അതിശയിക്കേണ്ട, വരച്ചതു തന്നെ
text_fieldsഒറ്റനോട്ടത്തിൽ ആരും ഒന്ന് അതിശയിക്കും, ഇത്ര വ്യക്തമായി സ്ഥാനാർഥിയുടെ ചിത്രം എങ്ങനെ ചുവരുകളിൽ വരച്ചു. വരച്ചതുതന്നെ ആയിരിക്കുമോ അതോ ഫോട്ടോയെടുത്ത് പതിച്ചതോ? അങ്ങനെയെങ്കിൽ എന്തെങ്കിലും കൃത്രിമത്വം തോന്നേണ്ടതല്ലേ -ചുവരുകളിലെ സ്ഥാനാർഥികളുടെ മുഖചിത്രം കാണുന്ന വോട്ടർമാർക്ക് ഇങ്ങനെ നീളുന്നു സംശയങ്ങൾ. മനോഹരമായ ഈ ചുവരെഴുത്തിന് പിന്നിൽ ഒരു അച്ഛെൻറയും മകെൻറയും നവീന ആശയത്തിെൻറ കഥയുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പുകാലം മുതൽ ട്രെൻഡായി മാറിയ മതിലുകളിലെ ഈ തെളിമയുള്ള ചിത്രങ്ങൾ ഒരുക്കുന്ന ആലുവ സ്വദേശി ബേബി പീറ്ററും മകൻ രാഹുൽ തോമസും ഇത്തവണയും തിരക്കിലാണ്. കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള ഓട്ടപ്രദക്ഷിണത്തിലാണ് അവർ.
25 വർഷമായി ചുവരെഴുത്തുരംഗത്ത് സജീവമാണ് ബേബി. പേരും ചിഹ്നവും എഴുതുന്നതിൽ മാത്രം ഒതുങ്ങിയിരുന്ന തെരഞ്ഞെടുപ്പ് ചുവരെഴുത്തുകൾക്ക് സ്ഥാനാർഥിയുടെ ചിത്രംകൂടി നൽകി പുതുമ നൽകണമെന്ന ആശയം മകനോട് ബേബിയാണ് പങ്കുവെച്ചത്. ഗ്രാഫിക്സ് ഡിസൈനറായ മകൻ രാഹുൽ സ്ഥാനാർഥിയുടെ ചിത്രവും ചിഹ്നവും വരച്ച് ഫ്ലക്സ് പ്രിൻറിങ്ങിലൂടെ ചുവരിൽ പതിപ്പിക്കാവുന്ന രീതിയിൽ സംവിധാനം വികസിപ്പിച്ചു. പാലക്കാട്, കാസർകോട്, തിരുവനന്തപുരം എന്നിവിടങ്ങളിൽ ഇവരുടെ ആദ്യ ചിത്രങ്ങൾ എത്തിയതോടെ ജനശ്രദ്ധയാകർഷിച്ചു. ഇപ്പോൾ നിന്ന് തിരിയാൻ സമയമില്ലാതെ ഡിസൈൻ ജോലിയിലാണ് രാഹുൽ, ചിത്രങ്ങൾ ചുവരിൽ പതിപ്പിച്ച് ബേബിയും. 300 ഓളം മതിലുകളിൽ ഇതിനകം വരച്ചുകഴിഞ്ഞു.
ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട സുഹൃത്ത് കോട്ടപ്പുറം സ്വദേശി രാജേഷും ഇപ്പോൾ രാഹുലിനെ സഹായിക്കുന്നുണ്ട്. ചുവരിലെ ചിത്രങ്ങൾക്ക് പുറമെ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കാനുള്ള പോസ്റ്ററുകൾ രൂപകൽപന ചെയ്യുന്നതിനും രാഹുലിനെ തേടി വിളികളെത്തി. ഇതോടെ സുഹൃത്തുക്കളായ ഏതാനും പേരെയും ഒപ്പം കൂട്ടി വിപുലമായ പ്രവർത്തനങ്ങൾക്കാണ് തുടക്കമിട്ടത്. രാഹുലിെൻറയും ബേബിയുടെയും മൊബൈലിലേക്ക് ഇടതടവില്ലാതെ രാഷ്ട്രീയക്കാരുടെയും സ്ഥാനാർഥികളുടെയും കാളുകൾ എത്തിക്കൊണ്ടിരിക്കുകയാണ് ഇപ്പോൾ. തെരഞ്ഞെടുപ്പിൽ മാത്രമല്ല, സിനിമ-സാംസ്കാരിക രംഗങ്ങളിലും ഇവരുെട ചിത്രങ്ങൾ തേടി ആവശ്യക്കാർ എത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.