ലോകകപ്പ് വേദിയിൽ വളന്റിയറായി കുമ്മനം സ്വദേശി
text_fieldsകോട്ടയം: ലോകകപ്പ് വേദിയിൽ വളന്റിയറായി കുമ്മനം സ്വദേശിയും. പേരേറ്റുതറ നിഷാദ് ഹസൻകുട്ടിയാണ് കുമ്മനത്തിന്റെ അഭിമാനവും ആവേശവുമായി ഖത്തറിലെ ലോകകപ്പ് വേദിയിലെത്തിയത്. പത്തുതലങ്ങളിലായി രണ്ടുവർഷം നീണ്ട സെലക്ഷൻ നടപടി ക്രമങ്ങൾക്കുശേഷമാണ് ലോകത്തിലെ പല രാജ്യങ്ങളിൽനിന്നുള്ള 20,000 പേരിലൊരാളായി നിഷാദ് തെരഞ്ഞെടുക്കപ്പെട്ടത്.
ചെറുപ്പംമുതലേ ഫുട്ബാളിനോടുള്ള ഇഷ്ടം നെഞ്ചേറ്റിയിരുന്നു നിഷാദ്. ആറാംക്ലാസുകാരനായ മകൻ ഫൈസാൻ അഹമദ് റൊണാൾഡോയുടെ വലിയ ആരാധകനാണ്. ഖത്തറിൽ ക്ലബിനുവേണ്ടി കളിക്കുന്നുണ്ട്. കോച്ചിങ്ങിനും പോകുന്നു. മകന്റെ ആഗ്രഹവും നിർബന്ധവുമാണ് നിഷാദിനെ വളന്റിയറാവാൻ പ്രേരിപ്പിച്ചത്.
പ്രീ മാച്ച് സെറിമണിയടക്കം ഒരുക്കങ്ങളാണ് ചുമതല. ടീമുകളുടെ പതാക പിടിച്ചുനിൽക്കുക, ട്രോഫി ഒരുക്കുക തുടങ്ങിയ ജോലികൾ. നിലവിൽ എട്ടു ഷിഫ്റ്റ് കഴിഞ്ഞു. ഫൈനൽ മത്സരം വരെ വളന്റിയറായുണ്ടാവും. 10 വർഷമായി ഖത്തറിലുള്ള നിഷാദ് എസ്.ബി.ഐയുടെ ഹോൾഡിങ് ഗ്രൂപ്പിൽ ഓപറേഷൻ മനേജരാണ്.
നേരത്തേ 11വർഷം ദുബൈയിലായിരുന്നു. ഭാര്യ ലിബിന, മറ്റു മക്കളായ ഫൈഹ ഫാത്തിമ, ഫിയാൻ അഹമ്മദ്, ഫഹ്റ ഫാത്തിമഎന്നിവരും കൂടെയുണ്ട്.
കാൽപന്തുകളിയുടെ രാജാക്കന്മാരെ നേരിട്ടുകാണാൻ അവസരം കിട്ടിയതിൽ തനിക്കും കുടുംബത്തിനും ഏറെ സന്തോഷമുണ്ടെന്ന് നിഷാദ് പറഞ്ഞു. നിരവധി മലയാളികൾ വളന്റിയറായുണ്ട്. ജീവിതത്തിൽ കിട്ടിയ വലിയ ഭാഗ്യം തന്നെയാണിതെന്നും നിഷാദ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.