ഇനിയില്ല ഈ കൂട്ടുകെട്ട്!
text_fieldsമീനങ്ങാടി: കഴിഞ്ഞ 27 വർഷമായി സന്തത സഹചാരിയായി കൂടെയുണ്ടായിരുന്ന ട്രാക്ടർ ഇനി ഒപ്പമുണ്ടാവില്ലെന്ന വേദനയിലാണ് മീനങ്ങാടി പന്നിമുണ്ട സ്വദേശി പോൾസൺ. പതിനഞ്ചു വർഷം പഴക്കമുള്ള ഡീസൽ വാഹനങ്ങൾ ഒഴിവാക്കണമെന്ന കേന്ദ്രസർക്കാറിന്റെ നിയമമാണ് പോൾസണ്‍ തിരിച്ചടിയായത്. പഞ്ചായത്തിന്റെ മാലിന്യ പരിപാലനത്തിനായി 27 വർഷം മുമ്പാണ് ഡ്രൈവർ പോൾസൺ പാലക്കാട് നിന്ന് മീനങ്ങാടിയിലേക്ക് ട്രാക്ടർ കൊണ്ടുവന്നത്.
അന്നുമുതൽ കുടുംബത്തിലെ ഒരംഗത്തെ പോലെയാണ് വാഹനത്തെ പരിചരിച്ചത്. ട്രാക്ടറിനെ പുതുമോടി നഷ്ടമാവാതെയും പ്രവർത്തനക്ഷമത ചോരാതെയും പോൾസൺ സംരക്ഷിച്ചു. എന്നാൽ, നിയമം വില്ലനായതോടെ ഇഷ്ട വാഹനത്തെ കൈവിടേണ്ട അവസ്ഥയിലായി പോൾസൺ. പതിനഞ്ചു വർഷം പഴക്കമുള്ള ഡീസൽ വാഹനങ്ങൾ നിരത്തിലിറക്കരുതെന്ന കേന്ദ്ര സർക്കാറിന്റെ നിർദേശത്തിന്റെ ഭാഗമായി ഈ മാസം 26ന് ട്രാക്ടർ സേവനം അവസാനിപ്പിക്കും.
നാലു നാൾ നാലു പുറം പദ്ധതിയുടെ ഭാഗമായി നടപ്പാക്കിയ ഹരിതം സുന്ദരം ശുചീകരണ യജ്ഞത്തിൽ വീട് വീടാന്തരം മാലിന്യങ്ങൾ ശേഖരിച്ച് ഗ്രാമപഞ്ചായത്ത് നടത്തിയ പ്രവർത്തനങ്ങൾ, കോവിഡ് കാലത്തെ മികച്ച പ്രവർത്തനങ്ങൾ, ദിവസവും ടൗൺ ശുചീകരണ പ്രവർത്തനങ്ങൾ എന്നിവയിലെല്ലാം ഈ വാഹനം ഉപയോഗിച്ചിരുന്നു. പുതിയ വാഹനങ്ങളെ വെല്ലുന്ന വൃത്തിയും കാര്യക്ഷമതയുമുള്ള ട്രാക്ടറിന് നിലവിലെ നിയമപ്രകാരം നിരത്തിലോടാൻ കഴിയില്ലെന്നതാണ് പോൾസണോടൊപ്പം മീനങ്ങാടിക്കാരെയും സങ്കടത്തിലാക്കുന്നത്.
26ന് വീരോചിതമായ യാത്രയയപ്പ് നൽകാനാണ് തീരുമാനം. തുടർ നടപടി വരുന്നതുവരെ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിന് സമീപമുള്ള പാർക്കിങ് ഏരിയയിൽ തൽക്കാലം വെയിലും മഴയും കൊള്ളാതെ സുരക്ഷിതമായി സംരക്ഷിക്കുമെന്ന് പോൾസൺ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.