടുകൾ പുനരുപയോഗിച്ചിട്ടുണ്ട്.'' നമൻ പറയുന്നു.
ബട്ടുകൾ കാര്യക്ഷമമായി കൈകാര്യം ചെയ്യുകയും പുനരുപയോഗിക്കുകയും ചെയ്യുന്നതോടെ പരിസ്ഥിതിയെ ബാധിക്കുന്ന പ്രശ്നങ്ങൾ ഒഴിവാകും. പുനരുപയോഗിക്കുേമ്പാൾ ഒരുതരത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാകുന്നുമില്ല. മാത്രമല്ല, നിരവധിപേർക്കാണ് ഇൗ സാമൂഹിക പ്രതിബദ്ധതയിലൂന്നിയ സ്റ്റാർട്ടപ്വഴി തൊഴിലവസരവും ലഭിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.