ഉത്തരധ്രുവത്തിൽ മൂവർണമുയരും; നാടിന് അഭിമാനമായി അഹമ്മദ് ഷെരീഫ്
text_fieldsകൽപറ്റ: രാജ്യം സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികം ആഘോഷിക്കുമ്പോൾ അങ്ങ് ദൂരെ തണുത്തുറഞ്ഞ മഞ്ഞുപാളികൾക്ക് മുകളിൽ ത്രിവർണ പതാക ഉയർത്താൻ ഇത്തവണ ഒരു വയനാട്ടുകാരനുമുണ്ടാകും. നൂറ്റാണ്ടുകൾ പിന്നിട്ടിട്ടും ഗവേഷകർക്ക് കണ്ടെത്താനാകാത്ത ഒരുപാട് ശാസ്ത്ര രഹസ്യങ്ങൾ ഒളിഞ്ഞിരിക്കുന്ന, മനുഷ്യവാസം അസാധ്യമായ ഉത്തരധ്രുവത്തിലെത്തിയാണ് വയനാട് സ്വദേശി അഹമ്മദ് ഷെരീഫും തമിഴ്നാട് സ്വദേശി ഡോ. വെങ്കിടാചലവും രാജ്യത്തിന് അഭിമാനമാകുന്നത്.
മിനിസ്റ്ററി ഓഫ് എർത്ത് സയൻസിന് (എം.ഒ.ഇ.എസ്) കീഴിൽ ഗോവയിലും നാഷനൽ സെന്റർ ഫോർ പോളാർ ആൻഡ് ഓഷ്യൻ റിസർച്ചിൽ (എൻ.സി.പി.ഒ.ആർ) ധ്രുവ മേഖലകളിലെയും (ഉത്തര ധ്രുവം) കാലാവസ്ഥയെകുറിച്ച് ഗവേഷണം നടത്തുന്ന ശാസ്ത്രജ്ഞൻ ഡോ. നൻഷിയോ മുരുകേഷിനു കീഴിലെ ഗവേഷണ വിദ്യാർഥിയാണ് വയനാട് കൊളഗപ്പാറ സ്വദേശി എം.എസ്. അഹമ്മദ് ഷെരീഫ്. ഉത്തര ധ്രുവത്തിലെ അതിപ്രധാനമായ ദ്വീപ് സമൂഹമായ സ്വൽബാദിലെ (Svalbard) ഹിമാനികളിൽ (glacier) കാലാവസ്ഥ വ്യതിയാനം എന്തെല്ലാം മാറ്റങ്ങൾ സൃഷ്ടിക്കുന്നു എന്നതാണ് ഗവേഷണ വിഷയം. ആഗോള താപനത്തോടനുബന്ധിച്ചുള്ള കാലാവസ്ഥ മാറ്റങ്ങൾ ഏറ്റവുമാദ്യം പ്രകടമാകുന്നത് ധ്രുവ പ്രദേശങ്ങളിലാണെന്നതിനാൽ ഉത്തര ധ്രുവത്തിലെ ഗവേഷണ ഫലങ്ങൾക്ക് സാമൂഹിക മൂല്യമേറെയാണ്.
ഗോവയിലെ ഗവേഷണ സ്ഥാപനത്തിലെ തമിഴ്നാട് സ്വദേശിയായ ഡോ. വെങ്കടാചലത്തോടൊപ്പമാണ് ഷെരീഫ് ജൂലൈ 28ന് ഉത്തര ധ്രുവത്തിൽ തന്റെ സാന്നിധ്യമറിയിച്ചത്. ഒരു മാസത്തോളം നീണ്ടുനിൽക്കുന്ന കപ്പൽ യാത്ര വഴി ഉത്തര ധ്രുവത്തിൽ നിന്ന് ഗവേഷണത്തിന് ആവശ്യമായ അടിസ്ഥാന വിവരങ്ങൾ ശേഖരിക്കുക എന്ന ദൗത്യത്തിലാണ് അഹ്മദ് ഷെരീഫ്.
വയനാട് കൊളഗപ്പാറ കവല കാര്യമ്പാടി വീട്ടിൽ (എം.എസ് ഹൗസ്) എം.എസ്. സലീമിന്റെയും ഫൗജയുടെയും മകനാണ്. അൽ ഷഫ്നത്ത്, അൽ ഷിഫാന, മുഹമ്മദ് ഷാഫി എന്നിവർ ഷെരീഫിന്റെ സഹോദരങ്ങളാണ്. വയനാട് മുട്ടിൽ ഡബ്ല്യു.എം.ഒ ആർട്സ് ആൻഡ് സയൻസ് കോളജിൽ നിന്നും ഭൗതിക ശാസ്ത്രത്തിൽ ബിരുദം പൂർത്തിയാക്കി കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ നിന്നും ഓഷ്യാനോഗ്രഫിയിൽ ബിരുദാനന്തര ബിരുദം നേടിയ ഷെരീഫ് കേന്ദ്ര സർക്കാറിൽ നിന്നു ഗവേഷണ ഫെലോഷിപ് കരസ്ഥമാക്കിയാണ് ഗോവയിലെ ഗവേഷണ കേന്ദ്രത്തിലെത്തുന്നതും ദൗത്യത്തിൽ പങ്കാളിയാകുന്നതും.
അഹമ്മദ് ഷെരീഫും ഡോ. വെങ്കിടാചലവുമാണ് പര്യവേക്ഷണ സംഘത്തിലെ ഇന്ത്യൻ പ്രതിനിധികൾ. ഇരുവരും ഇന്ത്യയുടെ അഭിമാനമായി ഉത്തരധ്രുവത്തിൽ ദേശീയ പതാക ഉയർത്തും. മഞ്ഞുപാളികളെ വകഞ്ഞുമാറ്റി പോകുന്ന ആർ/വി ക്രോപ്രിൻസ് ഹാ കൊൻ എന്ന കപ്പലിലാണ് സംഘം ഉത്തരധ്രുവത്തിലെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.