ഗാന്ധിയുടെ സന്ദേശമാണ് നാരായണൻ നായരുടെ ജീവിതം
text_fieldsകാലടി: പ്രായം തളർത്താത്ത മനസ്സുമായി നാരായണൻ നായർ ജീവിതയാത്ര തുടരുന്നു. 98ാം വയസ്സിലും ഗാന്ധിയൻ ആദർശങ്ങൾ വിടാതെ പിന്തുടരുന്ന സ്വാതന്ത്രസമര സേനാനിയാണ് കാഞ്ഞൂർ പുതിയേടം വാരണാട്ട് വീട്ടിൽ നാരായണൻ നായർ. തറവാട് വീടിന് സമീപത്തെ അഞ്ച് സെന്‍റ് സ്ഥലം മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്കുള്ള സ്കൂൾ തുടങ്ങാൻ പഞ്ചായത്തിന് എഴുതിക്കൊടുത്തിരുന്നു. ഇതിൽ രണ്ട് സെന്‍റ് സ്ഥലത്ത് ചർക്കയിൽ നൂൽ നൂൽക്കുന്ന മഹാത്മാഗാന്ധിയുടെ പ്രതിമയാണ് സ്ഥാപിച്ചിരിക്കുന്നത്.
പ്രതിമയുടെ പിറകിൽ ഗാന്ധിജിയുടെ ചരിത്രങ്ങൾ ഉൾപ്പെട്ട 50 പുസ്തകങ്ങളുടെ പേരും വിലയും വിവരണങ്ങളും അടങ്ങിയ ബാനറും വെച്ചിട്ടുണ്ടുണ്ട്. പ്രഭാത നടത്തത്തിന് ശേഷം ദിവസവും പ്രതിമക്ക് മുന്നിൽ പുഷ്പാർച്ചന നടത്തുന്ന പതിവ് പ്രായം എറിയതോടെ പലപ്പോഴും തെറ്റിത്തുടങ്ങി. കോവിഡ് നിയന്ത്രണങ്ങൾ വരുന്നതിന് മുമ്പ് പുഷ്പാർച്ചനക്ക് ശേഷം ഒരുമണിക്കൂർ സ്കൂളിലെയും സമീപത്തെയും കുട്ടികൾക്ക് പ്രതിമക്ക് സമീപമിരുന്ന് സ്വതന്ത്ര്യസമര ചരിത്രം പകർന്ന് നൽകുന്ന പതിവുണ്ടായിരുന്നു.
കോവിഡുമായി ബന്ധപ്പെട്ട് ലോക്ഡൗൺ പ്രഖ്യാപിച്ചത് മുതൽ ഈ ദിനചര്യകൾക്ക് മാറ്റമുണ്ടായി. ഇപ്പോൾ വീട്ടുമുറ്റത്താണ് പതിവ് നടത്തം.2014ൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ് ദീപം ബഡ്സ് സ്കൂളിെൻറ ഉദ്ഘാടനം നിർവഹിച്ചത്. മാനസികമായി പിന്നാക്കം നിൽക്കുന്ന 50ഓളം കുട്ടികൾ ഈ സ്കൂളിൽ പഠിക്കുന്നുണ്ട്. ഇവരുടെയെല്ലാം അച്ചാച്ചനാണ് ഈ സ്വതന്ത്ര്യസമര സേനാനി. നാരായണൻ നായർ നേതൃത്വം നൽകിയാണ് വല്ലം റോഡിൽനിന്ന് ആറങ്കാവിലേക്ക് 1969ൽ റോഡ് നിർമിച്ചത്.
ഗാന്ധിജി തൊഴിലാളികളോട് സമരത്തിനിറങ്ങാൻ ചെയ്ത ആഹ്വാനമനുസരിച്ച് 1944ൽ അന്നത്തെ തിരുവിതാംകൂർ ദേശത്തായിരുന്ന മുടിക്കല്ലിലെ തീപ്പെട്ടി കമ്പനിയിൽ നടത്തിയ സമരത്തിന് നേതൃത്വം കൊടുത്ത അഞ്ചുപേരിൽ ഒരാൾ നാരായണൻ നായരായിരുന്നു. മുന്നൂറോളം തൊഴിലാളികളെ അണിനിരത്തിയായിരുന്നു സമരം. അറസ്റ്റ് വാറന്‍റ് വന്നതിനെ തുടർന്ന് കുറച്ചുകാലം ഒളിവിലും താമസിച്ചു.
13ാം വയസ്സിൽ ആലുവ റെയിൽവേ സ്റ്റേഷനിൽ വെച്ച് ഗാന്ധിജിയെ നേരിൽ കാണാനായതാണ് ആവേശം നിറച്ചതെന്ന് ഇദ്ദേഹം പറയുന്നു. 1986ൽ നടന്ന മദ്യനിരോധന സമരവുമായി ബന്ധപ്പെട്ട് ജയിലിലും കിടന്നിട്ടുണ്ട്. 1983 മുതലാണ് സ്വാതന്ത്ര്യസമര പെൻഷൻ കിട്ടിത്തുടങ്ങിയത്. 1926ൽ ജനിച്ച നാരായണൻ നായരുടെ ഭാര്യ ദേവകിയമ്മയാണ്. മക്കൾ: നന്ദകുമാർ, പ്രസാദ്, ഗീത, രാധാകൃഷ്ണൻ, സുരേഷ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.