ചെറിയ വേഷങ്ങളിലെ വലിയ നടൻ; സിനിമയിൽ സജീവമാകാനൊരുങ്ങി നാസർ വളാഞ്ചേരി
text_fieldsകുവൈത്ത് സിറ്റി: ചെറിയ വേഷങ്ങളിലൂടെ സിനിമയിൽ ചുവടുറപ്പിക്കുകയാണ് പ്രവാസിയായ നാസർ വളാഞ്ചേരി. ഇതിനകം രണ്ടു സിനിമകളിൽ വേഷമിട്ട നാസറിന്റെ പുതിയ സിനിമ 'ജഗള' വൈകാതെ റിലീസാകും. ഫർവാനിയയിൽ കോഓപറേറ്റിവ് സൊസൈറ്റി മാനേജറായി ജോലിചെയ്യുന്ന നാസർ മിമിക്രിയിലൂടെയാണ് സിനിമാ രംഗത്തേക്ക് കടന്നത്. അതിന് നിമിത്തമായതു കുവൈത്തിലെ പ്രവാസ ജീവിതമാണ്.
ചെറുപ്പം മുതലേ ശബ്ദാനുകരണകലയിൽ മികവുപുലർത്തിയിരുന്നു നാസർ. പ്രവാസജീവിതത്തിലേക്ക് കടന്നതോടെ അവ അവസാനിച്ചെന്ന് തോന്നിയതാണ്. എന്നാൽ, കുവൈത്തിലെ സൗഹൃദ വലയം നാസറിനെ വീണ്ടും കലാരംഗത്തേക്ക് അടുപ്പിച്ചു. കുവൈത്തിലുണ്ടായിരുന്ന ജ്യേഷ്ഠപുത്രൻ സലാം വളാഞ്ചേരിയാണ് ഇതിന് പ്രോത്സാഹനം നൽകിയത്. അങ്ങനെ, മിമിക്രി കലാകാരന്മാരായ സുഭാഷ് മേനോൻ രാമനാട്ടുകര, റസൽ കോതമംഗലം, റഫീഖ് മടപ്പള്ളി, യാസിർ കരിങ്കല്ലത്താണി എന്നിവരുടെ സംഘത്തിൽ നാസറുമെത്തി.
വിവിധ വേദികളിൽ ഇവർ മിമിക്രി അവതരിപ്പിച്ചു. ഇതിനൊടുവിൽ മിമി ജോക്സ് കുവൈത്ത് എന്ന പേരിൽ ട്രൂപ്പിനും ഇവർ രൂപം നൽകി. 1999ലായിരുന്നു ഇത്. വർഷങ്ങളോളം മിമിക്രിയുമായി കുവൈത്തിലെ മലയാളികളെ ചിരിപ്പിച്ചു മിമി ജോക്സ്. ഇതിനിടെ ചില ടെലിഫിലിമുകളിലും നാസർ അഭിനയിച്ചു. സംഘടന പ്രവർത്തനങ്ങളിലും സജീവമായി. മലപ്പുറം ജില്ല അസോസിയേഷൻ പ്രധാന ഭാരവാഹിയും സംഘാടകനുമായി.
മിമിക്രി രംഗത്തെ അടുപ്പത്തിൽനിന്ന് സുഭാഷ് മേനോനാണ് നാസറിനെ സിനിമ രംഗത്തെത്തിച്ചത്. അങ്ങനെ ഈ വർഷം നാസർ അഭിനയിച്ച 'പ്രതി നിരപരാധിയാണോ' എന്ന ആദ്യ സിനിമ പുറത്തിറങ്ങി. ആഗസ്റ്റിൽ പുറത്തിയ 'നീപ്പ' സിനിമയിലും നാസർ ശ്രദ്ധേയമായ വേഷം ചെയ്തു.
വൈകാതെ പുറത്തിറങ്ങുന്ന 'ജഗള'യാണ് അടുത്ത സിനിമ. കാൽനൂറ്റാണ്ടായി കുവൈത്തിൽ പ്രവാസ ജീവിതം നയിക്കുന്ന നാസർ മലപ്പുറം ജില്ലയിലെ വളാഞ്ചേരി കാട്ടിപ്പരുത്തി സ്വദേശിയാണ്. ലീവെടുത്ത് നാട്ടിൽ പോകുമ്പോഴാണ് സിനിമാ അഭിനയം. കലാരംഗം ഇഷ്ടമേഖലയായതിനാൽ കൂടുതൽ അവസരങ്ങൾ കാത്തിരിക്കുകയാണ് നാസർ. പ്രവാസത്തിന്റെ ഊഷരതയിൽ നാസറിനത് അകം കുളിർപ്പിക്കുന്ന മഴയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.