നൂറോളം രാജ്യങ്ങളുടെ നൂറ്റാണ്ടോളം പഴക്കമുള്ള നാണയങ്ങളുമായി നാരായണ സ്വാമി
text_fieldsകോഴിക്കോട്: നൂറോളം രാജ്യങ്ങളിലെ രണ്ടു നൂറ്റാണ്ടോളം പഴക്കമുള്ളവയടക്കം നിർത്തലാക്കിയതും നിലവിലുള്ളതുമായ നാണയങ്ങൾ... വിവിധ രാജ്യങ്ങളിലെ 5000ത്തോളം തപാൽ സ്റ്റാമ്പുകൾ... നാരായണ സ്വാമിയുടെ ശേഖരം കണ്ടാൽ ശരിക്കും ഞെട്ടും.
പ്രായം 85 കഴിഞ്ഞെങ്കിലും കോട്ടൂളി ‘രശ്മി’ വീട്ടിൽ സി.വി. നാരായണസ്വാമി ഇപ്പോഴും വിവിധ രാജ്യങ്ങളുടെ നാണയങ്ങൾക്കായി ഓൺലൈനിൽ ഓർഡർ നൽകി കാത്തിരിപ്പാണ്. 1999ൽ എൽ.ഐ.സിയിൽനിന്ന് ഹയർഗ്രേഡ് അസിസ്റ്റന്റായി വിരമിച്ച സ്വാമി പല നാണയവും ആയിരക്കണക്കിന് രൂപ മുടക്കിയാണ് സ്വന്തമാക്കിയത്.
സ്കൂൾ പഠനകാലത്ത് 1953ൽ തീപ്പെട്ടി പിക്ച്ചർ ശേഖരിച്ചായിരുന്നു തുടക്കം. അന്ന് ശേഖരിച്ച അഞ്ഞൂറോളം തീപ്പെട്ടി പിക്ച്ചറുകൾ ബുക്കിലൊട്ടിച്ച് ഏഴു പതിറ്റാണ്ടിനിപ്പുറവും ഇദ്ദേഹം സൂക്ഷിക്കുന്നു. അക്കാലത്ത് കേരളത്തിനകത്തും പുറത്തുമുള്ള തീപ്പെട്ടി കമ്പനികളിലേക്ക് അപേക്ഷയും പോസ്റ്റൽ കവറും അയച്ചുനൽകിയാണ് ഇവ ശേഖരിച്ചതെന്ന് നാരായണ സ്വാമി പറഞ്ഞു.
പിന്നീട് ഹൈസ്കൂളിലെത്തിയതോടെയാണ് സ്റ്റാമ്പ് കലക്ഷൻ തുടങ്ങിയത്. പിതാവ് വെങ്കിട്ടരാമന്റെ പക്കലുണ്ടായിരുന്ന നിരവധി സ്റ്റാമ്പുകൾ ആർക്കോ കൈമാറിയതോടെയാണ് മകന് സ്റ്റാമ്പിനോട് കൗതുകം വന്നത്. ഇപ്പോൾ ഇന്ത്യക്ക് പുറമേ, യു.എസ്.എ, റഷ്യ, കാനഡ, ഗൾഫ് രാജ്യങ്ങൾ തുടങ്ങിയവയുടെ അയിരക്കണക്കിന് സ്റ്റാമ്പുകളാണ് കൈവശമുള്ളത്.
ചരിത്ര പുരുഷന്മാർ, വനിതകൾ, സ്മാരകങ്ങൾ, ചരിത്രസ്ഥലങ്ങൾ, ചരിത്രസംഭവങ്ങൾ, പൂക്കൾ, വൃക്ഷങ്ങൾ, പക്ഷികൾ, മൃഗങ്ങൾ, വിവിധ തൊഴിലുകൾ എന്തിന് വിവിധ വിശറികൾ വരെയുള്ള തപാൽ സ്റ്റാമ്പുകൾ പ്രത്യേകം ഇനം തിരിച്ച് ബുക്കുകളിലൊട്ടിച്ചാണ് സൂക്ഷിച്ചത്. എൽ.ഐ.സിയിലേക്ക് വരുന്ന കത്തിടപാടുകളടക്കം സ്വാമിക്ക് സ്റ്റാമ്പ് ശേഖരത്തിനുള്ള വഴികളായിരുന്നു.
1835ൽ പുറത്തിറങ്ങിയ ഒരു കാശ്, 1943, 44, 45, 47 എന്നീ കാലങ്ങളിലെ ഓട്ടക്കാലണകൾ, 1942ലെ അര അണ മുതൽ 1954ലെ ഒരു രൂപയടക്കമുള്ളവയാണ് നാണയ ശേഖരത്തിലെ പഴയ ഇനങ്ങൾ. ഈസ്റ്റ് ഇന്ത്യ കമ്പനി പുറത്തിറക്കിയ പ്രമുഖരുടെ മുദ്രയുള്ള നാണയങ്ങളും ഇതിൽപെടും.
മാത്രമല്ല, റിസർവ് ബാങ്ക് പുറത്തിറക്കിയ വിപണിയിൽ സുലഭമല്ലാത്ത 50, 60, 75, 100, 150, 350, 400, 500, 550, 1000 രൂപയുടെ നാണയങ്ങളും ഇദ്ദേഹത്തിന്റെ പക്കലുണ്ട്. 2010ൽ തഞ്ചാവൂര്‍ ബ്രിഹദീശ്വര ക്ഷേത്രത്തിന്റെ 1000 വര്‍ഷാഘോഷങ്ങളുടെ ഭാഗമായാണ് 1000 രൂപ നാണയം പുറത്തിറക്കിയത്. ജവഹര്‍ലാല്‍ നെഹ്റു, സര്‍വേപ്പള്ളി രാധാകൃഷ്ണന് എന്നിവരുടെ ജന്മദിന സ്മരണക്കായിരുന്നു 125 രൂപ നാണയം വന്നത്.
2010, 2011, 2012, 2013 വര്‍ഷങ്ങളിൽ 150 രൂപ നാണയവും 2012, 2014 വര്‍ഷങ്ങളില്‍ 60 രൂപ നാണയവും 2010, 2011, 2012, 2013 വര്‍ഷങ്ങളിൽ 150 രൂപ നാണയവും 2010ൽ 75 രൂപ നാണയവും വന്നു. ഇവയെല്ലാം സ്വാമിയുടെ കൈകളിൽ ഭദ്രമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൻകീ ബാത്തിന്റെ നൂറാം എപ്പിസോഡിന്റെ ഭാഗമായി പുറത്തിറക്കിയ 100 രൂപ നാണയവും ശേഖരത്തിലുണ്ട്.
വിവിധ രാജ്യങ്ങളിലെ നാണയങ്ങൾ ഓൺലൈനായി വാങ്ങിയും സുഹൃത്തുകൾ വഴി സമാഹരിച്ചുമാണ് ശേഖരത്തിന്റെ ഭാഗമാക്കിയത്. ഇഷ്ടംകൊണ്ടാണ് നാണയത്തിന്റെയും സ്റ്റാമ്പിന്റെയുമെല്ലാം ശേഖരം തുടങ്ങിയതെന്നും ഇതുവരെ പ്രദർശനമൊന്നും സംഘടിപ്പിച്ചിട്ടില്ലെന്നും നാരായണ സ്വാമി പഞ്ഞു. ഭാര്യ വിശാലാക്ഷിയും മക്കളായ ബിന്ദു കുന്നത്ത്, രമ, രതി എന്നിവരും നാരായണ സ്വാമിക്ക് പിന്തുണയുമായി ഒപ്പമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.