ബഷീർ മാസ്റ്ററുടെ കലാമികവുമായി പുതിയ പാഠപുസ്തകങ്ങൾ
text_fieldsകോഴിക്കോട്: എലത്തൂർ സേതുസീതാറാം എ.എൽ.പി സ്കൂളിലെ വിദ്യാർഥികൾ ഭാഗ്യവാന്മാരും ഭാഗ്യവതികളുമാണ്. തങ്ങളുടെ സ്വന്തം മാഷ് വരച്ച പുസ്തകങ്ങളാണ് അവർ പഠിക്കുന്നത്. ഒന്നാം ക്ലാസിലെയും മൂന്നാം ക്ലാസിലെയും ഇംഗ്ലീഷ് പാഠപുസ്തകങ്ങളുടെ പുറംചട്ടയടക്കം അഞ്ച് പുസ്തകങ്ങളിൽ പ്രിയപ്പെട്ട അധ്യാപകനായ മുഹമ്മദ് ബഷീർ മാഷ് വരച്ച ചിത്രങ്ങളുടെ ഭംഗി ആസ്വദിക്കുകയാണ് വിദ്യാർഥികൾ.
ഒന്നിലെയും മൂന്നിലെയും ഇംഗ്ലീഷ് പാഠപുസ്തകത്തിലെ പുറംചട്ട അത്യാകർഷകമാണ്. പാഠഭാഗങ്ങളിലെ തന്നെ കഥാപാത്രങ്ങളാണ് ഒന്നാം ക്ലാസിലെ പുസ്തകത്തിന്റെ പുറംചട്ടയെങ്കിൽ വിദ്യയിലേക്ക് ഉയർന്നു പറക്കുന്ന കുട്ടികളുടെ ചിത്രമാണ് മൂന്നാം ക്ലാസിലേത്. തീർന്നില്ല, ഒന്നാം ക്ലാസിലെ സംസ്കൃതം പാഠപുസ്തകത്തിലും അഞ്ച്, ഏഴ് ഫിസിക്കൽ എജുക്കേഷൻ ടെക്സ്റ്റ് ബുക്കിലും ബഷീർ മാഷ് വരച്ച ചിത്രങ്ങളുണ്ട്.
എസ്.സി.ആർ.ടി, സമഗ്ര ശിക്ഷ അഭിയാൻ എന്നിവയുമായി സഹകരിച്ചു പ്രവർത്തിച്ചിരുന്നുവെങ്കിലും അവർ ഇതുവരെ വരച്ച ചിത്രങ്ങൾക്ക് ക്രെഡിറ്റ് നൽകിയിരുന്നില്ല.
ആർട്ടിസ്റ്റും ഗ്രാഫിക് ഡിസൈനറും ആനിമേറ്ററുമായ ബഷീർ മാഷ് ജില്ല എജുക്കേഷൻ ടെക്നോളജി കൺവീനറെന്ന നിലയിലും പ്രവർത്തിക്കുന്നുണ്ട്. നേരത്തേ ഒന്നാം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്ക് വേണ്ടിയുള്ള പഠനസഹായത്തിനായി ‘കാൻഡി കിഡ്’ എന്ന ആപ്പും മാഷ് നിർമിച്ചിട്ടുണ്ട്. അധ്യാപകർക്കുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പരിശീലനത്തിലും സജീവമാണ് ഈ അധ്യാപകൻ. കോഴിക്കോട് നരിക്കുനി മടവൂർമുക്ക് സ്വദേശിയാണ്. ഭാര്യ: ആസിയ. മക്കൾ: മെഹബിൻ, യാസീൻ, ഷെസിൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.